ശനിയാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലേക്ക്
കൽപ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗസ്റ്റ് 10 ശനിയാഴ്ച ഉരുൾപൊട്ടൽ നടന്ന വയനാട് ദുരന്ത മേഖല സന്ദർശിക്കുമെന്ന് സൂചന. ദില്ലിയിൽ നിന്നും പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് എത്തുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. ദുരന്തത്തെക്കുറിച്ച് അറിഞ്ഞ സമയം മുതൽ കേരളത്തിന് മോദി എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്‌തിരുന്നു. ദുരിതബാധിതർ താമസിക്കുന്ന ക്യാംപുകളും അദ്ദേഹം സന്ദർശിക്കുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ പ്രധാനമന്ത്രിയുടെ സന്ദർശന കാര്യം ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. വയനാട്ടിലെ പുനരധിവാസവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ വളരെ പ്രതീക്ഷയോടെയാണ് ദുരിതബാധിതരും സർക്കാരും നോക്കിക്കാണുന്നത്.
Leave a Reply