September 21, 2026

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍: ദുരിതബാധിതര്‍ക്ക് സമഗ്ര പുനരധിവാസ പാക്കേജ് ഉറപ്പ് വരുത്തണം – ടി.സിദ്ധിഖ് എം.എല്‍.എ

0
Img 20240810 195739icsctlc
By ന്യൂസ് വയനാട് ബ്യൂറോ

 

 

കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കേണ്ടതായ ഏറ്റവും ഗൗരവതരമായ പ്രകൃതി ദുരന്തമാണ് ജില്ലയില്‍ സംഭവിച്ചിട്ടുള്ളത്. സമ്പൂര്‍ണ്ണമായ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക പാക്കേജ് ഉണ്ടാവണമെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖ് ബഹു.ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

400-ലധികം ആളുകള്‍ മരിക്കുകയും, നിരവധിയാളുകളെ കാണാതാവുകയും, 500-ലധികം വീടുകള്‍ നഷ്ടപ്പെടുകയും, നൂറുകണക്കിന് ഹെക്ടര്‍ കൃഷിഭൂമി നശിക്കുകയും, നിരവധി വാണിജ്യ സ്ഥാപനങ്ങളും, കടകളും നശിപ്പിക്കപ്പെടുകയും, നൂറുകണക്കിന് സ്ത്രീകള്‍ക്കും പുരുഷ•ാര്‍ക്കും അവരുടെ ജീവനോപാധി എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുകയാണ്. ചൂരല്‍മല ടൗണിലെ ക്ഷേത്രം, മുണ്ടക്കൈ യുപി സ്‌കൂള്‍, വെള്ളാര്‍മല ജിവിഎച്ച്എസ്എസ് എന്നിവയുടെ കെട്ടിടങ്ങളും, മുണ്ടക്കൈ പാലം തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. ദുരന്തത്തിന്റെ വലുതും വ്യത്യസ്തവുമായ തലങ്ങളില്‍ ഒന്നാണിത്. പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിലെ ഗുരുതരമായ വീഴ്ച കൂടിയാണിത്. ഈ ദുരന്തത്തെ വലിയൊരു ദുരന്തമാക്കാനും, മരണസംഖ്യ വര്‍ധിക്കാനും കാരണമായത്.

 

കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് വയനാട്ടിലെ ജനങ്ങള്‍ക്ക് മതിയായതും നേരത്തെയുള്ളതുമായ മുന്നറിയിപ്പ് നല്‍കുന്നതിന് ഫലപ്രദവും ആധികാരികവുമായ സംവിധാനങ്ങള്‍ നടപ്പിലാക്കുകയും വേണം. വയനാട് ദുരന്തസാധ്യതയുള്ള മേഖലയായി മാറുന്ന സാഹചര്യത്തില്‍ കേന്ദ്ര സേനയുടെ സ്ഥിരം സാന്നിധ്യവും സമ്പൂര്‍ണ എന്‍ഡിആര്‍എഫ് യൂണിറ്റും വയനാട്ടില്‍ ഉണ്ടാകേണ്ടതും ജില്ലയുടെ അടിസ്ഥാന ആവശ്യമായി മാറിയിരിക്കുന്നു.

പ്രകൃതിക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ ഇരകള്‍ക്ക് മതിയായ വൈദ്യചികിത്സ ലഭ്യമാക്കാന്‍ ബുദ്ധിമുട്ടാണ്, ഇത് അപകടകാരണങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു. അതിനാല്‍ വയനാട്ടില്‍ ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളെണമെന്നും എം.എല്‍.എ പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

 

ഉരുള്‍പൊട്ടല്‍ വയനാടിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നൂറുകണക്കിന് പുരുഷ•ാര്‍, സ്ത്രീകള്‍, കുട്ടികള്‍ തൊഴിലില്ലാത്തവരും, ഭക്ഷണമില്ലാത്തവരും ഭവനരഹിതരുമായി മാറിയിരിക്കുന്നു. സമഗ്രമായ ഒരു പുനരധിവാസ പാക്കേജ് നടപ്പിലാക്കണം. ഇത് കേവലം ഒരു കെട്ടിട നിര്‍മ്മാണം മാത്രമായിരിക്കരുത്, മറിച്ച് ഇരകളുടെ മാനസികവും ശാരീരികവും സാമ്പത്തികവുമായ മേഖലകളിലെ മൊത്തത്തിലുള്ള വികസനത്തിനുള്ള പദ്ധതികള്‍ ഉള്‍പ്പെടുത്തിയും, സമയബന്ധിതമായി നടപ്പാക്കുകയും, ദുരിതബാധിതര്‍ക്ക് താമസസൗകര്യത്തിനും സ്‌കൂള്‍-കോളേജില്‍ പോകുന്ന കുട്ടികളുടെ പഠനം തുടരുന്നതിനും വാഹനഗതാഗതം ഉള്‍പ്പെടെയുള്ള താല്‍ക്കാലിക സൗകര്യങ്ങള്‍ അടിയന്തരമായി ഒരുക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

 

പുനരധിവാസ പദ്ധതിയുടെ സുഗമവും ഫലപ്രദവുമായ നടത്തിപ്പിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കള്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവരാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈയെടുക്കണം.

 

ഇരകളുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര സഹായമായി പ്രഖ്യാപിച്ച 2 ലക്ഷം 10 ലക്ഷം രൂപയായി ഉയര്‍ത്തണം. കൂടാതെ, കാര്‍ഷിക വായ്പകള്‍, ഭവനവായ്പകള്‍, വാഹന വായ്പകള്‍, വിദ്യാഭ്യാസ വായ്പകള്‍, ബിസിനസ് ലോണുകള്‍, രോഗബാധിതരുടെയും അതിജീവിച്ചവരുടെയും വ്യക്തിഗത വായ്പകള്‍ തുടങ്ങി എല്ലാ വായ്പകളും എഴുതിത്തള്ളുകയും, സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നെടുത്ത വായ്പകളും എഴുതിത്തള്ളാന്‍ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കണം.

 

മറ്റ് സംസ്ഥാനങ്ങളിലും, വിദേശത്തും പഠിക്കുകയും, ജോലി ചെയ്യുകയും ചെയ്യുന്നവര്‍ക്ക് ജോലിയും പഠനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും, പാസ്‌പോര്‍ട്ടും, നഷ്ടപ്പെട്ടതായിരിക്കുന്ന എല്ലാ സര്‍ട്ടിഫിക്കറ്റുകളും രേഖകളും ദുരിതബാധിതര്‍ക്ക് ലഭ്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക ഇടപെടല്‍ ഉണ്ടാകണം.

ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ ബിസിനസ് നടത്തിയതായ ആളുകള്‍ ടാക്‌സി ഓട്ടോ ഡ്രൈവര്‍മാര്‍, അവിടത്തെ കയറ്റിറക്ക് തൊഴിലാളികള്‍, സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന വ്യക്തികള്‍, ടൂറിസം മേഖലയില്‍ പ്രവര്‍ത്തിച്ചവര്‍, കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിച്ചവര്‍, ആശ വര്‍ക്കര്‍മാര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, പ്രീ പ്രൈമറി അധ്യാപകര്‍ തുടങ്ങി നിരവധി ആളുകള്‍ ഉണ്ട.് അവരുടെ ജീവനോപാദി സമ്പൂര്‍ണ്ണമായി നഷ്ടപ്പെട്ടിരിക്കുകയാണ്. ആകെയുള്ള ജോലിയാണ് ഇവരുടേത്. ഇത് നഷ്ടപ്പെടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.

 

എസ്റ്റേറ്റ് ലയങ്ങളില്‍ നിരവധി പാവപ്പെട്ട എസ്റ്റേറ്റ് തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. അവരാണ് ഈ ദുരന്തത്തിന്റെ ഏറ്റവും കൂടുതല്‍ ഇരയായവര്‍. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഓടുന്ന മനുഷ്യര്‍ ആജീവനാന്ത സമ്പാദ്യത്തോടൊപ്പം അവര്‍ക്ക് അഭയകേന്ദ്രങ്ങളും നഷ്ടപ്പെട്ടു. അവരില്‍ പലരും മരിച്ചു, അതിജീവിച്ചവര്‍ വളരെ ദയനീയമായ അവസ്ഥയിലാണ്. ഇത്തരക്കാരുടെ പ്രശ്നങ്ങള്‍ ഫലപ്രദവും, മാനുഷിക അടിസ്ഥാനത്തിലും പരിഹരിക്കേണ്ടതുണ്ട്.

 

ഈ ദുരന്തത്തിന്റെയും, മുന്‍വര്‍ഷങ്ങളിലെയും ദുരന്തത്തിന്റെ സാഹചര്യത്തില്‍ ഇതൊരു ദുരന്ത സാധ്യതയുള്ള പ്രദേശമാണെന്നും ദുരന്തം ഇടയ്ക്കിടെ ആവര്‍ത്തിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്നും ഉറപ്പായതിനാല്‍ ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന എല്ലാ കുടുംബങ്ങളെയും മറ്റ് സൗകര്യപ്രദമായ സ്ഥലങ്ങളിലേക്ക് മാറ്റി താമസിപ്പിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധ നല്‍കണമെന്നും എം.എല്‍.എ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *