മലയാളിയുടെ ഒരുമയും കരുതലും വിസ്മയാവഹം: പദയാത്രികന്‍ ജയപ്രകാശ് ഷെട്ടി
കല്‍പ്പറ്റ: ദുരന്തമുഖത്ത് കേരളം കാട്ടുന്ന ഒരുമയും കരുതലും അച്ചടക്കവും വിസ്മയാവഹമാണെന്ന് പദയാത്രികന്‍ ജയപ്രകാശ് ഷെട്ടി. പ്രസ്‌ക്ലബില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാവേരി-കന്യാകുമാരി പദയാത്രയുടെ ഭാഗമായി ജയപ്രകാശ് ഷെട്ടി കല്‍പ്പറ്റയില്‍ എത്തിയ ദിവസം രാത്രിയിലായിരുന്നു പുഞ്ചിരമട്ടം ഉരുള്‍പൊട്ടല്‍. ഇതേക്കുറിച്ചറിഞ്ഞ് പദയാത്ര നിര്‍ത്തിവച്ച് ജൂലൈ 30ന് രാവിലെ ദുരന്തമുഖത്ത് എത്തിയ അദ്ദേഹം കണ്ടും അനുഭവിച്ചും അറിഞ്ഞ കാര്യങ്ങളാണ് മാധ്യമപ്രവര്‍ത്തകരുമായി പങ്കുവച്ചത്. സേവനത്തിനെത്തിയ ഒരു സന്നദ്ധ പ്രസ്ഥാനത്തിന്റെയും ഭാഗമല്ലാതിരുന്നിട്ടും തന്നാല്‍ കഴിയുന്ന സേവനം ദിവസങ്ങളോളം ദുരന്തബാധിതര്‍ക്ക് അദ്ദേഹം നല്‍കി. നിര്‍ബന്ധിക്കേണ്ട സാഹചര്യം സൈന്യത്തിനും പോലീസിനും മുന്നില്‍ സൃഷ്ടിക്കാത്തവിധം അച്ചടക്കത്തോടെയാണ് 50ല്‍പരം സന്നദ്ധ സംഘടനകള്‍ ദുരന്തമുഖത്ത് പ്രവര്‍ത്തിച്ചതെന്ന് ജയപ്രകാശ് ഷെട്ടി സാക്ഷ്യപ്പെടുത്തുന്നു.
മഹാരാഷ്ട്രയിലെ മുംബൈയിലാണ് ജയപ്രകാശ് ഷെട്ടി ജനിച്ചതും വളര്‍ന്നതും. കര്‍ണാടകയിലെ മംഗളൂരുവിലാണ് കുടുംബവേരുകള്‍. ദേശീയോദ്ഗ്രഥന, സമാധാന സന്ദേശ പ്രചരണത്തിന് മുന്‍പ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹം പദയാത്ര നടത്തിയിട്ടുണ്ട്. കാവേരി-കന്യാകുമാരി പദയാത്ര ജൂലൈ 20ന് കുടകിലെ സോമവാര്‍പേട്ട് ഗൗഡള്ളി ബിജിഎസ് സ്‌കൂള്‍ പരിസരത്ത് മുന്‍ കേന്ദ്ര മന്ത്രി ഓസ്‌കര്‍ ഫെര്‍ണാണ്ടസിന്റെ ഭാര്യ ബ്ലോസം ഓസ്‌കര്‍ ഫെര്‍ണാണ്ടസും ഹെഡ്മിസ്ട്രസ് രത്‌ന ദേവഗൗഡയും ചേര്‍ന്നാണ് ഫഌഗ് ഓഫ് ചെയ്തത്. 190 കിലോമീറ്റര്‍ പിന്നിട്ട് മാനന്തവാടി വഴിയാണ് ജയപ്രകാശ് ഷെട്ടി കല്‍പ്പറ്റയില്‍ എത്തിയത്. അടുത്ത ദിവസം മുംബൈയ്ക്കു മടങ്ങാനും രണ്ടു മാസത്തിനുശേഷം പദയാത്ര കല്‍പ്പറ്റയില്‍ പുനരാരംഭിക്കാനുമാണ് അദ്ദേഹത്തിന്റെ തീരുമാനം.
നെഞ്ച് പിളര്‍ക്കുന്നതായിരുന്നു ചൂരല്‍മലയിലെ കാഴ്ചകളെന്ന് ജയപ്രകാശ് ഷെട്ടി പറഞ്ഞു. ദുരന്തബാധിതരുടെ പുനരധിവാസം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളില്‍നിന്നു ജനങ്ങളെ ഒഴിപ്പിക്കണമെന്നും ഇക്കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും പ്രാദേശിക ഭരണകൂടവും യോജിച്ചു പ്രവര്‍ത്തിക്കണമെന്നും ജയപ്രകാശ് ഷെട്ടി നിര്‍ദേശിച്ചു.
Leave a Reply