September 8, 2024

പകലെന്നില്ല, രാത്രിയെന്നില്ല; മുഴുവന്‍ സമയവും ദുരന്തമുഖത്ത് കാവലായും കരുതലായും പോലീസ്

0
Img 20240813 193227

 

 

കല്‍പ്പറ്റ: രാപ്പകല്‍ ഭേദമന്യേ മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിത പ്രദേശങ്ങളില്‍ കാവലായും കരുതലായും പോലീസ്. ദുരന്തം നടന്ന് തുടര്‍ച്ചയായ 15-ാം ദിവസവും പോലീസ് സേവന രംഗത്തുണ്ട്. ഉരുള്‍പൊട്ടല്‍ അറിഞ്ഞപ്പോള്‍ തന്നെ ആദ്യം ഓടിയെത്തിയത് മേപ്പാടി പോലീസാണ്. തൊട്ടുപിന്നാലെ ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ ഐ.പി.എസും സംഘവും സ്ഥലത്തെത്തി. ദുരന്തത്തിന്റെ വ്യാപ്തി കണ്ട് പകച്ചു നില്‍ക്കാതെ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നാട്ടുകാരും സന്നദ്ധ സംഘടനകളോടൊപ്പം ചേർന്ന് രക്ഷാപ്രവര്‍ത്തനത്തിലേർപ്പെട്ടു. രക്ഷാപ്രവര്‍ത്തനം നടത്തിവരുമ്പോഴാണ് രണ്ടാമത്തെ ഉരുള്‍പൊട്ടല്‍ നടക്കുന്നത്. ഉഗ്ര ശബ്ദത്തോടെ ജലവും മണ്ണും പാറക്കല്ലുകളും കുതിച്ചെത്തിയതിന് ശേഷവും സ്ഥലത്ത് ദൗത്യം തുടര്‍ന്നു. കേരള പോലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചു. ദുരന്ത മുഖത്ത് ആദ്യ മങ്കി റോപ്പ് ഓപ്പറേഷന്‍ നടത്തി മുണ്ടക്കൈ ഭാഗത്ത് കുടുങ്ങികിടന്നവരെ രക്ഷപ്പെടുത്തിയത് എസ്.ഒ.ജിയാണ്. കൈക്കുഞ്ഞുങ്ങളെ നെഞ്ചോടുചേര്‍ത്തും തോളത്തിരുത്തിയും പുഴയും കുന്നും കടന്നുവന്ന സ്ത്രീകളെയും മുതിര്‍ന്നവരെയും സുരക്ഷിതസ്ഥാനങ്ങളിലേയ്ക്കവര്‍ എത്തിച്ചു. പ്രതികൂല കാലാവസ്ഥയിൽ രാത്രിയെന്നോ പകലെന്നോ കണക്കിലെടുക്കാതെ രക്ഷാപ്രവര്‍ത്തനത്തില്‍ ഇവര്‍ മുന്നിട്ട് നിന്നു. ചൂരല്‍മല പാലം തകര്‍ന്ന് തീര്‍ത്തും ഒറ്റപ്പെട്ട മുണ്ടക്കൈയിലേക്ക് കടക്കാന്‍ ആദ്യം പാലം നിര്‍മിച്ചതും എസ്.ഒ.ജി ആണ്. ആ പാലമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് മറ്റുള്ളവരെ രക്ഷിക്കാന്‍ മുണ്ടക്കൈ ഭാഗങ്ങളിലേക്ക് എത്തിപ്പെടാന്‍ സഹായകമായതും.

സൈന്യമടക്കമുള്ള ഫോഴ്സിന് മികച്ച രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുവാനുളള സാഹചര്യം ഒരുക്കികൊടുത്തു. ദുരന്ത ബാധിത മേഖലകളിലും, മേപ്പാടി, കല്‍പ്പറ്റ ഭാഗങ്ങളിലും കൂടുതല്‍ പോലീസിനെ വിന്യസിച്ചു. അനാവശ്യ യാത്രകള്‍ തടഞ്ഞു. ആംബുലന്‍സുകളും മറ്റു അവശ്യ സര്‍വീസുകളെയും അതിവേഗം കടത്തിവിട്ടു. ദുരന്ത മേഖലയില്‍ തിരച്ചില്‍, തിരച്ചിലിന് മേല്‍നോട്ടം വഹിക്കല്‍, ട്രാഫിക് നിയന്ത്രണം, വെഹിക്കിള്‍ പട്രോളിങ്, ഫൂട്ട് പട്രോളിങ്, മരണപ്പെട്ടവരുടെ ഇന്‍ക്വസ്റ്റ് നടപടിക്രമങ്ങള്‍, ബോഡി എസ്‌കോര്‍ട്ട്, ഡാറ്റ ശേഖരണം, ദുരന്ത പ്രദേശത്ത് കളവ് നടക്കുന്നതുമായി ബന്ധപ്പെട്ടുള്ള രഹസ്യ നിരീക്ഷണം, കാണാതായവരെ കണ്ടെത്തുന്നതിനായുള്ള വിദഗ്ദ അന്വേഷണം, ദുരിതാശ്വാസ ക്യാമ്പുകളിലെ സുരക്ഷ തുടങ്ങിയ ഡ്യൂട്ടികളാണ് പോലീസ് നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി മേപ്പാടിയിലും ചൂരല്‍മലയിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ കണ്ട്രോള്‍ റൂമുകളുണ്ട്.

 

ദുരന്ത ഭൂമിയിൽ നിന്നെത്തിക്കുന്ന മൃതദേഹങ്ങൾ വിട്ടുകിട്ടുന്നതിനായി ഹൃദയം നുറുങ്ങുന്ന വേദനയോടെ കാത്തിരിക്കുന്നവർക്ക് പോസ്റ്റുമോർട്ടത്തിനു മുന്നോടിയായുള്ള ഇൻക്വസ്റ്റ് നടപടികൾ അതിവേഗത്തിലാക്കി എത്രയും വേഗം ബന്ധുക്കൾക്ക് വിട്ടുനൽകുന്നതിനായി പ്രത്യേക പോലീസ് സംഘം 24 മണിക്കൂറും സജീവമായിരുന്നു. ഉരുൾപൊട്ടലിൽ ഉറ്റവരെയും വീടും നഷ്‌ടപ്പെട്ടവർക്ക് മാനസിക പിന്തുണയുമായി ജില്ലാ പോലീസിന് കീഴിലെ ഡി.സി.ആർ.സി പദ്ധതിയിലെ കൗൺസിലർമാരുമുണ്ട്.ദുരന്തപ്രദേശങ്ങളിൽ മണ്ണിനടിയിലെ മനുഷ്യ സാന്നിദ്ധ്യം കണ്ടെത്താൻ പോലീസിന്റെ കെ 9 സ്‌ക്വാഡിന് കീഴിലെ കഡാവർ, റെസ്ക്യൂ നായകളും, കൂടാതെ തിരച്ചിലിനും നിരീക്ഷണത്തിനുമായി അത്യാധുനിക ഡ്രോണുകളും ഏർപ്പെടുത്തിയിരുന്നു. ദൗത്യത്തിലുടനീളം ഇൻക്വസ്റ്റ് നടപടികൾ പകർത്തി പോലീസ് ഫോട്ടോഗ്രാഫി യൂണിറ്റും രംഗത്തുണ്ടായിരുന്നു.

 

ക്രമസമാധാന പാലന ചുമതലയുള്ള എം.ആര്‍ അജിത്കുമാര്‍ (അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്) അവര്‍കളുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങളുടെ ഏകോപനം. കെ. സേതുരാമന്‍ (ഉത്തരമേഖല ഇന്‍സ്പെക്ടര്‍ ജനറല്‍), തോംസണ്‍ ജോസ് (ഡി.ഐ. ജി കണ്ണൂര്‍ മേഖല ). ടി നാരായണന്‍ (ജില്ലാ പോലീസ് മേധാവി), തപോഷ് ബസുമതാരി (എസ്. പി, സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്), അരുൺ കെ പവിത്രൻ (കമാണ്ടന്റ്, കെ എ പി നാലാം ബറ്റാലിയൻ )തുടങ്ങിയവരും പോലീസ് ദൗത്യങ്ങളെ ഏകോപിപ്പിച്ചു. 24 മണിക്കൂറും മേഖലകളില്‍ പോലീസിന്റെ നേതൃത്വത്തില്‍ സുരക്ഷ ഉറപ്പ് വരുത്തുന്നുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *