വയനാട് ഉരുള്‍പൊട്ടല്‍; മരണ രജിസ്ട്രേഷന്‍ മേപ്പാടി ഗ്രാമപഞ്ചായത്തില്‍ മാത്രം
കൽപ്പറ്റ : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ രജിസ്‌ട്രേഷന്‍ മേപ്പാടി ഗ്രാമപഞ്ചായത്തില്‍ മാത്രമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ചിഫ് രജിസ്‌ട്രോര്‍ അറിയിച്ചു. ദുരന്തസ്ഥലത്തുവച്ച് തന്നെ മരണം സംഭവിച്ചിട്ടുണ്ടാകാം എന്ന നിഗമനത്തിലാണിത്. മൃതദേഹങ്ങള്‍ മറ്റ് രജിസ്ട്രേഷന്‍ യൂണിറ്റ് പരിധികളില്‍ നിന്നും ലഭിക്കുകയാണെങ്കില്‍ അതത് സ്ഥലങ്ങളിലെ ഇന്‍ക്വസ്റ്റിങ് ഓഫീസര്‍മാര്‍ മേപ്പാടിയിലേക്ക് റിപ്പോര്‍ട്ട് ചെയ്യണം. മൃതദേഹങ്ങള്‍ ലഭിച്ച പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ദുരന്തത്തില്‍പ്പെട്ടവരുടെ മരണം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ മേപ്പാടി ഗ്രാമപഞ്ചായത്തില്‍ തന്നെ രജിസ്റ്റര്‍ ചെയ്യാന്‍ റിപ്പോര്‍ട്ട് ഫോറം ഉള്‍പ്പടെ രജിസ്ട്രാര്‍ക്ക് അയച്ചു നല്‍കണം. അതോടൊപ്പം യൂണിറ്റിലെ മരണ രജിസ്ട്രേഷന്‍ റദ്ദാക്കണം. നടപടി ക്രമങ്ങളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മരണ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യും. വിവരങ്ങള്‍ പൂര്‍ണ്ണമല്ലെങ്കില്‍ ലഭ്യമാകുന്ന സമയത്ത് രജിസ്ട്രേഷനില്‍ കൂട്ടിച്ചേര്‍ക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 1969-ലെ ജനന-മരണ രജിസ്ട്രേഷന്‍ നിയമം വകുപ്പ് 8(1) ഉപവകുപ്പ് (ഇ) അടിസ്ഥാനത്തിലാണ് മരണങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത്.
മരണപ്പെട്ട് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തികരിച്ച ശേഷം ഇന്‍ക്വസ്റ്റിങ് ഓഫീസറുടെ റിപ്പോര്‍ട്ടിന് അടിസ്ഥാനത്തില്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണപ്പെട്ടവര്‍ എന്ന് രേഖപ്പെടുത്തി രജിസ്റ്റര്‍ ചെയ്യും. മരണപ്പെട്ടയാളുടെ പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമാകുമ്പോള്‍ ബന്ധപ്പെട്ട രജിസ്ട്രേഷനുകളില്‍ ആവശ്യമായ തിരുത്തലും കൂട്ടിച്ചേര്‍ക്കലും നടത്തും. ദുരന്തത്തില്‍പ്പെട്ടവരുടെ ശരീരഭാഗങ്ങള്‍ ലഭിച്ചതിന്റെ മാത്രം അടിസ്ഥാനത്തില്‍ മരണം രജിസ്റ്റര്‍ ചെയ്യില്ല. ഡി.എന്‍.എ പരിശോധനയില്‍ ഏത് വ്യക്തിയുടെ ശരീര ഭാഗമാണെന്ന് തിരിച്ചറിയുകയും പ്രസ്തുത വ്യക്തി മരണപ്പെട്ടെന്ന് ഉറപ്പിക്കുന്ന സാഹചര്യത്തില്‍ നടപടി ക്രമങ്ങള്‍ പാലിച്ച് മരണം രജിസ്റ്റര്‍ ചെയ്യും. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജില്ലാ രജിസ്ട്രാര്‍മാര്‍ നടപടികള്‍ സംബന്ധിച്ച് ഉറപ്പുവരുത്തും.
Leave a Reply