കാരാപ്പുഴയിൽ സഞ്ചാരികൾ എത്തി തുടങ്ങി
അമ്പലവയൽ: കാരാപ്പുഴയിൽ അനുദിനം വിനോദസഞ്ചാരികളുടെ തിരക്കേറുന്നു. മുണ്ടക്കൈ, ചുരൽമല ദുരന്തത്തിനുശേഷം വിനോദ സഞ്ചാരികളുടെ തിരക്ക് ഗണ്യമായി കുറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കാരാപ്പുഴ ഡാമിൽ രണ്ടായിരത്തിലധികം വിനോദ സഞ്ചാരികൾ എത്തിച്ചേർന്നത്. ഏറെക്കാലത്തിന് ശേഷമാണ് കാരാപ്പുഴ ഡാമിന് പരിസരത്തെ പാർക്കിംഗ് സ്ഥലം വിനോദ സഞ്ചാരികളുടെ വാഹനങ്ങളാൽ നിറഞ്ഞത്. അവധിക്കാലം ആരംഭിച്ചതും ജില്ലയിലേക്കുള്ള സഞ്ചാരികളുടെ വരവിന് കാരണമായി. ദുരന്തം ഒരു പ്രദേശത്തെ മാത്രമാണ് ബാധിച്ചതെന്നും ബാക്കിയുള്ള ഭാഗങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും സുരക്ഷിതമാണെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം മുതൽ സർക്കാരിൻ്റെ നേതൃത്വത്തിൽ ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്. കാരാപ്പുഴയിലടക്കം കഴിഞ്ഞ ആഴ്ചകളിൽ സന്ദർശകർ കുറവായിരുന്നു. സന്ദർശകർ കൂടുതലായി എത്തിയതോടെ കച്ചവടവും വർധിച്ചു. സിപ്പ് ലൈൻ ഉൾപ്പെടെയുള്ള റൈഡുകൾ ആസ്വദിക്കാനും കൂടുതൽ പേരെത്തി. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയതിനെക്കാൾ അയൽ ജില്ലകളിൽ നിന്നാണ് കൂടുതൽ സന്ദർശകർ ചുരം കയറിയത്. കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികളും ഉണ്ടായിരുന്നു. ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലും സന്ദർശകരുടെ വലിയ തോതിൽ വർധിച്ചിട്ടുണ്ട്.
Leave a Reply