ദുരന്തബാധിതരുടെ തുടര്‍ചികിത്സ ഉറപ്പാക്കത്തത് അതീവ ഗുരുതരം: ടി. സിദ്ധിഖ് എം.എല്‍.എ
കല്‍പ്പറ്റ: ചൂരല്‍മല, മുണ്ടകൈ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള ആളുകളുടെ സമ്പൂര്‍ണ്ണ തുടര്‍ചികിത്സ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജിനും കല്‍പ്പറ്റ നിയോജക മണ്ഡലം എംഎല്‍എ അഡ്വ. ടി സിദ്ധിഖ് നിവേദനം നല്‍കി.
കാസ്പ് ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനോ, ഓര്‍ത്തോ, ന്യൂറോ, കാര്‍ഡിയോളജി, ഡെര്‍മറ്റോളജി, പ്ലാസ്റ്റിക് സര്‍ജ്ജറി, ജനറല്‍ മെഡിസിന്‍ ഉള്‍പ്പെടെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളില്‍ വിദഗ്ദ ചികിത്സ ആവശ്യമായവരും, സ്ഥിരം കിടപ്പ് രോഗികളുമായവരെയൊക്കെ സംബന്ധിച്ച് തുടര്‍ ചികിത്സ ഗൗരവമുള്ള വിഷയമാണ്.
ആശുപത്രികളില്‍ തുടര്‍ചികിത്സ ലഭ്യമാകുന്നതിന് തടസ്സമാകുകയാണ് എന്നത് ഉള്‍പ്പെടെ എല്ലാം പരിഹരിച്ച് മുന്നോട്ട് പോകുന്നതിനുള്ള അടിയന്തിര നടപടി സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കണമെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും, ആരോഗ്യ വകുപ്പ് മന്ത്രിക്കും നേരത്തെ കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ യാതൊരു തുടര്‍ നടപടിയും സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് വീണ്ടും എം.എല്‍.എ കത്ത് നല്‍കിയത്. എല്ലാം നഷ്ടപ്പെട്ട് വാടക വീടുകളില്‍ കഴിയുന്ന ദുരന്തത്തെ അതിജീവിച്ച് വന്ന ഈ ആളുകള്‍ക്ക് തുടര്‍ ചികിത്സ ഉറപ്പ് വരുത്തേണ്ടതുണ്ട്.
പല രോഗികളും തുടര്‍ചികിത്സക്ക് വലിയ രീതിയില്‍ കഷ്ടപ്പെടുന്ന ഈ സാഹചര്യം ഉള്‍ക്കൊണ്ട് അപകടത്തില്‍പ്പെട്ട് നേരത്തെ ചികിത്സിച്ചിരുന്ന അതേ ആശുപത്രിയില്‍ തന്നെ തുടര്‍ചികിത്സ ഉറപ്പ് വരുത്തുന്നതിനും, കോഴിക്കോട് മെഡിക്കല്‍ കോളേജ്, മേപ്പാടി വിംസ്, മറ്റ് സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ചികിത്സിച്ചിരുന്ന ആളുകള്‍ക്ക് സമ്പൂര്‍ണ്ണ ചികിത്സ ലഭ്യമാക്കുന്നതിനോടൊപ്പം കാരുണ്യ പദ്ധതിയിലോ, മറ്റ് സ്‌കീമിലോ ഉള്‍പ്പെടുത്തി ഇവരുടെ ചികിത്സ പൂര്‍ണ്ണമായും സൗജന്യമാക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിനുമുള്ള അടിയന്തിര നടപടി സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കണമെന്നും എംഎല്‍എ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു .





Leave a Reply