May 6, 2026

പഞ്ചായത്ത്‌ അംഗങ്ങൾ എതിർത്തതിനെ തുടർന്ന് ക്വാറി പരിശോധന നടന്നില്ല 

0
Img 20241008 Wa00511
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

മുള്ളൻകൊല്ലി ∙ പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും സംഘടനകളും നൽകിയ പരാതികൾക്ക് ഒരുവിലയും കൽപിക്കാതെ ക്വാറി ക്രഷർ ഓപ്പറേറ്റീവ് അസോസിയേഷൻ നൽകിയ അപേക്ഷയുടെ പേരിൽ ക്വാറികൾ പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്താതെ മടങ്ങി. ജില്ലാദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാന പ്രകാരമാണ് വിവിധ വകുപ്പ് ഉദ്യോഗസ്ഥരടങ്ങിയ സംഘം ഇന്നലെ ക്വാറിപരിശോധനയ്ക്ക് പഞ്ചായത്തിലെത്തിയത്.

 

ജിയോളജിസ്റ്റ്, സീനിയർ ഹൈഡ്രോളജിസ്റ്റ്, മണ്ണ് സംരക്ഷണ ഓഫിസർ, പ്രിൻസിപ്പൽ കൃഷി ഓഫിസർ, മരാമത്ത് വകുപ്പ് എക്സി.എൻജിനീയർ, കെട്ടിട വിഭാഗം ഉദ്യോഗസ്ഥർ, പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസർ എന്നിവരടങ്ങിയ സംഘത്തെയാണ് ഇതിനായി നിയോഗിച്ചത്.ഇന്നലെ രാവിലെ പഞ്ചായത്ത് ഓഫിസിലെത്തിയ ഉദ്യോഗസ്ഥ സംഘത്തിനു മുന്നിൽ പഞ്ചായത്ത് അംഗങ്ങളും വിവിധ സ്ഥലത്തെ ക്വാറിവിരുദ്ധ സമരസമിതി ഭാരവാഹികളും ആദ്യം തങ്ങളുടെ പരാതി കേൾക്കാൻ തയാറാവണമെന്ന് ആവശ്യപ്പെട്ടു.പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലവിൽ പ്രവർത്തിക്കുന്നതും തുടങ്ങാൻപോകുന്നതുമായ ക്വാറികളുടെ പരിസരത്ത് താമസക്കാരായ ആളുകൾ നൽകിയ പരാതികളും അടുത്തിടെ പഞ്ചായത്ത് ഭരണസമിതി നൽകിയ പരാതികളും പരിഹരിച്ച ശേഷം മാത്രം ക്വാറികൾ തുറക്കുന്നതിനു മുന്നോടിയായുള്ള പരിശോധനകൾ നടത്തിയാൽ മതിയെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.

 

ക്വാറി ദുരിതങ്ങൾ പേറുന്ന ജനങ്ങളുടെയും പഞ്ചായത്തിന്റെയും അപേക്ഷകൾക്ക് ഒരു പരിഗണനയും ജില്ലാ ദുരന്തനിവാരണ അതോറിറ്റി നൽകിയില്ലെന്നും ജനങ്ങളുടെ ആശങ്കകളും പരാതികളും കേൾക്കാൻ ആദ്യം ഉദ്യോഗസ്ഥർ തയാറാവണമെന്നും അംഗങ്ങളായ ഷിജോയി മാപ്ലശേരി, പി.കെ.ജോസ്, ജെസി സെബാസ്റ്റ്യൻ, പുഷ്പവല്ലി നാരായണൻ എന്നിവർ ആവശ്യപ്പെട്ടു.

ജനപ്രതിനിധികളുടെയും കർമസമിതി ഭാരവാഹികളുടെയും ആവശ്യം ന്യായമാണെന്നും ഇക്കാര്യം ജില്ലാഭരണകൂടത്തെ അറിയിക്കുമെന്നും ഉറപ്പുനൽകിയാണ് ഉദ്യോഗസ്ഥസംഘം മടങ്ങിയത്.മേഖല നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഭരണസമിതി തീരുമാനത്തെ മുൻനിർത്തി ജില്ലാഭരണകൂടം നൽകുന്ന നിർദേശങ്ങൾ പഞ്ചായത്ത് അംഗീകരിക്കുമെന്നും പ്രശ്നപരിഹാരത്തിന് നേതൃത്വം നൽകുമെന്നും യു‍ഡിഎഫ് പാർലമെന്ററി പാ‍ർട്ടിയോഗവും വ്യക്തമാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *