ആസ്പിരേഷണല്‍ ജില്ലാ-ബ്ലോക്ക് പദ്ധതി*; *ജില്ലാതല സമ്പൂര്‍ണ്ണതാ പ്രഖ്യാപനം നാളെ
ആസ്പിരേഷണല്‍ ജില്ലാ-ബ്ലോക്ക് പദ്ധതികളുടെ തിരഞ്ഞെടുക്കപ്പെട്ട 6 സൂചകങ്ങളുടെ പൂര്‍ത്തീകരണത്തിനായി 2024 ജൂലായ് മുതല്‍ സെപ്തംബര്‍ 30 വരെ നടന്ന സമ്പൂര്‍ണ്ണതാ അഭിയാന്‍ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ സമാപനം, ”സമാപന്‍ സമാരോഹ്”യോഗവും ജില്ലാതല സമ്പൂര്‍ണ്ണതാ പ്രഖ്യാപനവും ബുധനാഴ്ച നടക്കും. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ മുട്ടില്‍ കോപ്പര്‍ കിച്ചണ്‍ കണ്‍വെന്‍ഷന്‍ സെന്റ്‌റില്‍ രാവിലെ 11 ന് നടക്കുന്ന യോഗത്തില്‍ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലയുടെ സമ്പൂര്‍ണ്ണതാ പ്രഖ്യാപനം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു, ജില്ലയിലെ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍, ഗ്രാമ പഞ്ചായത്ത് അദ്ധ്യക്ഷന്‍മാര്‍, സബ് കളക്ടര്‍, അസിസ്റ്റന്റ് കളക്ടര്‍, ജില്ലാ-ബ്ലോക്ക് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സമ്പൂര്‍ണ്ണതാ അഭിയാന്‍ ക്യാമ്പയിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട സൂചകങ്ങളുടെ പൂര്‍ത്തീകരണത്തിനായി മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍, ആസ്പിരേഷണല്‍ ബ്ലോക്ക് പദ്ധതിയുടെ മേല്‍ നോട്ടത്തിന് ബ്ലോക്കുകളുടെ ചുമതല നല്‍കപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥര്‍, ആസ്പിരേഷണല്‍ ബ്ലോക്ക് ഫെലോസ് എന്നിവരെ യോഗത്തില്‍ അനുമോദിക്കും. ആസ്പിരേഷണല്‍ ബ്ലോക്ക് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന 4 ബ്ലോക്കു പഞ്ചായത്തുകളേയും യോഗത്തില്‍ പ്രത്യേകം ആദരിക്കും.
രാജ്യത്തെ പിന്നോക്കം നില്‍ക്കുന്ന ജില്ലകളേയും ബ്ലോക്കുകളേയും വികസന പാതയിലേക്ക് കൊണ്ട് വരാനും അത് വഴി ആഗോള തലത്തില്‍ രാജ്യത്തിന്റെ മാനവ പുരോഗതി സൂചിക മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുമായാണ് ആസ്പിരേണല്‍ ജില്ലാ-ബ്ലോക്ക് പദ്ധതികള്‍ ആവിഷ്‌കരിച്ചത്. ദേശീയ-സംസഥാന-പ്രാദേശിക പദ്ധതികളുടെ കേന്ദ്രീകരണം, ഉദ്യോഗസ്ഥരുടെ കൂട്ടായ പ്രവര്‍ത്തനം, ജില്ലകള്‍ തമ്മിലുളള മത്സരക്ഷമത, സര്‍വോപരി, കൂട്ടായ മുന്നേറ്റം വഴി പിന്നാക്ക ജില്ലകളെ ദ്രതഗതിയില്‍ ഫലപ്രദമായി പരിവര്‍ത്തിപ്പിച്ചെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആരോഗ്യ-പോഷണ മേഖല, വിദ്യാഭ്യാസം, കൃഷി-ജല വിഭവം, സാമ്പത്തിക-നൈപുണ്യ വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നീ അഞ്ച് മേഖലകളിലെ പുരോഗതിയാണ് ഈ പദ്ധതികളുടെ കീഴില്‍ വിലയിരുത്തുന്നത്.
ദേശീയ തലത്തില്‍ നീതി ആയോഗിന്റെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനും കേന്ദ്ര സര്‍ക്കാരിലെ ജോയിന്റ് സെക്രട്ടറി റാങ്കിലുളള സെന്‍ട്രല്‍ പ്രഭാരി ഓഫീസറെ നീതി ആയോഗ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ആസൂത്രണ-സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറിയാണ് സംസഥാന പ്രഭാരി ഓഫീസര്‍. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പെടുന്ന ഉന്നതതല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ കളക്ടറാണ് ജില്ലാതല നോഡല്‍ ഓഫീസര്‍.
ജില്ലാതലത്തില്‍ പദ്ധതി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനുമായി ജില്ലാതല ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി എല്ലാമാസവും ആസ്പിരേഷണല്‍ ജില്ലാ പദ്ധതിയുടെ പുരോഗതി നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാന തലത്തില്‍ പദ്ധതി നിരീക്ഷണ വിലയിരുത്തല്‍ അവലോകന വകുപ്പാണ് ഈ പദ്ധതികള്‍ ഏകോപിപ്പിക്കുന്നത്.
ആസ്പിരേഷണല്‍ ജില്ലാ പദ്ധതിയുടെ വിവിധ വിഷയ മേഖലകളില്‍ കൈവരിച്ചിട്ടുളള നേട്ടങ്ങള്‍ അടിസ്ഥാനമാക്കി 19.00 കോടി രൂപ ഇതിനകം ജില്ലയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതില്‍ 8.00 കോടി രൂപയുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും ബാക്കി പ്രവൃത്തികള്‍ നടന്നു വരുന്നതായും ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ പറഞ്ഞു.
Leave a Reply