യുവാവിനെ അതിക്രൂരമായി മർദിച്ച് ഗുരുതര പരിക്കേൽപ്പിച്ചവർ അറസ്റ്റിൽ
വെള്ളമുണ്ട: യുവാവിനെ അതിക്രൂരമായി മർദിച്ച് ഗുരുതര പരിക്കേൽപ്പിച്ചവർ അറസ്റ്റിൽ. തരുവണ സ്വദേശികളായ കുന്നുമ്മലങ്ങാടി കാഞ്ഞായിവീട്ടിൽ കെ.എ മുഹമ്മദ് ലത്തീഫ്(36), കെ. മുഹമ്മദ് യൂനസ് (34), കുന്നുമ്മലങ്ങാടി തളിക്കുഴി വീട്ടിൽ മുനീർ (41) എന്നിവരെയാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്. 2024 ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊരുന്നന്നൂർ, കുന്നുമ്മലങ്ങാടി എന്ന സ്ഥലത്ത് കുടുംബമായി താമസിക്കുന്ന പരാതിക്കാരന്റെ വീട്ടിൽ അതിക്രമിച്ചു കയറി പ്രതികൾ കൈകൊണ്ടും വിറകു വടി കൊണ്ടും അതിക്രൂരമായി മർദിക്കുകയും അക്രമം തടയാൻ ശ്രമിച്ച പരാതിക്കാരന്റെ ഭാര്യയെയും മാതാവിനെയും ചവിട്ടി തള്ളി വീഴ്ത്തുകയും ചെയ്തു എന്ന പരാതിയിലാണ് കേസെടുത്തത്. മർദ്ദനത്തിൽ പരാതിക്കാരന്റെ ഇരു കൈകളുടെയും എല്ലു പൊട്ടി ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന് ശേഷം യുവാവിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. വെള്ളമുണ്ട സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ എൽ സുരേഷ് ബാബു, സീനിയർ സിവിൽ പോലീസ് ഓഫീസർ റഹീം എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
Leave a Reply