അപകടാവസ്ഥയിലായിട്ടു വർഷങ്ങൾ: പന്തിപ്പൊയിൽ പാലത്തിൽ യാത്ര അത്ര പന്തിയല്ല
പടിഞ്ഞാറത്തറ ∙ പൂഴിത്തോട് റോഡിലെ പന്തിപ്പൊയിൽ പാലം അപകടാവസ്ഥയിലായിട്ടു വർഷങ്ങൾ പിന്നിട്ടിട്ടും കണ്ട മട്ട് നടിക്കാതെ അധികൃതർ. അപകടം സംഭവിക്കേണ്ടി വരുമോ അധികൃതരുടെ കണ്ണുതുറപ്പിക്കാനെന്നാണു നാട്ടുകാരുടെ ചോദ്യം. ബാണാസുര ഡാമിൽനിന്നു വെള്ളമുണ്ടയിലേക്കും പരിസരങ്ങളിലേക്കും ജില്ലയ്ക്കപ്പുറം പൂഴിത്തോട്ടിലേക്കുമെല്ലാമുള്ള പ്രധാന പാതയിലാണ് പന്തിപ്പൊയിൽ പാലം. കൈവരികൾ ഭാഗികമായി തകർന്ന നിലയിലാണ്. ശേഷിക്കുന്നവ ഏതു നിമിഷവും തകർന്നുവീഴാം.
പാലത്തിൽ വൻ സുരക്ഷാഭീഷണി
പരാതി പറഞ്ഞു മടുത്തിട്ടും നടപടിയില്ലാത്തതിനാൽ പ്രതിഷേധത്തിനൊരുങ്ങുകയാണു നാട്ടുകാർ. പ്രധാന സ്ലാബിന്റെ കോൺക്രീറ്റ് മിക്കയിടങ്ങളിലും അടർന്നു പോയി. 33 വർഷം മുൻപാണു പാലം നിർമിച്ചത്. നിർമാണം കഴിഞ്ഞയുടനെ സമീപ പ്രദേശത്ത് സംഭവിച്ച വൻ ഉരുൾപൊട്ടലിൽ അന്നു തന്നെ പാലത്തിന്റെ തൂണുകൾക്ക് ബലക്ഷയം നേരിട്ടതായി നാട്ടുകാർ പറഞ്ഞു. കൈവരിയും തകർന്നു തുടങ്ങി.അടിവശം പൊളിഞ്ഞു കമ്പികളെല്ലാം തുരുമ്പെടുത്തു. വീതി കുറഞ്ഞ പാലത്തിൽ സ്ഥലപരിമിതിയും പ്രശ്നമാണ്. വാഹനങ്ങൾ പാലത്തിലൂടെ കടന്നുപോകുന്തോറും ബലക്ഷയം വർധിക്കുന്നു. പാലത്തിൽ നിന്നു വാഹനങ്ങൾ തോട്ടിൽ പതിച്ച് അപകടങ്ങളും ഉണ്ടായിട്ടുണ്ട്. പാലം അപകടാവസ്ഥയിലായതിനാൽ ഭാരവാഹനങ്ങളുടെ ഗതാഗതം നിരോധിച്ചതായി അറിയിക്കുന്ന ബോർഡ് മാത്രമാണ് ഇവിടെയുള്ളത്.
ബസ് സർവീസ് നിലച്ചതു പ്രതിസന്ധി
ബാണാസുര ഡാമിൽ തിരക്കേറുമ്പോൾ വലിയ വാഹനങ്ങൾ അടക്കം ഇതുവഴിയാണു തിരിച്ചു വിടുന്നത്. ബാണാസുര ഡാം, മീൻമുട്ടി വെള്ളച്ചാട്ടം ന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള വാഹനങ്ങൾ അടക്കം ഏതു നേരവും വൻ ഗതാഗതത്തിരക്ക് അനുഭവപ്പെടുന്ന റോഡ് ആയതിനാൽ അപകട സാധ്യതയും ഏറുകയാണ്. പടിഞ്ഞാറത്തറ പഞ്ചായത്തിന്റെയും വെള്ളമുണ്ട പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതാണ് ബപ്പനംതോടിനു കുറുകെയുള്ള ഈ പാലം. ഭാരവാഹനങ്ങളുടെ ഗതാഗതം നിരോധിച്ചതോടെ ഇതുവഴിയുള്ള ബസ് സർവീസും നിലച്ചു.
തെങ്ങുംമുണ്ട വഴിയാണ് ഇപ്പോൾ ബസുകൾ സർവീസ് നടത്തുന്നത്. ഇതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. നിർമാണപ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമഗ്രികൾ കൊണ്ടുവരാൻ വലിയ ലോറികൾ വിളിക്കാനാകില്ലെന്നതും പ്രശ്നമാണ്. പാലം പുനർനിർമിക്കുകയാണു ശോച്യാവസ്ഥയ്ക്കും നാടിന്റെ വികസനമുരടിപ്പിനും ശാശ്വത പരിഹാരം.
Leave a Reply