റവന്യൂ ഉത്തരവിനു വിലനൽകാതെ ചെകാ ടിയിലെ കുതിരാലയ നിർമാണം
ചേകാടി:അനുമതിയില്ലാതെ താഴശേരിപാടത്തെ കുതിരാലയ നിർമാണം നിർത്തിവയ്ക്കണമെന്ന റവന്യു ഉദ്യോഗസ്ഥരുടെ ഉത്തരവിനു പുല്ലുവില. കുതിരാലയമടക്കമുള്ള എല്ലാ നിർമാണങ്ങളും പൊളിച്ചുനീക്കണമെന്നു സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ രേഖാമൂലം ആവശ്യപ്പെട്ടിട്ടു മാസമൊന്നായെങ്കിലും തുടർനടപടിയില്ല.
പാടത്ത് പലവിധ നിർമാണങ്ങൾ നടക്കുന്നു. പുതിയ ഷെഡുകൾ, വേലികൾ, ചാലുകൾ എന്നിവയാണ് നിർമിക്കുന്നത്. ഏറുമാടങ്ങളുടെയും താമസിക്കാനുള്ള ഷെഡുകളുടെയും നിർമാണം നടക്കുന്നു. ചേകാടി പാടത്തിനു മുകൾഭാഗത്താണ് പാടത്തേക്കുള്ള നീരൊഴുക്കു തടയുംവിധത്തിൽ കുതിരാലയം നിർമിച്ചത്. വനത്തിലെ മുടവൻകര അണക്കെട്ടിൽനിന്നു ചേകാടിയിലേക്ക് വെള്ളമെത്തിക്കുന്ന കനാലിന് സമീപം ആഴത്തിൽ ചാലെടുത്തത് പ്രദേശത്തെ താമസക്കാർക്കും ഭീഷണിയായി. കുതിരാലയം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം നാട്ടുകാരും പാടശേഖര സമിതിയും സ്ഥലത്തേക്കു മാർച്ച് നടത്തിയിരുന്നു.കൃഷി, റവന്യു, പഞ്ചായത്ത്, വനം, പൊലീസ് വകുപ്പുകളാണ് നടപടി സ്വീകരിക്കേണ്ടത്. നിയമലംഘനം നിർബാധം തുടരുമ്പോഴും ഭരണകർത്താക്കൾ കണ്ണടയ്ക്കുകയാണെന്ന് മനുഷ്യാവകാശ ഉപഭോക്തൃസംരക്ഷണ സമിതി ഭാരവാഹികൾ പറയുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും.
Leave a Reply