ലൈംഗികാതിക്രമത്തിനെതിരെ പോരാട്ടം നടത്തിയപ്പോൾ കൂടെ നിന്നത് പ്രിയങ്ക: വിനേഷ് ഫോഗട്ട്
കൽപ്പറ്റ: വനിതാ ഗുസ്തി താരങ്ങൾക്കെതിരെ റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡൻ്റ് ബ്രിജ് ഭൂഷൺ നടത്തിയ ലൈംഗികാതിക്രമത്തിനെതിരെ പോരാട്ടം നടത്തിയപ്പോൾ കൂടെ നിന്നത് പ്രിയങ്ക ഗാന്ധി ആയിരുന്നുവെന്ന് ഒളിമ്പ്യനും ഹരിയാന നിയമസഭയിലെ കോൺഗ്രസ് എം.എൽ.എയുമായ വിനേഷ് ഫോഗട്ട് പറഞ്ഞു. കൽപ്പറ്റ നിയോജക മണ്ഡലത്തിലെ കാക്കവയലിൽ നടന്ന യു.ഡി.എഫ് കുടുംബ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ലൈംഗികാതിക്രമം നടത്തിയ ബ്രിജ് ഭൂഷണെ ബി.ജെ.പി സംരക്ഷിച്ചപ്പോൾ അതിനെതിരെ നീതിക്കുവേണ്ടി ഞങ്ങൾക്ക് നടത്തേണ്ടി വന്നത് വലിയ പോരാട്ടമാണ്. ആ പോരാട്ടം ഞങ്ങൾക്ക് വേണ്ടി മാത്രമായിരുന്നില്ല. സമൂഹത്തിന് വേണ്ടി കൂടിയായിരുന്നു. സ്ത്രീപക്ഷ നിലപാടിൽ നിന്നുകൊണ്ട് പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ പ്രിയങ്ക ഗാന്ധി എത്തിയതായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ പ്രചോദനം. പ്രിയങ്ക ഗാന്ധിയുടെ ശബ്ദം ഇന്ത്യയുടെ പാർലമെൻ്റിൽ ഉയരുന്നത് നരേന്ദ്ര മോദിയെ ഉൾപ്പെടെ ഭയപ്പെടുത്തും. അതിന് വലിയ ഭൂരിപക്ഷത്തോടെ അവരെ വിജയിപ്പിക്കണമെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.
Leave a Reply