പൊളിഞ്ഞു വീഴാറായ വീട്ടിൽ വായോധിക ഒറ്റക്ക്
വാകേരി :നിനച്ചിരിക്കാതെ കര കവിഞ്ഞൊഴുകുന്ന പുഴയോരത്തെ പൊളിഞ്ഞു വീഴാറായ വീട്ടിൽ ഒറ്റപ്പെട്ട് കഴിയുന്ന രോഗിയായ വയോധികയ്ക്ക് പേടി കൂടാതെ തലചായ്ക്കാനൊരിടം വേണം. പൂതാടി പഞ്ചായത്ത് 13-ാം വാർഡിലെ ചോയികൊല്ലി പുത്തൻപുരയ്ക്കൽ ലളിതയാണ് അധികൃതരുടെ കനിവിനായി കാത്തിരിക്കുന്നത്. 18 സെന്റ് സ്ഥലം സ്വന്തമായി ഉണ്ടെങ്കിലും സ്ഥലത്തിന്റെ ഒരു വശത്ത് നരസിപ്പുഴയും മറ്റൊരു വശത്ത് മടൂർ തോടും ഉള്ളതിനാൽ ചെറിയൊരു മഴ മതി മുൻപ് സർക്കാർ ധനസഹായത്തോടെ നിർമിച്ച വീട് വെള്ളത്തിനടിയിലാകാൻ. പല തവണ വെള്ളം കയറി ഒഴുകി ശുചിമുറിയും വീടിന്റെ ഒരു ഭാഗവും പൂർണമായി ഇടിഞ്ഞ് തകർന്നു.
വീട് തകർന്നതോടെ പഞ്ചായത്തിൽ അപേക്ഷ നൽകിയപ്പോൾ വാസയോഗ്യമല്ലാത്ത സ്ഥലത്ത് വീട് അനുവദിക്കാൻ പറ്റില്ലെന്ന മറുപടിയാണ് ലഭിച്ചത്. അടുക്കളയും മറ്റും നശിച്ചതിനാൽ കിടപ്പുമുറിയിലാണു ഭക്ഷണം പാകം ചെയ്യുന്നത്. നിലവിലുള്ള വീട്ടിൽ ശുദ്ധജല സൗകര്യമോ വൈദ്യുതിയോ വീട്ടിലേക്ക് വഴിയോ പോലുമില്ല. വല്ലപ്പോഴും കിട്ടുന്ന പെൻഷൻ മാത്രമാണ് ആകെയുള്ള വരുമാനം.
3 വർഷം മുൻപ് അമ്മയും മരിച്ചതോടെ ഇവർക്ക് ഒറ്റയ്ക്കായി. വാസയോഗ്യമല്ലാത്ത ഈ സ്ഥലത്തുനിന്നും എത്രയും പെട്ടെന്ന് തന്നെ മാറ്റി താമസിപ്പിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നും അതുവരെ നിലവിലുള്ള വീട്ടിലേക്ക് എത്താനുള്ള നടവഴിയെങ്കിലും അനുവദിച്ചു കിട്ടണമെന്നാണ് ഇവരുടെ ആവശ്യം.
Leave a Reply