ഭക്ഷ്യകിറ്റ് വിവാദം : മേപ്പാടി പഞ്ചായത്തിന്റെ അനാസ്ഥ – നാഷണല്‍ ലീഗ്
ഭക്ഷ്യകിറ്റ് വിവാദം :
മേപ്പാടി പഞ്ചായത്തിന്റെ അനാസ്ഥ – നാഷണല്‍ ലീഗ്
മുണ്ടക്കൈ: ചൂരല്‍മല ദുരന്തബാധിതര്‍ക്കായി നാഷണല്‍ ലീഗ് റിഹാബിലിറ്റേഷന്‍ കമ്മിറ്റി ഒരുക്കിയ കുന്നമ്പറ്റയിലെ ഫ്‌ലാറ്റില്‍ മേപ്പാടി പഞ്ചായത്ത് അധികൃതര്‍ വിതരണം ചെയ്ത പഴകിയ ഭക്ഷ്യകിറ്റില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം പഞ്ചായത്ത് ഭരണ സമിതിക്കാണെന്നും, വിവാദങ്ങളില്‍ നിന്ന് തലയൂരാന്‍ നടത്തുന്ന നുണപ്രചാരണങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും നാഷണല്‍ ലീഗ് വയനാട് ജില്ലാ കമ്മിറ്റി. കിറ്റിലെ സാധനങ്ങള്‍ ഭക്ഷ്യയോഗ്യമാണെന്ന് പഞ്ചായത്ത് അധികൃതര്‍ പരിശോധിച്ച് ഉറപ്പു വരുത്തിയില്ല, തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കിറ്റ് വിതരണം ചെയ്യുന്നതില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടോയെന്ന് സംശയിക്കുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.ദുരന്തബാധിതരായ കുന്നംപറ്റ ഫ്‌ലാറ്റിലെ കുടുംബങ്ങളുടെ വാടക അടക്കമുള്ള മുഴുവന്‍ ചെലവുകളും നാഷണല്‍ ലീഗ് റിഹാബിലിറ്റേഷന്‍ കമ്മറ്റി ഏറ്റെടുത്തിട്ടുള്ളതാണ്, നാളിതുവരെ പരാതികളില്ലാതെ ഭംഗിയായി പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.ദുരന്തബാധിതരെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്, യുഡിഎഫ് നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രമോഷനു വേണ്ടി നടത്തുന്ന നാടകങ്ങളാണ് നിലവിലെ വിവാദങ്ങള്‍ക്ക് കാരണമായത്. മേപ്പാടി പഞ്ചായത്ത് അധികൃതരുടെ അനാസ്ഥക്കും നിരുത്തരവാദപരമായ നടപടികള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
Leave a Reply