രാത്രി യാത്ര നിരോധനം അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണം. ഐസി ബാലകൃഷ്ണൻ എംഎൽഎ
ബത്തേരി :രാത്രി യാത്ര വിഷയത്തിൽ കർണാടക മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പറഞ്ഞതിൽ യാതൊരു വൈരുദ്ധ്യവുമില്ല. വയനാടൻ ജനതയുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമെന്ന നിലയിൽ പ്രിയങ്ക ഗാന്ധി രണ്ടുപേരെയും വിളിച്ച് രാത്രി ഗതാഗത നിരോധനത്തിന് ഉചിതമായ പരിഹാരം ഉണ്ടാക്കാൻ തിരഞ്ഞെടുപ്പിനു ശേഷം ഞാൻ നിങ്ങളെ രണ്ടുപേരെയും കാണാൻ വരുന്നുണ്ടെന്ന് പറഞ്ഞു. താങ്കൾക്ക് എപ്പോൾ വേണമെങ്കിലും വരാം എന്നും വന്നാൽ നമുക്ക് ഒരുമിച്ചിരുന്ന് വയനാട് ജനതയ്ക്ക് യാത്ര സൗകര്യം വർദ്ധിപ്പിക്കുന്ന കാര്യം ചർച്ച ചെയ്യാമെന്നും രണ്ടുപേരും ഉറപ്പു നൽകി. ഇക്കാര്യമാണ് കർണാടക ഉപമ മുഖ്യമന്ത്രി ശ്രീ ഡി കെ ശിവകുമാർ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ പ്രസംഗിച്ചത്. അതിനെ വളച്ചൊടിച്ച് കർണാടകയിലെ ബിജെപിയും ചില പരിസ്ഥിതി സംഘടനകളും രാത്രി യാത്ര ഗതാഗത നിരോധനത്തിൽ ഇളവ് വരുത്തുകയാണെന്ന് ഡി കെ ശിവകുമാർ പ്രസ്താവിച്ചതായി പറഞ്ഞു. എന്നാൽ രാത്രി യാത്ര നിരോധനത്തിൽ ഇളവ് വരുത്താൻ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ വ്യക്തമാക്കി. ഇതാണ് ഇപ്പോൾ ചില താല്പര കക്ഷികൾ വിവാദമാക്കുന്നത്.
രാത്രി യാത്ര നിരോധനത്തിൽ ഇളവല്ല വയനാട്ടുകാർക്ക് വേണ്ടത് മുഴുവൻ സമയം യാത്ര ചെയ്യാനുള്ള സൗകര്യമാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് കേന്ദ്രമന്ത്രിമാർക്ക് നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനായി മേൽപ്പാലം, അല്ലെങ്കിൽ തുരങ്ക പാത എന്നീ നിർദ്ദേശങ്ങൾ പരിഗണിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരിഗണിച്ചു വരുന്നതായി മന്ത്രിമാർ അദ്ദേഹത്തിന് മറുപടിയും നൽകിയിട്ടുണ്ട്. ഇനി സുപ്രീംകോടതിയിൽ നടക്കുന്ന കേസിൽ ഇത്തരം നിർദ്ദേശം കർണാടക സർക്കാർ വെക്കുകയാണെങ്കിൽ അത് അംഗീകരിച്ച് രാത്രി യാത്ര ഗതാഗത നിരോധനത്തിന് സ്ഥായിയായ പരിഹാരമുണ്ടാകും. അതിനാവശ്യമായ നടപടികളുമായി കേരളത്തിലെയും കർണാടകത്തിലെയും കോൺഗ്രസ് നേതൃത്വം മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. അതിനിടയിൽ അനാവശ്യമായി ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നവരുടെ ദുഷ്ടലാക്ക് തിരിച്ചറിയണം. സുൽത്താൻബത്തേരി വഴി കടന്നു പോകുന്ന എൻഎച്ച് 766 ൽ രാത്രിയും പകലും ഒരുപോലെ കേരളത്തിലും കർണാടകത്തിലും യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും ഐ സി ബാലകൃഷ്ണൻ എം എൽ എ വ്യക്തമാക്കി
Leave a Reply