December 9, 2024

ദുരന്ത ബാധിതരോടുളള കേന്ദ്ര സർക്കാർ ധിക്കാര നടപടി.  മുസ്ലിം ലീഗ് മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

0
Img 20241115 190255

 

മാനന്തവാടി : മുണ്ടക്കൈ ദുരന്ത ബാധിതരുടെ കണ്ണീരൊപ്പാൻ ഒരു സഹായവും നല്‍കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെയും ദുരന്ത ബാധിതരോടുളള കേരള സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തിനെതിരെയും മുസ്‌ലിം ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പഞ്ചായത്ത് / മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തുന്നതിന്റെ ഭാഗമായി മാനന്തവാടി ടൗണില്‍ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ദുരിത ബാധിതരോടുള്ള കൊടിയ അനീതിയാണെന്നും ഇതിനെതിരെ വന്‍ പ്രതിഷേധം ഉയരണമെന്നും പ്രകടനത്തില്‍ മുദ്രാവാക്യമുയര്‍ന്നു. തങ്ങള്‍ക്ക് എന്ത് ധിക്കാരവും ഈ രാജ്യത്ത് കാണിക്കാമെന്ന അഹന്ത കലര്‍ന്ന സമീപനമാണ്‌ കേന്ദ്ര ഗവർമെന്റ് സ്വീകരിക്കുന്നതെന്നും തികച്ചും രാഷ്ട്രീയ ദുഷ്ട്ടലാക്കോടെയുളള തീരുമാനം ആണിതെന്നുമാണ് മനസ്സിലാക്കേണ്ടത്. നാന്നൂറോളം മനുഷ്യരുടെ ജീവന്‍ അപഹരിക്കുകയും നൂറിലധികം പേരെ കാണാതാവുകയും ചെയ്ത ഈ മഹാദുരന്തത്തിലെ ഇരകളോട് കേന്ദ്രസര്‍ക്കാര്‍ കടുത്ത നീതി നിഷേധമാണ്‌ കാട്ടുന്നത്‌. വയനാടുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറിയ ദുരന്തങ്ങള്‍ നടന്ന സംസ്ഥാനങ്ങള്‍ക്ക് പോലും വലിയ തുകകള്‍ അനുവദിച്ചു നല്‍കിയപ്പോള്‍ കേരളത്തിനു കേന്ദ്രം ഒന്നും നൽകിയില്ല എന്നത് സംസ്ഥാനത്തോടുളള മോഡി സര്‍ക്കാരിന്റെ വിരോധമാണ് കാണിക്കുന്നത്. ദുരന്ത ബാധിതര്‍ക്ക് പുഴുവരിച്ച ഭക്ഷണ കിറ്റ് നല്‍കിയ പിണറായി സര്‍ക്കാരും ഇരകളെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണ്. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല എന്നും കേരളത്തിനു സഹായം അനുവദിക്കില്ല എന്നും ഔദ്യോഗികമായി തന്നെ കേന്ദ്രം അറിയിച്ചിരിക്കുകയാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ ഫെഡറല്‍ മൂല്യങ്ങളെ കാറ്റില്‍പ്പറത്തുകയാണ്. രാഷ്ട്രീയമായി തങ്ങളുടെ എതിര്‍ ചേരിയിലുള്ള സംസ്ഥാന സർക്കാരുകളോട് യാതൊരു തരത്തിലും നീതീകരിക്കാനാകാത്ത വിവേചനം കാണിക്കുന്നു. തങ്ങൾക്ക് ഭരണമില്ലാത്ത സംസ്ഥാനങ്ങളെ രാഷ്ട്രീയമായും സാമ്പത്തികമായും ശ്വാസംമുട്ടിക്കുക എന്ന നയം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുകയാണെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും ദുരിത ബാധിതരെ ചേർത്ത് പിടിക്കുമെന്നും അവർക്കൊപ്പം നീതി നിഷേധത്തിനെതിരായ പോരാട്ടത്തിൽ മുസ്ലിം ലീഗ് ഒപ്പമുണ്ടാകുമെന്നും പ്രകടനത്തില്‍ അറിയിക്കുകയുണ്ടായി . പ്രതിഷേധ പ്രകടനത്തിൽ മുസ്ലിം ലീഗ് നേതാക്കളായ സി കുഞ്ഞബ്ദുള്ള അഡ്വ റഷീദ് പടയൻ,പി വി എസ് മൂസ ,കടവത്ത് ശറഫുദ്ധീൻ ,മൊയ്‌തു പള്ളിക്കണ്ടി ,ഷബീർ സൂഫി ,കബീർ മാനന്തവാടി ,റസാഖ് മാസ്റ്റർ ,ജാഫർ ചിറക്കര ,യാസിർ എ.പി, ഇബ്രാഹിം സി എച്ച് ,മൊയ്‌തൂട്ടി കുഴിനിലം ,ബഷീർ ഇ ,മമ്മു തമ്മട്ടാൻ ,ഹംസ എന്നിവർ നേതൃത്വം നൽകി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *