ബത്തേരി ഡ്രൈവിംഗ് ടെസ്റ്റിൽ പ്രതിസന്ധി
ബത്തേരി : ബത്തേരി ജോയിന്റ് ആർടിഒ ഓഫിസിന് കീഴിൽ നടത്തുന്ന ഡ്രൈവിങ് ടെസ്റ്റിൽ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ കുറവ് പ്രതിസന്ധിയാകുന്നു. ഇന്നലെ ഡ്രൈവിങ് ടെസ്റ്റിനായി 100 പേർ കാത്തു നിൽക്കെ ഒരു എംവിഐ മാത്രമുള്ളതിനാൽ 50 പേരുടെ ടെസ്റ്റേ നടത്താൻ കഴിയൂ എന്നുവന്നു. തുടർന്ന് മുത്തങ്ങ ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എംവിഐയെ വിളിച്ചു വരുത്തി ടെസ്‌റ്റ് നടത്തുകയായായിരുന്നു. വർക്കിങ് അറേഞ്ചുമെന്റിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെയെല്ലാം മാതൃ ഓഫിസിലേക്ക് തിരിച്ചു വിളിക്കണമെന്നു കാണിച്ച് കഴിഞ്ഞ ദിവസമിറങ്ങിയ സർക്കാർ ഉത്തരവാണ് പ്രതിസന്ധിയുണ്ടാക്കിയത്.
മോട്ടർ വാഹന വകുപ്പ് എൻഫോഴ്സസ്മെന്റിലുള്ള എംവിഐ ബത്തേരി ജോയിന്റ് ആർടിഒ ഓഫിസിൽ വർക്കിങ് അറേഞ്ച്മെന്റിൽ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ദിവസമിറങ്ങിയ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തെ തിരിച്ചു വിളിച്ചതോടെ ബത്തേരിയിൽ ഒരു എംവിഐ മാത്രമായി ചുരുങ്ങി. ഒരു എംവിഐക്ക് ഡ്രൈവിങ് ടെസ്‌റ്റ് നടത്താവുന്നവരുടെ പരമാവധി എണ്ണം 50 ആയതിനാൽ ബാക്കിയുള്ളവർ തിരിച്ചു.
ടെസ്റ്റിനെത്തിയവരും ഡ്രൈവിങ് സ്കൂൾ അധികൃതരും തങ്ങളുടെ ആശങ്ക പങ്കു വച്ചു. തുടർന്നാണ് മുത്തങ്ങ ചെക്പോസ്റ്റിൽ നിന്ന് ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തിയത്.ബത്തേരിയിലുണ്ടായിരും ഒരു എംവിഐയെ ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദേശപ്രകാരം മുൻപ് മുത്തങ്ങയിലേക്ക് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. ഇത് വർക്കിങ് അറേഞ്ച്മെന്റിന്റെ പരിധിയിൽ വരുന്നതാണോ എന്ന് വ്യക്തമല്ല. അതിനാൽ അടുത്ത ദിവസങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് ഉണ്ടാകുമ്പോൾ ഉദ്യോഗസ്‌ഥരില്ലെന്ന പ്രതിസന്ധി ഉണ്ടായേക്കാം. ബത്തേരി ജെആർടി ഓഫിസിലേക്ക് പുതിയ ഒരു എംവിഐയെക്കൂടി നിയമിക്കുകയാണ് പരിഹാര മാർഗം.
സ്ലോട്ട് കിട്ടുന്നത് അടുത്ത ഫെബ്രുവരിയിലേക്ക് ജില്ലയിൽ ഏറ്റവും കൂടുതലാളുകൾ ഡ്രൈവിങ് ടെസ്റ്റിനെത്തുന്ന ജോയിന്റ് ആർടിഒ ഓഫിസാണ് ബത്തേരി. എന്നാൽ ആഴ്‌ചയിൽ 2 ദിവസം മാത്രമാണ് ഇവിടെ ടെസ്‌റ്റ്. ഇതിലും കുറവ് അപേക്ഷകരുള്ള കൽപറ്റയിൽ 4 ദിവസം വരെ ടെസ്റ്റ് നടത്തുന്നുണ്ട്. ബത്തേരിയിൽ പുതിയ അപേക്ഷകർക്ക് ടെസ്റ്റിനുള്ള സ്ലോട്ട് ലഭിച്ചിരിക്കുന്ന 2025 ഫെബ്രുവരിയിലേക്കാണ്. 3 മാസത്തോളം കാത്തു നിൽക്കേണ്ടി വരുന്നത് ദൂരെ സ്‌ഥലങ്ങളിലേക്ക് ജോലിക്ക് പോകേണ്ടവർക്കടക്കം പ്രശ്‌നം സൃഷ്‌ടിക്കുന്നു.
Leave a Reply