വാർഡ് വിഭജനത്തിന്റെ കരടു പട്ടിക പ്രസിദ്ധീകരിച്ചു
കല്പറ്റ :തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനവുമായി ബന്ധപ്പെട്ട് ജില്ലയിൽ വർധിക്കുന്ന വാർഡുകളുടെ കരടുപട്ടിക പ്രസിദ്ധീകരിച്ചു. ഇതുപ്രകാരം ജില്ലാപഞ്ചായത്തിൽ ഒന്നും ബ്ലോക്ക് പഞ്ചായത്തുകളിൽ അഞ്ചും ഗ്രാമപ്പഞ്ചായത്തുകളിൽ മുപ്പത്തിയേഴും വാർഡുകളാണ് ജില്ലയിൽ അധികമായി വരിക. മൂന്നുനഗരസഭകളിലായി നാലുവാർഡുകളും വർധിക്കും.
ജില്ലാപഞ്ചായത്തിൽ പതിനാറും നാല് ബ്ലോക്ക് പഞ്ചായത്തുകളിലായി അമ്പത്തിനാലും 23 ഗ്രാമപ്പഞ്ചായത്തുകളിലായി 413 വാർഡുകളുമാണ് ഇപ്പോൾ ജില്ലയിലുള്ളത്. പഞ്ചായത്തുകളിലും നഗരസഭകളിലും പുതുതായി വരുന്ന വാർഡുകളുടെ കരട് ഡീലിമിറ്റേഷൻ കമ്മിഷൻ വെബ്സൈറ്റിൽപ്രസിദ്ധീകരിച്ചു. ഡിസംബർ മൂന്നുവരെ അഭിപ്രായങ്ങളും ആക്ഷേപങ്ങളും ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറി, കളക്ടർ എന്നിവർക്ക് നേരിട്ടോ തപാലിലോ അറിയിക്കാം. സാധൂകരിക്കുന്ന രേഖകളുണ്ടെങ്കിൽ അവയുടെ പകർപ്പും നൽകണം. കളക്ടർ ശുപാർശകളോടെ ഡീലിമിറ്റേഷൻ കമ്മിഷന് റിപ്പോർട്ട് കൈമാറും. ആവശ്യമെങ്കിൽ കമ്മിഷൻതന്നെ നേരിട്ട് പരാതി തീർപ്പാക്കും. അതിനുശേഷമേ ആദ്യഘട്ട വാർഡ് പുനർവിഭജനത്തിന്റെ അന്തിമവിജ്ഞാപനം പുറപ്പെടുവിക്കുകയുള്ളൂ.
Leave a Reply