മറയില്ലാത്ത കിണറ്റിൽ വീണ യുവാവിനെ രക്ഷിച്ചു
തലപ്പുഴ: കാട്ടുപന്നിയെ തുരത്തുന്നതിനിടയിൽ വളർത്തുനായയോടൊപ്പം ആൾമറയില്ലാത്ത കിണറ്റിലകപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ തലപ്പുഴ എൻജിനീയറിംഗ് കോളേജിന് സമീപമായിരുന്നു സംഭവം. പ്രദേശവാസിയായ ചന്ദ്രനെന്നയാളാണ് അപകടത്തിൽപ്പെട്ടത്. കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ തുരത്തുന്നതിനിടെയാണ് അപകടമെന്നാണ് പ്രാഥമിക വിവരം. പുലർച്ചെ അസാധാരണ ശബ്ദം കേട്ട് ചെന്നു നോക്കിയ അയൽവാസികളായ തോമസ് കപ്പലുമാക്കൽ, റോണി കോലാക്കൽ എന്നിവർ ചേർന്നാണ് ചന്ദ്രനെ രക്ഷിച്ചത്. ഒറ്റപ്പെട്ട സ്ഥലത്ത് പത്തടിയോളം ജലമുള്ള കിണറ്റിൽ പൈപ്പിൽ തൂങ്ങി തണുത്ത് അവശനായ നിലയിൽ നായയോടൊപ്പം കണ്ട യുവാവിനെ ഇരുവരും തക്ക സമയത്ത് കിണറ്റിലിറങ്ങി രക്ഷിക്കുകയായിരുന്നു. സാധാരണയായി കിണറിന്റെ ഉടമ പൂലർച്ചെ തന്നെ കിണറ്റിലെ മോട്ടോർ പ്രവർത്തിപ്പിക്കാറുണ്ടായിരുന്നു. എന്നാൽ വീഴ്ച്‌ചയിൽ തകരാറിലായ മോട്ടോർവയറിൻ്റെ വൈദ്യുതി ബന്ധം നീക്കി അവസരോചിതമായി ഇടപെട്ടാണ് തോമസും, റോണിയും യുവാവിനെ രക്ഷിച്ചത്.
Leave a Reply