ബസ് യാത്രക്കിടെ കൈക്കുഞ്ഞിന്റെ പാദസരം മോഷ്ടിച്ചയാൾ പിടിയിൽ
വൈത്തിരി : ബസ് യാത്രക്കിടെ കൈക്കുഞ്ഞിൻ്റെ പാദസരം മോഷ്ടിച്ച
ശേഷം ഒളിവിൽ കഴിഞ്ഞ് വന്നയാളെ
പോലീസ് അറസ്റ്റ് ചെയ്തു.
കൊണ്ടോട്ടി ഊർങ്ങാട്ടീരി തച്ചണ്ണ
തയ്യിൽ സബാഹ് (30) ആണ്
പിടിയിലായത്. സെപ്റ്റംബർ ഒന്നിന്
കൊണ്ടോട്ടിയിൽ നിന്ന്
കോഴിക്കോട്ടേക്ക് ബസിൽ കയറിയ
കുടുംബത്തിലെ കുട്ടിയുടെ അരപ്പവൻ
വരുന്ന പാദസരമാണ് സബാഹ് മോഷ്‌ടിച്ചത്. മാതാവിന്റെ ഒക്കത്തിരുന്ന കൈക്കുഞ്ഞിന്റെ പാദസരം
ഊരിയെടുക്കുകയായിരുന്നു. ബസിലെ
സി.സി.ടി.വി ദൃശ്യങ്ങളിലൂടെ
മോഷ്ടാവിനെ തിരിച്ചറിഞ്ഞ
കൊണ്ടോട്ടി പോലീസ് പ്രതിയെ
അന്വേഷിച്ച്
വരികയായിരുന്നു. ഇതിനിടെ പ്രതി
വൈത്തിരി സ്റ്റേഷൻ പരിധിയിൽ
നിർമ്മാണത്തിലിരിക്കുന്ന
റിസോർട്ടിൽ ഒളിവിൽ കഴിയുന്നതായി
വൈത്തിരി എസ്.ഐ എം.സൗജലിന്
ലഭിച്ച രഹസ്യ വിവരത്തിന്റെ
അടിസ്ഥാനത്തിൽ അദ്ദേഹവും,
കൊണ്ടോട്ടി ഇൻസ്പെക്ടർ പി.എം.ഷമീറും, ആന്റി തെഫ്റ്റ് സ്‌ക്വാഡും ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മോഷണത്തിനുശേഷം വയനാട്ടിലെ ഉൾനാടുകളിൽ കഴിയുകയായിരുന്നു സബാഹ് . വൈത്തിരിയിൽ പെയിന്റിംഗ് തൊഴിലെടുത്താണ് ഇയാൾ ഒളിവിൽ കഴിഞ്ഞ് വന്നിരുന്നത്. മോഷ്ടിച്ച സ്വർണം ഇയാൾ കോഴിക്കോട് നരിക്കുനിയിലെ ഒരു ജൂവലറിയിലാണ് വിറ്റിരുന്നത്. സ്വർണം പോലീസ് കണ്ടെടുത്തു.
Leave a Reply