ജനവിധി അംഗീകരിക്കുന്നു: എൽഡിഎഫ്
കൽപ്പറ്റ:ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലെ ജനവിധിഅംഗീകരിക്കുന്നതായി എൽഡിഎഫ് പാർലമെന്റ് മണ്ഡലം കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. മൂന്ന് മുന്നണികൾക്കും വോട്ടിൽ കുറവുണ്ടായിട്ടുണ്ട്. എൽഡിഎഫിന് പ്രതീക്ഷിച്ച വോട്ട് നേടാനായില്ല. ഇത് മുന്നണി പരിശോധിക്കും.
പോളിങ് ശതമാനം കുറഞ്ഞതാണ് മുന്നണികളുടെ വോട്ട് കുറച്ചത്. അടിച്ചേൽപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പിനോടുള്ള വോട്ടർമാരുടെ നിസ്സംഗതയാണ് പോളിങ് കുറയാൻ കാരണം. രാഹുൽ ഗാന്ധി മാറി പ്രിയങ്ക വന്നതുകൊണ്ട് മണ്ഡലത്തിന് കൂടുതലായൊന്നും പ്രതീക്ഷിക്കാനില്ല. വയനാടിനെ അവഗണിച്ച രാഹുലിന്റെ അതേ പാതയാണ് പ്രിയങ്കയും പിന്തുടരുകയെന്നത് വോട്ടെണ്ണൽ ദിവസംതന്നെ തെളിഞ്ഞു. വോട്ടെടുപ്പ് കഴിഞ്ഞ ഉടൻ മണ്ഡലം വിട്ട പ്രിയങ്ക വോട്ടെണ്ണാൻപോലും എത്തിയില്ല. ഉപതെരഞ്ഞെടുപ്പ് നടന്ന ചേലക്കരയിലും പാലക്കാട്ടും വിജയിച്ച സ്ഥാനാർഥികളുമായി മുന്നണി പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തിയപ്പോൾ വയനാട്ടുകാർക്ക് അതിനുപോലും സ്ഥാനാർഥിയെ കിട്ടിയില്ല. ഇത് തെളിയിക്കുന്നത് പ്രിയങ്കയും വല്ലപ്പോഴും വന്നുപോകുന്ന അതിഥി എംപിയായിരിക്കും എന്നതാണ്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പുകളിലെല്ലാം സംസ്ഥാനത്ത് യുഡിഎഫിന് മുൻതൂക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് വയനാട് ഉപതെരഞ്ഞെടുപ്പിലുമുണ്ടായത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇത് പ്രതിഫലിക്കാറില്ല. ചേലക്കര ഫലം അതാണ് തെളിയിക്കുന്നതെന്നും പാർലമെന്റ് മണ്ഡലം കമ്മിറ്റി ചെയർമാൻ സി കെ ശശീന്ദ്രനും കൺവീനർ പി പി സുനീറും പ്രസ്‌താവനയിൽ പറഞ്ഞു.
Leave a Reply