പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ ; ആദ്യം ഉന്നയിക്കുക ഉരുൾ പൊട്ടൽ ദുരന്തം
ഡൽഹി :പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ നടക്കും. പാർലമെന്റിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തമായിരിക്കും പ്രിയങ്ക ആദ്യം ഉന്നയിക്കുന്ന വിഷയമെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ഏതു ഭാഷയും എളുപ്പത്തിൽ വഴങ്ങുന്ന പ്രിയങ്ക മലയാളം പഠനവും പതിയെ ആരംഭിച്ചതായാണ് വിവരം.പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി സർവകക്ഷി യോഗം ചേർന്നു . വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലുകൾ ഈ സമ്മേളന കാലയളവിൽ അവതരിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം. വഖഫ് നിയമ ഭേദഗതിയിൽ സംയുക്‌ത പാർലമെന്ററി സമിതി റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്.
വയനാട് ലോക്‌സഭ മണ്ഡലത്തിൽ 410931 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തിൽ പ്രിയങ്ക ഗാന്ധി വിജയിച്ചത്. വയനാട്ടിൽ 2024ൽ രാഹുൽ ഗാന്ധി മത്സരിച്ചപ്പോൾ ലഭിച്ച ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് പ്രിയങ്കയുടെ മിന്നും ജയം. 622338 വോട്ടുകൾ പ്രിയങ്ക ആകെ നേടിയപ്പോൾ രണ്ടാമതെത്തിയ എൽഡിഎഫിന്റെ സത്യൻ മോകേരി 211407 വോട്ടുകളാണ് നേടിയത്. 109939 വോട്ടുകളാണ് ബിജെപിയുടെ നവ്യ ഹരിദാസിനു ലഭിച്ചത്.
Leave a Reply