നായ്ക്കട്ടിയിൽ അഞ്ചു വീടുകളിൽ മോഷണ ശ്രമം
ബത്തേരി: ബത്തേരി നായ്ക്കട്ടിയില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ നടന്നത് മോഷണ പരമ്പര. ആളില്ലാത്ത വീട്ടില്‍ നിന്നും ഇരുപതിനായിരം രൂപയും മൂന്ന് പവനും മോഷണം നടത്തി. നെടുംകണ്ടം പുറായില്‍ ഉസ്മാന്റെ വീട്ടില്‍ നിന്നുമാണ് പണവും ആഭരണവും മോഷണം പോയത്. കഴിഞ്ഞ ബുധനാഴ്ച തീര്‍ത്ഥാടനത്തിനായി കുടുംബസമേതം ഉസ്മാനും വീട്ടുകാരും ഏര്‍വാടിയിലേക്ക് പോയതായിരുന്നു. ഇന്ന് ഉച്ചയോടെയാണ് ഇവര്‍ വീട്ടിലെത്തിയത്. മുന്‍ വാതില്‍ തുറന്നു അകത്തുകടന്നപ്പോള്‍ തങ്ങള്‍ അടച്ചിട്ടിരുന്ന മൂന്ന് ബെഡ്‌റൂമുകളുടെയും വാതിലുകള്‍ തുറന്നിട്ടതായി കാണപ്പെട്ടു. ബെഡ്‌റൂമിനകത്ത് രണ്ട് അലമാരകളും തുറന്നിട്ട നിലയിലായിരുന്നു. രണ്ട് അലമാരകളിലായി സൂക്ഷിച്ചിരുന്ന 20000 രൂപയും മൂന്ന് പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടതായി ഉസ്മാന്‍ ബത്തേരി പോലീസിൽ പരാതി നല്‍കി. കഴിഞ്ഞദിവസം രാത്രി 2.30 മണിയോടെ നായ്ക്കട്ടിയിലെ എളവന വീട്ടില്‍ നാസര്‍, എളവന വീട്ടില്‍ ആയിഷ, കോടന്നൊട്ടില്‍ അബു, ആലും കണ്ടിയില്‍ അബൂബക്കര്‍ എന്നിവരുടെ വീടുകളില്‍ മോഷണ ശ്രമം നടന്നെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നതോടെ ശ്രമം ഒഴിവാക്കി മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. വിവരം അറിഞ്ഞ 10 മിനിറ്റിനുള്ളില്‍ ബത്തേരി പോലീസ് സംഭവസ്ഥലത്തെത്തി പ്രദേശം അരിച്ചു പെറുക്കിയെങ്കിലും കള്ളമാരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഉച്ചകഴിഞ്ഞ് ഉസ്മാന്‍ വീട്ടിലെത്തിയതോടെയാണ് മോഷണം നടന്നതായി പുറംലോകം അറിയുന്നത്. വീടിന്റെ കോണിക്കൂടിന്റെ വാതില്‍ ഗ്രില്‍സ് ഇട്ടതിനാല്‍ അകത്തു നിന്നായിരുന്നു ഇവര്‍ പൂട്ടിയിരുന്നത്. മോഷ്ടാക്കള്‍ അകത്തു കയറിയത് ഗ്രില്‍സിന്റെ കൂട്ട് അറുത്ത് മാറ്റിയാവാം എന്ന നിഗമനത്തിലാണ് വീട്ടുകാരും പോലീസും. കഴിഞ്ഞദിവസം ബത്തേരി പഴയ ബസ് സ്റ്റാന്‍ഡിന് അകത്തുള്ള റൂമിന്റെ വാതില്‍ തകര്‍ത്ത നിലയില്‍ കാണപ്പെട്ടിരുന്നു. ഇവിടെ പൈസ ഒന്നും സൂക്ഷിക്കാത്തതിനാല്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
Leave a Reply