വനം ജീവനക്കാരെ സമൂഹമധ്യത്തിൽ തേജോവധം ചെയ്യുന്നതിൽ പ്രതിഷേധവുമായി കെ എഫ് പി എസ് എ
തോൽപ്പെട്ടി: വയനാട് വന്യജീവി സങ്കേതത്തിൽ വനഭൂമിയിൽ താമസിച്ചു വന്നിരുന്നവരുടെ കുടിലുകൾ പൊളിച്ചത് പ്രസ്‌തുത താമസക്കാരുടെ പൂർണ്ണ സമ്മതത്തോടെയാണെന്നും, ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമായി ചെയ്ത കാര്യത്തിന് ജില്ലയിലെ വനം ജീവനക്കാരെ സമൂഹമധ്യത്തിൽ തേജോവധം ചെയ്യുന്നതിൽ ശക്തമായി പ്രതിഷേധിക്കുന്നതായി വനം വകുപ്പ് ജീവനക്കാരുടെ സംഘടനയായ കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ പ്രസ്താവിച്ചു.
വനാവകാശം കൊടുത്ത ഭൂമിയിൽ പഞ്ചായത്ത് അനുവദിച്ച വീട് പണി തുടരുന്നതിന്നിടയിൽ ഒരു കുടുംബം കഴിഞ്ഞ 3 മാസക്കാലം താൽക്കാലികമായി തൊട്ടടുത്ത വനത്തിൽ ഒരു ഷെഡ് കെട്ടി മാറി താമസിച്ചുവന്നിരുന്നു. എന്നാൽ വീട് പണി പൂർത്തീകരിക്കാതെ കരാറുകാരൻ ഉപേക്ഷിച്ചു പോയി. ഇതിനിടയിൽ തോൽപ്പെട്ടിയിൽ നിന്ന് മറ്റൊരു കുടുംബവും ഇതിന് സമീപത്തായി വനത്തിൽ മറെറാരു താൽകാലിക ഷെഡ് നിർമ്മിച്ചിരിന്നു. വന്യ ജീവി സങ്കേതത്തിലെ ഈ രണ്ട് ഷെഡുകളും പൊളിച്ചുമാറ്റുന്നതിന് നിരന്തരം വാക്കാൽ നിർദ്ദേശം നൽകിയതാണ്. മുൻപ് വനാവകാശം നൽകിയതും ഇപ്പോൾ താമസമില്ലാത്തതുമായ സ്ഥലത്ത് രണ്ടാമത് വന്ന വ്യക്തിക്ക് താൽക്കാലിക വീട് വനം വകുപ്പ് ജീവനക്കാരും വാച്ചർമാരും ചേർന്ന് നിർമ്മിച്ച് വരികയും ഒന്നാമത്തെ കുടുംബത്തിന് പഞ്ചായത്ത് അനുവദിച്ച പണിതീരാത്ത കെട്ടിടത്തിലേക്ക് താത്കാലിക സൗകര്യങ്ങൾ ഒരുക്കി മാറുന്നതിനും നിർദ്ദേശിച്ചിട്ടുള്ളതും സമ്മതിച്ചിട്ടുമുണ്ടായിരുന്നു. ഈ കുടുംബങ്ങളുടെ സഹകരണത്തോടെയാണ് താൽകാലികഷെഡുകൾ പൊളിച്ചതെന്നും സംഘടന പറഞ്ഞു. വസ്തുതകൾ ഇതായിരിക്കേ ജില്ലയിലെ വനം ജീവനക്കാരെ സമൂഹമധ്യത്തിൽ തേജോവധം ചെയ്യുന്നതിൽ സംഘടന ശക്തമായി പ്രതിഷേധിക്കുന്നതായും സംഘടന വാർത്താക്കുറിപ്പിൽ അറിയിച്ചു.
വനത്തിനോട് ചേർന്നും മറ്റും താമസിരുന്ന ആദിവാസി വിഭാഗത്തിൽ പെട്ടവരെ ചേർത്ത് നിർത്തുകയും അവരുടെ ക്ഷേമകാര്യങ്ങളിൽ താത്പര്യം എടുത്ത് പ്രവർത്തിക്കുന്നവരാണ് വനം വകുപ്പ് ജീവനക്കാർ. അതോടൊപ്പം അവരിൽ നിക്ഷിപ്തമായ നിയമപരമായി സ്വീകരിച്ച നടപടിയിൽ ജീവനക്കാരുടെ മനോവീര്യം തകർക്കാനും അവർക്കെതിരെ നടപടി എടുത്ത് മുന്നോട്ട് പോകാനും അനുവദിക്കില്ലെന്നും വസ്തുതകൾ മനസ്സിലാക്കാതെയുള്ള പ്രസ്താവനകളിലും സംഘടന പ്രതിഷേധം അറിയിക്കുന്നതായും നേതൃത്വം വ്യക്തമാക്കി.
Leave a Reply