വയനാട് കലക്ട്രേറ്റിൽ ഉദ്യോഗസ്ഥപ്പോര്: ഉന്നത തല നടപടിക്ക് നീക്കം.
കൽപറ്റ: ഉന്നത ഉദ്യോഗസ്ഥർ തമ്മിലുള്ള ചേരിപ്പോരും വിഴിപ്പലക്കലും വയനാട് കലക്ട്രേറ്റിനുള്ളിൽ വിവാദവും നാണക്കേടുമുണ്ടാക്കുന്നു. ഉദ്യോഗസ്ഥപ്പോര് പരസ്യമായതോടെ
ഗത്യന്തരമില്ലാതെ ജില്ലാ കലക്ടർ കലക്ടറേറ്റ് ജീവനക്കാരുടെ യോഗം വിളിക്കുകയും ഇക്കാര്യത്തിൽ കർശന നിർദ്ദേശം നൽകുകയും ചെയ്തു. ജീവനക്കാരുടെ തമ്മിലടി മുഖ്യമന്ത്രി ഉൾപ്പടെയുള്ളവരുടെ ശ്രദ്ധയിൽ പെട്ടതായാണ് വിവരം. ഏതാനും വർഷങ്ങളായി കലക്ടറേറ്റിലെ ചില ജീവനക്കാർ ഗ്രൂപ്പ് തിരിഞ്ഞ് ചേരിപ്പോരും തമ്മിലടിയും നിത്യമായിരുന്നു. മുണ്ടക്കൈ ഉരുൾപൊട്ടലിന് ശേഷം ജില്ലയ്ക്ക് പുറത്തുനിന്നും പ്രത്യേക ടീമായി കൂടുതൽ ഉദ്യോഗസ്ഥർ ദുരിതാശ്വാസ പ്രവർത്തനത്തിന് നിയോഗിക്കപ്പെട്ടതോടെ ചേരിപ്പോര് രൂക്ഷമായി. സമയം റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ചേരിപ്പോരുമായി ബന്ധപ്പെട്ട് കർശന നടപടി ഉണ്ടാകുമെന്ന് സൂചനയുണ്ട്. ഒപ്പം തന്നെ ഒത്തുതീർപ്പ് ശ്രമങ്ങളും ആരംഭിച്ചു. അതേ സമയം പ്രശ്നത്തിൽ ഒരു സർവീസ് സംഘടന ഇടപ്പെട്ടതും ജീവനക്കാരെ ചൊടിപ്പിച്ചിട്ടുണ്ട്.കൂടാതെ കലക്ട്രേറ്റിൻ്റെ അകത്തളങ്ങളിലെ ചില കാര്യങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുമെന്നും സൂചനയുണ്ട്.
ദുരന്ത സമയത്ത് എത്തിയ ഉദ്യോഗസ്ഥർക്ക് വേണ്ടത്ര സഹകരണം കലക്ടറേറ്റ് ജീവനക്കാരുടെ ഭാഗത്തു നിന്ന് ലഭിച്ചില്ലെന്നും ആരോപണമുണ്ട്. നാല് ഐ.എ.എസ് ഉദ്യോഗസ്ഥരും അഞ്ച് ഡെപ്യൂട്ടി കലക്ടർമാരും ഉൾപ്പെട്ട ഉദ്യോഗസ്ഥരെയാണ് ജില്ലയ്ക്ക് പുറത്തുനിന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി വയനാട്ടിലേക്ക് നിയോഗിക്കപ്പെട്ടത്. ജില്ലയിൽ നിലവിലുള്ള സബ് കലക്ടറും അഞ്ച് ഡെപ്യൂട്ടി കലക്ടർമാരും ഉൾപ്പെടെയുള്ള ടീം ഇവർക്കൊപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയായിരുന്നു. എന്നാൽ, ജില്ലക്ക് പുറത്തു നിന്നെത്തിയ പലരും ദൗത്യം പൂർത്തിയാക്കാതെ തിരിച്ചുപോയി. ഇങ്ങനെ നിയോഗിക്കപ്പെട്ട ജീവനക്കാരുടെ താമസം, ഭക്ഷണം, യാത്രാ ചെലവുകൾ, മറ്റ് ആഡംബര ചെലവുകൾ എന്നിവ സംബന്ധിച്ച് പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ മാധ്യമങ്ങളിലൂടെ വന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള പല ബില്ലുകളും പാസാക്കി കൊടുക്കാൻ ജില്ലാ ഭരണകൂടം ഇതുവരെ തയ്യാറായിട്ടില്ല. 2003 ൽ നടത്തിയ തട്ടിപ്പിൽ 2020 ൽ വിജിലൻസ് കോടതി ശിക്ഷിച്ചതിനെ തുടർന്ന് ഡെപ്യൂട്ടി തഹസിൽദാരെ പിരിച്ച് വിടാൻ ഫയൽ നീങ്ങിയെങ്കിലും ഉദ്യോഗസ്ഥതലത്തിൽ ഫയൽ മുക്കിയതായി ഒരു വിഭാഗം ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട വകുപ്പ് തല നടപടിക്ക് അഞ്ചുമാസം മുമ്പ് ജില്ല കലക്ടർക്ക് ലാൻഡ് റവന്യു കമ്മീഷണർ നൽകിയ കത്തിന് ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് മറുപടി നൽകിയത്. കലക്ടറേറ്റിലെ ജീവനക്കാർ തമ്മിലുള്ള ചേരിപ്പോര് രൂക്ഷമായതാണ് ഈ ഉദ്യോഗസ്ഥനെതിരായ നടപടി സ്വീകരിക്കാത്തത് സംബന്ധിച്ച വിവരം വർഷങ്ങൾക്ക് ശേഷം പുറത്തുവരാൻ കാരണം. ഭരണ സ്വാധീനം ഉപയോഗിച്ച് ശിക്ഷിക്കപ്പെട്ട ഉദ്യോഗസ്ഥന് അനുകൂലമായാണ് ലാൻഡ് റവന്യു കമ്മീഷണർക്ക് മറുപടി നൽകിയതെന്നാണ് വിവരം. അഞ്ചു മാസക്കാലം കലക്ടറുടെ കത്തിന് മറുപടി നൽകാത്തതിനെ തുടർന്ന് ഫയൽ നീക്കം തടഞ്ഞാൽ അച്ചടക്കനടപടി നേരിടേണ്ടി വരും എന്നുള്ള മുന്നറിയിപ്പിന് ശേഷമാണ് ഇക്കാര്യത്തിൽ മറുപടി നൽകിയത്. വൈത്തിരി താലൂക്ക് ഓഫിസിലും ചോരിപ്പോര് രൂക്ഷമാണ്. ഉരുൾ ദുരന്ത സമയത്ത് തഹസിൽ ദാർക്കെതിരേ നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. മറ്റൊരു ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലാണ് കരുക്കൾ നീക്കിയത്. വൈത്തിരി താലൂക്ക് ഓഫിസിനെതിരായ ആരോപണങ്ങൾ സംബന്ധിച്ച് നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. അതിനിടെ തെരഞ്ഞെടുപ്പ് സമയത്ത് മാനന്തവാടി സബ് കലക്ടറെ തെരഞ്ഞെടുപ്പ് നിരീക്ഷകൻ ശാസിച്ച സംഭവവമുണ്ടായി.
ജില്ലയിൽ നിലവിലുള്ള അഞ്ചു ഡെപ്യൂട്ടി കലക്ടർമാരിൽ റവന്യൂ റിക്കവറി കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥൻ മാത്രമാണ് വയനാട് ജില്ലക്കാരനായിട്ടുള്ളത്. ഇദ്ദേഹം വിരമിക്കാൻ ഇനി മാസങ്ങൾ മാത്രമേയുള്ളൂ. എൽ.എ. ഡെപ്യൂട്ടി കലക്ടർ പാലക്കാട് സ്വദേശിയും തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ കൊല്ലം സ്വദേശിയുമാണ്. എ.ഡി.എം മലപ്പുറം സ്വദേശിനിയും എൽ.ആർ. ഡെപ്യൂട്ടി കലക്ടർ ആലപ്പുഴ സ്വദേശിയുമാണ്. ദുരന്ത പുനരധിവാസ പ്രവർത്തനങ്ങൾ നടക്കുന്നതിൻ്റെ ഇടയിൽ ഇക്കാര്യത്തിന് ചുമതലപ്പെട്ട ഡി.എം സെക്ഷനിലെ ജൂനിയർ സൂപ്രണ്ട് അവധിയിൽ പോയത് ഉൾപ്പെടെ വിവാദമായിരുന്നു.
Leave a Reply