പടിഞ്ഞാറത്തറ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷം ;ഡിസംബർ 3ന്
കല്‍പ്പറ്റ: പടിഞ്ഞാറത്തറ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികള്‍ ഡിസംബര്‍ 3ന് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉച്ചക്ക് 3 മണിക്ക് സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന പരിപാടി മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ അദ്ധ്യക്ഷത വഹിക്കും.
ജില്ലയിലെ വിദ്യാലയങ്ങളില്‍ പാഠ്യ-പാഠ്യേതര രംഗങ്ങളില്‍ മികവു പുലര്‍ത്തുന്ന പടിഞ്ഞാറത്തറ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അന്‍പതു വര്‍ഷം പിന്നിടുകയാണ്. 1974ല്‍ എട്ടാം തരത്തില്‍ 38 കുട്ടികളുമായി പ്രവര്‍ത്തനമാരംഭിച്ച വിദ്യാലയം 1997ല്‍ ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടു. നിലവില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി 1800ലധികം കുട്ടികള്‍ പഠനം നടത്തുന്നു. സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ത്ഥി-അധ്യാപക സംഗമങ്ങള്‍, വിവിധ ബോധവല്‍ക്കരണ പരിപാടികള്‍, ജില്ലാതല ക്വിസ്സ് മത്സരം, സംസ്ഥാന തല കവിതാ രചന മത്സരം, രക്തദാന ക്യാമ്പ്, ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്, ഗൃഹസന്ദര്‍ശനം, സാഹിത്യ സംവാദ സദസ്സുകള്‍, അനുസ്മരണ സംഗമങ്ങള്‍, സ്‌കൂള്‍ ശാക്തീകരണ സംവിധാനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ ആദരിക്കല്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും. സുവര്‍ണജൂബിലി സ്മാരകമായി പൂര്‍വ വിദ്യാര്‍ത്ഥികളുടെ വകയായി 25 ലക്ഷം രൂപ ചിലവില്‍ സ്റ്റേജ് നിര്‍മ്മിച്ച് നല്‍കും.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍, പ്രിന്‍സിപ്പാള്‍ പി.പി സുബ്രഹ്മണ്യന്‍, ഹെമാസ്റ്റര്‍ ടി ബാബു, പി.ടി.എ പ്രസിഡണ്ട് ടി.എസ് സുധീഷ് എന്നിവര്‍ പങ്കെടുത്തു.
Leave a Reply