May 10, 2026

വിദേശ വനിതയുടെ മൃതദേഹം സ്വകാര്യ ആംബുലൻസിൽ സൂക്ഷിച്ച സംഭവത്തിൽ വിവാദങ്ങൾ തുടരുന്നു

0
Img 20241203 084640
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: പാൽവെളിച്ചം ആയുർവേദ യോഗവില്ലയിൽ ചികിത്സയിലിരിക്കെ മരിച്ച വിദേശ വനിതയുടെ മൃതദേഹം സ്വകാര്യ ആംബുലൻസിൽ സൂക്ഷിച്ച സംഭവത്തിൽ വിവാദങ്ങൾ തുടരുന്നു. കാമറൂൺ സ്വദേശിനിയായ മോഗിം ക്യാപ്ചു ഇപോസ് കോങ് അലയൻസി (48)ന്റെ മൃതദേഹം ഒരാഴ്‌ചയോളം ഫ്രണ്ട്സ് ആംബുലൻസ് ഉടമ സ്റ്റാനി ആംബുലൻസിൽ സൂക്ഷിച്ചതാണ് വിവാദമായത്. ആംബുലൻസ് ഡ്രൈവറുടെ വീടിനോട് ചേർന്ന ഷെഡിലാണ് ഫ്രീസറിലാക്കി മൃതദേഹം സൂക്ഷിച്ചതെന്നും ഈ സംഭവത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യുവമോർച്ച ജില്ലാ അധ്യക്ഷൻ കെ. ശരത്‌കുമാർ, ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി സി. അഖിൽ പ്രേം എന്നിവരാണ് ആദ്യം മാനന്തവാടി എ.എസ്.പിക്കു പരാതി നൽകിയത്. തുടർന്ന് രാജ്യത്തെ നിയമ സംവിധാനങ്ങളെ മുഴുവൻ വെല്ലുവിളിച്ചു കൊണ്ട് സമാന്തരമോർച്ചറി സംവിധാനം ഒരുക്കി മൃതദേഹം അവിടേക്ക് മാറ്റി സൂക്ഷിച്ചതിനെതിരെ നടപടി ആവശ്യപ്പെട്ട് ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി എം.പി ശശികുമാറും ജില്ലാ കളക്‌ടർക്ക് പരാതി നൽകിയിട്ടുണ്ട്. ഇതിന് പുറമേ ഈ അനധികൃത മോർച്ചറി പൂട്ടാനും, മോർച്ചറി നിലനിൽക്കുന്ന സ്ഥലം സംബന്ധിച്ച രേഖകൾ പരിശോധിച്ച് പൊതു സ്ഥലം കയ്യേറിയതാണോ അല്ലയോ എന്നതും ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് പോരാട്ടം സംസ്ഥാന കൺവീനർ ഷാൻ്റോലാലും രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ പോലീസ് എൻ.ഒ.സി അടക്കമുള്ള എല്ലാ നിയമ നടപടിക്രമങ്ങളും പൂർണമായി പാലിച്ചുകൊണ്ടാണ് മൃതദേഹം സൂക്ഷിച്ചതെന്നും, ബന്ധുക്കൾക്ക് പോലുമില്ലാത്ത പരാതി ചില രാഷട്രീയ കക്ഷികൾ ഉന്നയിക്കുന്നത് വ്യക്തിബന്ധുക്കൾക്ക് പോലുമില്ലാത്ത പരാതി ചില രാഷട്രീയ കക്ഷികൾ ഉന്നയിക്കുന്നത് വ്യക്തി വിരോധം മൂലമാണെന്നും സ്റ്റാനി പറഞ്ഞു.

 

കഴിഞ്ഞ 20-ന് രാവിലെയാണ് വനിത മരിച്ചത്. ഡോക്ട‌ർ അനുവദിച്ച മരണ സർട്ടിഫിക്കറ്റ് പ്രകാരം തിരുനെല്ലി പോലീസ് നൽകിയ എൻ.ഒ.സിയെ തുടർന്ന് മൃതദേഹം വിട്ടു നൽകുകയായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്നു എംബാം ചെയ്ത‌ാണ് മൃതദേഹം കാമറൂണിലേക്ക് കൊണ്ടുപോയത്.

 

20 മുതൽ 26 വരെ മൃതദേഹം സ്വകാര്യ ആംബുലൻസിൽ സൂക്ഷിച്ചെന്നാണ് ബി ജെ പിയുടെ പരാതിയിലുള്ളത്. ഇതിന്റെ മറവിൽ അവയവക്കച്ചവടം ഉൾപ്പെടെ നടന്നതായി സംശയമുണ്ടെന്നാണ് യുവമോർച്ചയുടേയും ബി.ജെ.പിയുടേയും പരാതി. കൂടാതെ ഒരു ആയുർവേദ ഡോക്‌ടർ മാത്രം സാക്ഷ്യപ്പെടുത്തിയ മരണം എങ്ങനെയാണ് നിയമപരമായി നിലനിൽക്കുകയെന്നും, പോലീസ് സംഭവ സ്ഥലത്ത് എത്തി നടപടികളൊന്നും സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും ബി ജെ പി ചോദിക്കുന്നു. ഇത്തരം രീതികൾ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ബി ജെ പി പറയുന്നു.

 

രക്തബന്ധത്തിൽ പെട്ടവരുടെ മൃതദേഹം പോലും സ്വന്തം വീട്ടിൽ രണ്ട് ദിവസത്തിൽ കൂടുതൽ സൂക്ഷിക്കാൻ ആരോഗ്യ വകുപ്പിന്റെ അനുവാദം വേണമെന്നിരിക്കെ യാതൊരു അനുമതിയും ഇല്ലാതെ രാജ്യത്തെ നിയമ സംവിധാനങ്ങളെ മുഴുവൻ വെല്ലുവിളിച്ചു കൊണ്ട്സമാന്തരമോർച്ചറി സംവിധാനം ഒരുക്കി മൃതദേഹം അവിടേക്ക് മാറ്റുകയും മൃതദേഹം മാനന്തവാടി ഗവൺമെന്റ്റ് മെഡിക്കൽ കോളേജ് മോർചെറിയിൽ സൂക്ഷിച്ചിട്ടുണ്ട് എന്ന് ആയുർവേദ യോഗവില്ലയിലെ മാനേജ്മെന്റിനേയും ബന്ധുകളേയും ആംബുലൻസ് ഉടമ തെറ്റിദ്ധരിപ്പിക്കുകയും ചെയ്‌തതായി ഐ എൻ ടി യു സി കളക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു. മുൻപും ഈ രീതിയിൽ പല തവണ ഇതേ നിയമലംഘനം നടത്തിയതായി അറിഞ്ഞതായും, സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും വിഷയത്തിലെ ദുരൂഹതയകറ്റണമെന്നും പരാതിയിൽ പറയുന്നു.

 

ഒഴക്കോടി പിലാശേരി വയലിലെ അനധികൃത മോർച്ചറി അടച്ച് പൂട്ടണം എന്ന് പോരാട്ടം’ സംഘടന ആവശ്യപ്പെട്ടു. വയനാട് ജില്ലയിലെ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ വിവിധ സർക്കാർ ആശുപത്രികളിൽ മോർച്ചറി സൗകര്യം നിലനിൽക്കെ ഒരു വിദേശ വനിതയുടെ മൃതശരീരം ദിവസങ്ങളോളം സ്വകാര്യ വ്യക്തിയുടെ കസ്റ്റഡിയിൽ സൂക്ഷിച്ചത് നിയമ വിരുദ്ധമാണ്. മൃതദേഹങ്ങൾക്ക് ലഭിക്കേണ്ട പരിരക്ഷയും മാന്യതയും തകർക്കുന്ന സംഭവമാണ് ഇവിടെ നടന്നതെന്നും ആമ്പുലൻസ് ഡ്രൈവറിന്റെ അധീനതയിൽ ഉള്ള കെട്ടിടം ഫ്രീസറുകൾ സൂക്ഷിക്കുന്നതിനും മറ്റുമായാണ് ഉപയോഗിച്ചു വരുന്നതെന്നും, സമീപവാസിയായ സ്ത്രീയുടെ മൃതദേഹം മുൻപും ഇവിടെ സൂക്ഷിച്ച അനുഭവം ഉണ്ടെന്നും പോരാട്ടം പറയുന്നു. സംസ്ഥാനത്തിനകത്തും പുറത്തും മരണമടയുന്നവരുടെ ബോഡികൾ സൂക്ഷിക്കുന്നതിനും എത്തിച്ചു നൽകുന്നതിനുമുള്ള കാര്യത്തിൽ ഇടപെട്ട് ബന്ധുക്കളുടെ കയ്യിൽ നിന്നും വൻ തുകകൊള്ളയടിക്കുന്ന സംഘമാണോ ഇതിന് പന്നിൽ പ്രവർത്തിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആമ്പുലൻസുകൾ അതിർത്തികൾ അടക്കം കടന്ന് സഞ്ചരിക്കുന്നതിനാൽ കള്ളക്കടത്തിനടക്കം ഉപയോഗപ്പെടുത്താമെന്ന് ആക്ഷേപമുണ്ടെന്നും ആമ്പുലൻസുകളെ നിരീക്ഷിക്കാൻ അതിനകത്ത് സർക്കാർ നിയന്ത്രിത സിസിടിവി സംവിധാനം ഉണ്ടായിരുന്നെങ്കിൽ വിദേശ വനിതക്ക് സംഭവിച്ചതും ഇത്തരം ആക്ഷേപങ്ങളും ഒഴിവാക്കാമായിരുന്നുവെന്നും പോരാട്ടം പറഞ്ഞു..

 

എന്നാൽ എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് മൃതദേഹം സൂക്ഷിച്ചതെന്നു ആയുർവേദയോഗ വില്ല അധികൃതരും, ആംബുലൻസ് സർവ്വീസ് ഉടമ സ്റ്റാനിയും പറഞ്ഞു. മെഡിക്കൽ വിസയിൽ രണ്ടുമാസം മുമ്പ് സഹോദരിക്കൊപ്പമാണ് വനിത ചികിത്സയ്ക്കെത്തിയത്. ജനറേറ്റർ സൗകര്യമില്ലാത്തതിനാലാണ് വയനാട് ഗവ. മെഡിക്കൽ കോളേജിൽ മൃതദേഹം സൂക്ഷിക്കാൻ സാധിക്കാഞ്ഞത്. അവിടെ ബന്ധപ്പെട്ടപ്പോൾ ഒന്നോ രണ്ടോ ദിവസം മാത്രമേ മൃതദേഹം സൂക്ഷിക്കാൻ സാധിക്കൂ എന്നാണ് അറിയിച്ചത്. കൂടാതെ മേപ്പാടി വിംസിൽ അന്വേഷിച്ചപ്പോൾ വിദേശ വനിതയുടെ മരണമായതിനാൽ മൃതദേഹം സൂക്ഷിക്കുന്നതിലുള്ള ബുദ്ധിമുട്ട് പറഞ്ഞ്. അതിനാലാണ് ബന്ധുക്കളുടെ അഭ്യർത്ഥന പ്രകാരം പോലീസ് എൻ ഒ സി യടക്കമുള്ള സകല രേഖകളും സഹിതം മൃതദേഹം സൂക്ഷിക്കാൻ സ്വകാര്യ ഫ്രീസർ റൂം ഉപയോഗിച്ചതെന്ന് സ്റ്റാനി പറഞ്ഞു. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കയറ്റി വിടേണ്ട മൃതദേഹം എംബസിയിൽ നിന്നുള്ള സർട്ടിഫിക്കറ്റ് വരാൻ വൈകിയതിനാലാണ് നീണ്ട് പോയത്. എംബസിയുടെ പേപ്പർ വന്നയുടൻ തന്നെ വനിതയുടെ സഹോദരിയെത്തി.

 

മൃതദേഹത്തിന് യാതൊരു കേടുപാടും ഇല്ലെന്ന് ബോധ്യപ്പെട്ട് കോഴിക്കോട് കോളേജിലേക്ക് എംബാമിനായി കൊണ്ടുപോവുകയും നടപടികൾ പൂർത്തീകരിച്ച് അവരുടെ സ്വദേശത്തിലേക്ക് കൊണ്ടു പോവുകയും ചെയ്‌തു. ഇവർക്ക് ആർക്കും ഇല്ലാത്ത പരാതി ചില രാഷ്ട്രീയ കക്ഷികൾ ഉന്നയിക്കുന്നത് വ്യക്തി വൈരാഗ്യം തീർക്കുവാൻ വേണ്ടിയാണെന്നാണ് സ്റ്റാനി പറയുന്നത്.

 

എന്തായാലും സംഭവവുമായി ബന്ധപ്പെട്ട ആരോപണങ്ങളും പ്രത്യാരോപണങ്ങളുടേയും അടിസ്ഥാനത്തിൽ ബന്ധപ്പെട്ട അധികൃതർ സംശയ നിവാരണം നടത്തി പൊതു സമൂഹത്തെ ബോധ്യപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news