പൂഴിത്തോട് റോഡ്;സർവ്വേക്ക് വനത്തിൽ അനുമതിയില്ല
പടിഞ്ഞാറത്തറ: പൂഴിത്തോട് റോഡ് സാധ്യതാ പഠന സർവേയ്ക്കു വനത്തിൽ അനുമതി നിഷേധിച്ചതോടെ റോഡ് കടന്നു പോകുന്ന വനമേഖലയെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം. വർഷങ്ങൾക്കു മുൻപ് സ്വകാര്യ തോട്ടമായിരുന്ന സ്‌ഥലം ആണു വനം വകുപ്പ് ഏറ്റെടുത്തത്. ഈ തോട്ടത്തിലെ റോഡ് ആണ് പൂഴിത്തോട് റോഡിന് ആവശ്യമുള്ളതും. എന്നിട്ടും സർവേ നടപടികൾക്കു പോലും അനുവാദം നൽകാത്തത് പ്രതിഷേധാർഹമാണെന്ന് ജനകീയ കർമ സമിതി പ്രവർത്തകർ പറഞ്ഞു.
പൂഴിത്തോട് ഭാഗത്തു നിന്ന് ആരംഭിച്ച സർവേ നടപടി വനാതിർത്തി വരെ നടത്തിയിരുന്നു. വനത്തിൽ അനുമതി ലഭിക്കാത്തതിനാൽ തുടർന്നുള്ള ഭാഗത്തെ സർവേഅവസാനിപ്പിച്ചു. തുടർന്ന് പടിഞ്ഞാറത്തറയിൽ നിന്ന് ആരംഭിച്ച സർവേ വനാതിർത്തി വരെ നടത്തി നിർത്താനാണു പദ്ധതി. 1.5 കോടി രൂപ ചെലവഴിച്ച് നടത്തുന്ന സർവേ നടപടികൾ പാതി വഴി നിലയ്ക്കുമെന്ന ആശങ്കയും ഏറുകയാണ്.
ആദ്യകാലത്തു സ്വകാര്യ ഭൂമി ആയിരുന്ന താണ്ടിയോട്, താന്നിപ്പാറ എന്നറിയപ്പെടുന്ന ഭാഗ്യലക്ഷ്മി, വട്ടം, മേലേ കരിങ്കണ്ണി, താഴേ കരിങ്കണ്ണി എന്നീ തോട്ടങ്ങൾ വഴിയാണു ബദൽ പാത കടന്നു പോകുന്നത്. താണ്ടിയോട് എസ്റ്റേറ്റിൽ 2.5 കിലോമീറ്ററും താന്നിപ്പാറയിൽ 1.7 കിലോമീറ്ററും വട്ടത്ത് .75 കിലോമീറ്ററും കരിങ്കണ്ണിയിൽ 3 കിലോമീറ്ററുംവീതമാണ് റോഡ് പോകുന്നത്. ബാണാസുര ഡാം വന്നതോടെ തരിയോട് ടൗൺ അടക്കമുള്ള പ്രദേശം പൂർണമായും ഇല്ലാതാവുകയും ഇതിനെ ആശ്രയിച്ചിരുന്ന തോട്ടങ്ങളുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തു. തുടർന്ന് ഭൂമി വനം വകുപ്പ് ഏറ്റെടുത്തു. എസ്‌റ്റേറ്റുകൾ പ്രവർത്തിച്ചിരുന്ന കാലത്ത് പൂഴിത്തോട് ഭാഗത്തുള്ളവർ തരിയോട് ടൗണിലേക്ക് എത്തിയിരുന്നതും ഈ റോഡ് വഴിയാണെന്നും ഇവിടത്തുകാർ പറയുന്നു. ഇത്തരത്തിൽ ഏറെ അനുകൂല ഘടകങ്ങൾ ഉണ്ടായിട്ടും സർവേ നടപടി പോലും നിഷേധിക്കുന്നത് ഏറെ പ്രതിഷേധാർഹമാണെന്നും നാട്ടുകാർ പറഞ്ഞു.
Leave a Reply