ജില്ലയിൽ ഡെപ്യൂട്ടി തഹസിൽദാർമാർക്കും ജൂനിയർ സൂപ്രണ്ട്മാർക്കും കൂട്ട സ്ഥലംമാറ്റം
കൽപറ്റ: കലക്ടറേറ്റിൽ ഉൾപ്പടെ റവന്യൂ വകുപ്പിൽ ഡെപ്യൂട്ടി തഹസിൽദാർ മാർക്കും ജൂനിയർ സുപ്രണ്ടുമാർക്കും കൂട്ട സ്ഥലംമാറ്റം. റവന്യൂ വകുപ്പിലെ ഏതാനും ഉന്നത ഉദ്യോഗസ്ഥർക്കെതിരേ കടുത്ത ആരോപണം ഉയർന്ന സഹാചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിനൻറെ നടപടി. ഉരുൾ ദുരന്തവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഡപ്യൂട്ടി കലക്ടറെയും മാറ്റിയിട്ടുണ്ട്. റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ചേരിപ്പോര് സംബന്ധിച്ചും അഴിമതി ആരോപണങ്ങളെ സംബന്ധിച്ചും കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഓഫീസിന്റെ സുഖമമായ പ്രവർത്തനത്തിനും ഭരണ സൗകര്യത്തിനുമാണ് ഉദ്യോഗസ്ഥ സ്ഥലംമാറ്റം എന്നാണ് ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ ഇറക്കിയ ഉത്തരവിൽ പറയുന്നത്. അതേസമയം, പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഗുരുതര വീഴ്ച വരുത്തിയെന്ന് ആരോപണമുള്ള ജോയിൻറ് കൗൺസിൽ നേതാവായ ജൂനിയർ സുപ്രണ്ടിനെ കലക്ടറേറ്റിൽ തന്നെ ജോലിഭാരം കുറഞ്ഞ സെക്ഷനിലേക്ക് മാറ്റി സംരക്ഷിച്ചുവെന്ന് ആക്ഷേപവും ഉയർന്നിട്ടുണ്ട്. ആരോപണ വിധേയരായരുൾപ്പടെ ആറു ഡപ്യൂട്ടി തഹസിൽദാർ/ജൂനിയർ സുപ്രണ്ടുമാർക്കാണ് നിലവിൽ സ്ഥാന ചലനം. സുപ്രധാന ക്ലറിക്കൽ തസ്തികയിലുള്ളവരെ മാറ്റുന്നതിനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്.
റവന്യു വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ തമ്മിലുള്ള ചേരിപ്പോര് വിവാദമാവുകയും ഉരുൾ ദുരിതാശ്വാസ ഏകോപനം പരാജയപ്പെടുകയും ചെയ്തതിനെ തുടർന്ന് ആരോപണ വിധേയരായവർക്കെതിരെ സ്ഥലം മാറ്റം ഉൾപ്പടെ ശക്തമായ നടപടി വേണമെന്ന് ജീവനക്കാർക്കിടയിൽ തന്നെ ആവശ്യം ഉയർന്നിരുന്നു. അതേസമയം, മൂന്നു വർഷം തുടർച്ചയായി ഒരേ സീറ്റിൽ ഇരിക്കുന്നവരെ മാറ്റണമെന്ന സർക്കാർ മാനദണ്ഡം പാലിക്കാതെ കലക്ടറേറ്റിൽ ഇപ്പോഴും നിരവധി പേരുണ്ട്. എം സെക്ഷനിൽ ഒരേ കസേരയിൽ അഞ്ചു വർഷമായി ഇരിക്കുന്ന സുപ്രണ്ട് ഉണ്ടെന്ന് ജീവനക്കാർ തന്നെ പറയുന്നു., സ്ഥലംമാറ്റ മാനദണ്ഡം പാലിച്ച് മൂന്നു വർഷം പൂർത്തിയായ മുഴുവൻ ഉദ്യോഗസ്ഥരേയും മാറ്റി നിയമിക്കണമെന്ന കലക്ടറുടെ തീരുമാനം ഭരണ സ്വാധീനം ഉപയോഗിച്ച് സർവീസ് സംഘടനകൾ അട്ടിമറിക്കുകയാണെന്നാണ് ആരോപണം. സംസ്ഥാനതലത്തിൽ റവന്യൂ ജീവനക്കാരിൽ നിന്നും ഓപ്ഷൻ വാങ്ങി സ്ഥലമാറ്റം നടക്കുന്നുണ്ടെങ്കിലും വയനാട് ജില്ലയ്ക്കകത്തുള്ള സ്ഥലംമാറ്റം ദീർഘനാളായി നടപ്പിലാക്കുന്നില്ലെന്നാണ് പരാതി. അപേക്ഷ നൽകിയാൽ പോലും ഒഴിവുകൾ അനുസരിച്ച് സ്ഥലംമാറ്റം അർഹതപ്പെട്ടവർക്ക് ലഭിക്കുന്നില്ലെന്ന് ജീവനക്കാർ തന്നെ പറയുന്നു. ചിലർ ഭരണ സ്വാധീനമുപയോഗിച്ച് ആറും ഏഴും വർഷം വരെ ഒരേ ഓഫീസിൽ ജോലി ചെയ്യുന്നുണ്ട്. ഉരുൾ ദുരന്തവുമായി ബന്ധപ്പെട്ട് ഭക്ഷണത്തിനും ഹോട്ടലിനും അമിത ബില്ല് നൽകിയത് വിവാദമായതും ജില്ലാ ഭരണകൂടത്തിന് നാണക്കേടുണ്ടാക്കിയിരുന്നു. ഇതിൽ ആരോപണമുയർന്ന ഡപ്യൂട്ടി കലക്ടറെ ആണ് ഇപ്പോൾ സ്ഥലം മാറ്റിയിരിക്കുന്നതെങ്കിലും ആരോപണ വിധേയരായ ചിലരെ മാത്രം സ്ഥലം മാറ്റാനുള്ള നീക്കം ഉദ്യോഗസ്ഥർക്കിടയിൽ തന്നെ വിവാദമായിട്ടുണ്ട്. ഭരണകക്ഷിയുടെ സർവീസ് സംഘടന ഇടപെട്ടാണ് ചില ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം തടയുന്നതെന്നാണ് ആരോപണം. കലക്ടറേറ്റിലെ സി സെക്ഷനിലെ ജൂനിയർ സൂപ്രണ്ട് ജോയി തോമസിനെ കലക്ടറിൽ തന്നെയുള്ള എൽ സെക്ഷനിലെ ജൂനിയർ സൂപ്രണ്ട് ആയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. എൽ സെക്ഷനിൽ ജൂനിയർ സൂപ്രണ്ട് ആയിരുന്ന ഉമറിലെ പാറച്ചോടനെ വൈത്തിരി താലൂക്ക് എച്ച് സെക്ഷനിൽ ഡെപ്യൂട്ടി തഹസിൽദാരായാണ് പുനർ നിയമനം നൽകിയിരിക്കുന്നത്. ഇതേ സെക്ഷനിലെ ഡെപ്യൂട്ടി തഹസിൽദാർ ആയിരുന്ന ടി.എ. സരിൻ കുമാറിനെ കലക്ടറേറ്റിലെ ഡി.എം സെക്ഷനിൽ ജൂനിയർ സൂപ്രണ്ടായി മാറ്റി നിയമിച്ചിട്ടുണ്ട്. കലക്ടറേറ്റിലെ ഡി.എം സെക്ഷനിലെ ജൂനിയർ സൂപ്രണ്ട് ആയ എൻ. പ്രിയയെ കലക്ടറിയിലെ തന്നെ സി സെക്ഷനിലെ ജൂനിയർ സൂപ്രണ്ട് ആണ് മാറ്റിയിരിക്കുന്നത്. കെ സെക്ഷനിലെ ജൂനിയർ സൂപ്രണ്ട് ആയ സരിത സുധാകരനെ വൈത്തിരി താലൂക്ക് ജി സെക്ഷനിലേക്ക് ഡെപ്യൂട്ടി തഹസിൽദാറായി മാറ്റി നിയമിച്ചു. ഈ സെക്ഷനിലെ ഡെപ്യൂട്ടി തഹസിൽദാരായിരുന്ന കെ. സുഗതകുമാരിയെ കലക്ടറേറ്റിലെ കെ സെക്ഷനിൽ ജൂനിയർ സൂപ്രണ്ട് ആയാണ് മാറ്റിനിയമിച്ചത്.
Leave a Reply