സഹകരണ മേഖലയെ തകർക്കുന്ന കേരള ബാങ്ക് നിർദ്ദേശങ്ങൾ പുനഃപരിശോധിക്കണം : എൻ.ഡി. അപ്പച്ചൻ
കൽപറ്റ : പ്രാഥമിക സഹകരണ സംഘങ്ങളെ തകർച്ചയിലേക്ക് നയിക്കുന്ന രീതിയിലുള്ള നിർദ്ദേശങ്ങൾ കേരള ബാങ്ക് പിൻവലിക്കണമെന്നും, കേരള ബാങ്കിനെ നിയന്ത്രിക്കുന്ന സർക്കാരും സഹകരണ വകുപ്പും ഇക്കാര്യത്തിൽ പാലിക്കുന്ന കുറ്റകരമായ മൗനം അവസാനിപ്പിക്കണമെന്നും ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ. പ്രാഥമിക സഹകരണ സംഘങ്ങളെ തകർക്കുന്ന കേരള ബാങ്ക് നടപടികൾക്കെതിരെ കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (കെ.സി.ഇ.എഫ്) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ബാങ്ക് വയനാട് സിപിസി യിലേക്ക് നടത്തിയ മാർച്ചും സായാഹ്ന ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള ബാങ്ക് രൂപീകരണസമയത്ത് സംസ്ഥാന സർക്കാരും സഹകരണ വകുപ്പും നടപ്പാക്കുമെന്ന് പറഞ്ഞ യാതൊന്നും രൂപീകരണം നടന്ന് 4 വർഷമായിട്ടും നടപ്പാക്കിയില്ലെന്നു മാത്രമല്ല സഹകരണ മേഖലയിലെ മൂന്നു തട്ട് ഒഴിവാക്കി രണ്ട് തട്ടിലേക്ക് വരുമ്പോൾ പ്രാഥമിക സംഘങ്ങളിലൂടെ താഴെ തട്ടിൽ ലഭിക്കുമെന്ന് പറഞ്ഞ യാതൊരു സഹായവും ലഭിക്കാത്ത സാഹചര്യവും ഉണ്ടായതായി അദ്ദേഹം പറഞ്ഞു. 10 % ഡിവിഡണ്ട് നൽകാമെന്ന് പറഞ്ഞ് പ്രാഥമിക സംഘങ്ങളിൽനിന്നും വാങ്ങിയ ഓഹരിക്ക് അത് നൽകുന്നില്ലെന്ന് മാത്രമല്ല ഓഹരി തിരിച്ചു നൽകാൻ പോലും തയാറാകുന്നില്ല. കേരള ബാങ്കിലെ നിയമനത്തിൽ പ്രാഥമിക സംഘങ്ങളിലെ ജീവനക്കാർക്ക് ലഭിച്ചുകൊണ്ടിരുന്ന സംവരണം നിലനിർത്തണം എന്നും, കുറഞ്ഞ പലിശ നിരക്കിൽ കേരള ബാങ്കിൽ നിന്നും സാധാരണക്കാർക്ക് പ്രൈമറി ബാങ്കിലൂടെ വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സഹകരണ മേഖലയിലും ജീവനക്കാർക്കും നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ന്യായമായ അവകാശങ്ങൾ നിലനിർത്തികിട്ടുന്നതിനു വേണ്ടി സമരം നടത്തുന്ന കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.സഹകരണ മേഖലയിലെ ജനാധിപത്യം സംരക്ഷിക്കുക,സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പ്രാഥമിക സംഘങ്ങൾക്ക് തുല്യമായി വർദ്ധിപ്പിച്ചത് പിൻവലിക്കുക,പ്രൈമറി സംഘങ്ങളുടെ ഓഹരി തിരികെ നൽകുകയോ ഓഹരിക്ക് മതിയായ ഡിവിഡണ്ട് നൽകുകയോ ചെയ്യുക,പ്രാഥമിക സംഘങ്ങളുടെ നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നൽകുക,അശാസ്ത്രീയമായി കൂട്ടിയ വായ്പ പലിശ നിരക്ക് കുറയ്ക്കുക,സഹകരണ സംഘം ജീവനക്കാരുടെ നിയമന സംവരണം പുനഃസ്ഥാപിക്കുക, ആധുനിക ബാങ്കിങ് സൗകര്യങ്ങൾ സഹകരണ മേഖലക്ക് നൽകുക എന്നിവയാണ് സംഘടന ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ഷിജു എൻ.ഡി. അദ്ധ്യക്ഷത വഹിച്ചു. മടക്കിമല സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അഡ്വ. എം.ഡി. വെങ്കിടസുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി വി.എം. ശ്രീകുമാർ സ്വാഗതം പറഞ്ഞു. ടി.സി. ലൂക്കോസ്, സുനിൽ .കെ, വിജയേശ്വരി .ടി, ശ്രീഹരി .പി, എം.ജി. ബാബു, പി.എൻ. സുധാകരൻ, സജി മാത്യു, ജിജു .പി, കെ. ഗോപകുമാർ എന്നിവർ സംസാരിച്ചു.
Leave a Reply