ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ ട്രഷറർ എൻ.എം വിജയനും, മകനും ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം; സി പി ഐ(എം )
ബത്തേരി :ഡിസിസി ട്രഷറർ എൻ.എം വിജയനും, മകൻ ജിജേഷും ആത്മഹത്യ ചെയ്ത സംഭവം സംബന്ധിച്ച ദുരൂഹത നിലനിൽക്കുന്നതിനാൽ വിശദമായ അന്വേഷണം നടത്തണമെന്ന് സി.പി.ഐ(എം) ബത്തേരി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
സുൽത്താൻ ബത്തേരി അർബൻ ബാങ്കിൽ നിയമങ്ങൾക്കും, ചട്ടങ്ങൾക്കും വിരുദ്ധമായി നിയമനങ്ങൾ നടത്താൻ തീരുമാനിച്ചത് വിവാദമായിരുന്നു. ഇത്തരത്തിൽ നിയമനം നൽകാമെന്ന് വാഗ്ദാനം നൽകി നിരവധി പേരിൽ നിന്ന് കോടികൾ കൈപ്പറ്റുകയും, സഹകരണ വകുപ്പിൻറെ കർശന ഇടപെടലിനെ തുടർന്ന നിയമനം നടത്താൻ സാധിക്കാതെ വരുകയും ചെയ്തതായും പണം നൽകിയവർ ജോലി ലഭിക്കാത്തതിനാൽ തിരികെ ആവശ്യപ്പെടുന്നതായും നിരവധി പരാതികൾ ഉണ്ട്. കോഴ നിയമനങ്ങൾ നടത്തി കോടികൾ തട്ടിയെടുത്തവർ എൻ.എം വിജയനെ ബലിയാടാക്കിയതായി കോൺഗ്രസിലെ പല നേതാക്കളും രഹസ്യമായി പറയുന്നുണ്ട്. എൻ.എം വിജയൻ ആത്മഹത്യ ചെയ്‌തതിന് ഈ സംഭവവും കാരണമാണെന്ന് പൊതു സമൂഹം സംശയിക്കുന്നുണ്ട്. ഈ കാര്യങ്ങൾ ആത്മഹത്യ കുറിപ്പിൽ എൻ.എം വിജയൻ പറയാൻ സാധ്യതയുണ്ട്. എന്നാൽ ആത്മഹത്യാ കുറിപ്പിൽ ഇതുവരെ ലഭിച്ചിട്ടില്ല. ആത്മത്യാ ശ്രമം നടത്തിയ വിവരം അറിഞ്ഞ് ആദ്യമായി വീട്ടിലെത്തിയ രണ്ട് കോൺഗ്രസ്സ് പ്രവർത്തകർ ഇത് എടുത്ത് മാറ്റിയതായും സംശയമുണ്ട്. സാഹചര്യത്തിൽ എൻ.എം വിജയൻറെയും മകൻ ജിജേഷിൻറെയും ആത്മഹത്യ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി.പി.ഐ(എം) ബത്തേരി ഏരിയ കമ്മിറ്റി ആവശ്യപ്പെടുന്നു. ഏരിയ കമ്മിറ്റി യോഗത്തിൽ പി.കെ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി.ആർ ജയപ്രകാശ് സുരേഷ് താളൂർ, കെ.വൈ നിധിൻ, കെ.സി യോഹന്നാൻ എന്നിവർ സംസാരിച്ചു.
Leave a Reply