പരാതികള്‍ പലവിധം ഒരു വേദിയില്‍ പരിഹാരം
കൽപ്പറ്റ :റേഷന്‍കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലാക്കണം, വീട്ടിലേക്ക് വഴിയില്ലാത്തതിനാല്‍ ഏറെ ബുദ്ധിമുട്ട്, സ്ഥലമുണ്ടായിട്ടും കാലങ്ങളായി നികുതി സ്വീകരിക്കാത്ത പ്രശ്‌നം എന്നിങ്ങനെ തുടങ്ങി ഇ.എഫ്.എല്‍ വനഭൂമീ വിജ്ഞാപനം റദ്ദാക്കാണമെന്ന അപേക്ഷ വരെയും കരുതലും കൈത്താങ്ങ് പരാതി പരിഹാര അദാലത്തിലെത്തി. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത പരാതികളുടെയും പുതിയ പരാതികളുടെയും പരിഹാരങ്ങള്‍ക്കായി കല്‍പ്പറ്റ സെന്റ് ജോസഫ് സ്‌കൂളിലെ ഓഡിറ്റോറിയം ശനിയാഴ്ച രാവിലെ മുതല്‍ തിരക്കിലായിരുന്നു. വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനും പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍.കേളുവും രണ്ട് കൗണ്ടറുകളിലായിരുന്ന് നേരിട്ട് പൊതുജനങ്ങളില്‍ നിന്നും പരാതി കേള്‍ക്കുകയായിരുന്നു. പരാതിയുമായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി തത്സമയം പരാതികള്‍ പരിശോധിച്ച് തീര്‍പ്പാക്കുന്ന രീതിയാണ് അവലംബിച്ചത്. തുടര്‍ അന്വേഷണം വേണ്ട പരാതികള്‍ക്ക് നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ പരാതി പരിഹരിക്കാനുള്ള നിര്‍ദ്ദേശവും നല്‍കി. അനധികൃതമായി മണ്ണിട്ടതിനാല്‍ ഓവുചാലുകളടഞ്ഞ് ദുരിതം അനുഭവിക്കുന്ന സങ്കടം പറഞ്ഞാണ് കല്‍പ്പറ്റ എമിലി സ്വദേശി അദാലത്തിലെത്തിയത്. ഇതുസംബന്ധിച്ച് മുമ്പേ നല്‍കിയ പരാതികളും റവന്യുവകുപ്പില്‍ നിന്നും ലഭിച്ച മറുപടിയുമെല്ലാം പരാതിക്കാരന്‍ കൈയ്യില്‍ കരുതിയിരുന്നു. ഈ പരാതിയില്‍ നഗരസഭ സെക്രട്ടറിയില്‍ നിന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍ നേരിട്ട് വിശദീകരണം തേടി. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണണമെന്ന നിര്‍ദ്ദേശവും നല്‍കി. റവന്യു വകുപ്പ് തണ്ടപ്പേര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിട്ടും നികുതി സ്വീകരിച്ചിട്ടും സ്വന്തം ഭൂമിക്ക് വനം വകുപ്പില്‍ നിന്നും എന്‍.ഒ.സി ലഭ്യമാക്കണമെന്ന ആവശ്യവുമായാണ് മേപ്പാടി വള്ളിക്കാട്ടില്‍ വി.സി.ബാബു അദാലത്തില്‍ പരാതി നല്‍കിയത്. സി.സി.എഫ് കെ.വിജയാന്ദ്, സൗത്ത് വയനാട് ഡി.എഫ്.ഒ അടക്കമുള്ളവരുടെ സാന്നിദ്ധ്യത്തിലാണ് വനംവകുപ്പ് മന്ത്രി ഈ പരാതി പരിഗണിച്ചത്. വിഷയത്തില്‍ സൂഷ്മ പരിശോധന നടത്തി നടപടിയെടുക്കാന്‍ നിര്‍ദ്ദേശവും നല്‍കി. റോഡിനായി സ്ഥലം കൈയ്യേറിയ പരാതികള്‍, വനംവകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍, അതിര്‍ത്തി തര്‍ക്കങ്ങള്‍ എന്നിങ്ങനെ കാലങ്ങളായി സങ്കീര്‍ണ്ണമായി മുന്നോട്ടു പോകുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം കാലവിളംബമില്ലാതെ തീരുമാനമെടുക്കാന്‍ കരുതലും കൈത്താങ്ങും അദാലത്ത് നിര്‍ദ്ദേശം നല്‍കുകയായിരുന്നു
Leave a Reply