തിരക്കഥയല്ല, താരം ക്യാമറയാണ്- ജിയോ ബേബി
മാനന്തവാടി:സാങ്കേതികവിദ്യകൾ ഇത്രയേറെ പുരോഗമിച്ച കാലഘട്ടത്തിൽ തിരക്കഥയേക്കാൾ ഏറെ പ്രാധാന്യം ക്യാമറയ്ക്കും മറ്റ് സാങ്കേതികവിദ്യകൾക്കും ആണ് എന്ന് സംവിധായകനായ ജിയോ ബേബി അഭിപ്രായപ്പെട്ടു.വയനാട് സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ മൂന്നാം ദിനം തിരക്കഥയാണ് താരം എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരക്കഥ സിനിമയുടെ ബ്ലൂ പ്രിൻറ് തന്നെയാണ് എന്നാൽ ഒരു സിനിമ സാക്ഷാത്കരിക്കാൻ തിരക്കഥയെക്കാൾ ആവശ്യം ക്യാമറയാണെന്ന് ജിയോ ബേബി പറഞ്ഞു.
‘ഒമ്പത് വയസ്സുള്ള തന്റെ മകൻ ക്യാമറയിൽ വെറുതെ ചിത്രീകരിച്ച ദൃശ്യങ്ങൾ ഒരു ചിത്രസംയോജകന്റെ സഹായത്തോടെ 24 മിനിറ്റുള്ള സിനിമയാക്കിയപ്പോൾ അവിടെ തിരക്കഥയുടെ ആവശ്യം പോയിട്ട് സാധ്യത പോലും ഉണ്ടായിരുന്നില്ല. അങ്ങനെയുള്ള ആ കൊച്ചു സിനിമ കൽക്കട്ട ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തപ്പോൾ തിരക്കഥകയോ അഭിനേതാക്കളോ ആവശ്യമില്ലാത്ത സാങ്കേതിക സംവിധാനങ്ങൾ കൊണ്ടുമാത്രം നിർമ്മിച്ചെടുക്കാവുന്ന ഒരു കലാരൂപമാണ് സിനിമ എന്ന് ഞാൻ മനസ്സിലാക്കി’ – ജിയോ ബേബി പറഞ്ഞു.
പേപ്പറിൽ എഴുതി വയ്ക്കുന്നതല്ല മറിച്ച് ഒരു സിനിമ നിർമ്മിക്കുന്ന വേളയിൽ ആ സംവിധായകന്റെ ഉള്ളിൽ രൂപപ്പെടുന്ന ആശയവും അത് പൂർത്തിയാകുന്ന പ്രക്രിയയുമാണ് തിരക്കഥ എന്ന് ബിപിൻ ചന്ദ്രൻ അഭിപ്രായപ്പെട്ടു. ജോൺ എബ്രഹാമിന്റെ സിനിമകളെ ഉദാഹരണമാക്കിയാണ് അദ്ദേഹം സംസാരിച്ചത്.
എംടിയുടെ തിരക്കഥകൾക്കും സിനിമകൾക്കുമുള്ള ആദരവും സമർപ്പണവും ആണ് ഈ സംവാദം എന്ന് മോഡറേറ്റർ വി കെ ജോബിഷ് പറഞ്ഞപ്പോൾ എം ടിയുടെ തിരക്കഥകളേക്കാൾ ഏറെ തന്നെ സ്വാധീനിച്ചത് കെ ജി ജോർജിന്റെ സിനിമകൾ ആണെന്ന് ബിപിൻ വ്യക്തമാക്കി.
സ്വവർഗാനുരാഗത്തെ പറ്റിയുള്ള ഒരു ഹ്രസ്വചിത്രം എടുത്തതിന്റെ പേരിൽ കോളേജിൽ നിന്ന് പുറത്താക്കപ്പെട്ട ജിയോ ബേബിയുടെ കാതൽ ദ് കോർ എന്ന ചിത്രം ഈ സെഷനിലും ഏറെ ചർച്ചയായി . കോളേജ് കാലഘട്ടത്തിൽ സീക്രട്ട് മൈൻഡ് എന്ന ഹ്രസ്വചിത്രം എടുത്തത് വഴി കമ്മ്യൂണിറ്റിൽ നിന്നും ഉണ്ടായ സൗഹൃദങ്ങൾ കാതൽ എന്ന സിനിമയുടെ രൂപീകരണത്തിൽ തന്നെ സഹായിച്ചു എന്ന് ജിയോ ബേബി പറഞ്ഞു.
ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയ്ക്ക് കൃത്യമായ തിരക്കഥയുണ്ടായിരുന്നില്ല എന്ന് ജിയോ ബേബി പറഞ്ഞപ്പോൾ ബെസ്റ്റ് ആക്ടർ എന്ന സിനിമയുടെ തിരക്കഥയ്ക്ക് അതേ സിനിമയുടെ നായകനായ മമ്മൂട്ടിയിൽ നിന്നുവരെ നേരിട്ട് വിമർശനങ്ങളെ പറ്റി ബിപിൻ തുറന്നു പറഞ്ഞു.
ജിയോ ബേബി ഒരു ധീരനായ സംവിധായകനാണ് എന്ന് ബിപിൻ അഭിപ്രായപ്പെട്ടപ്പോൾ താൻ ഒരു ഭീരുവാണെന്നും ഒരു അടി നടക്കുന്നത് കണ്ടാൽ അവിടെ നിന്നും ഓടിമറയാൻ എപ്പോഴും താൽപര്യപ്പെടുന്ന വ്യക്തിയുമാണെന്ന് ജിയോ പറഞ്ഞു.
സാമ്പത്തിക ലാഭത്തിനും സിനിമയുടെ ആവശ്യകതയ്ക്കും അനുസരിച്ച് എഴുതേണ്ടി വന്ന തിരക്കഥകളിലെ പ്രശ്നങ്ങളെ സ്വയംവിമർശനമായി ഏറ്റെടുക്കുന്നു എന്ന് ബിപിൻ വ്യക്തമാക്കി.
പലപ്പോഴും ജിയോ ബേബി എടുക്കുന്ന സിനിമകളെ പോലെ കൃത്യവും വ്യക്തവുമായ രാഷ്ട്രീയം പറയുന്ന സിനിമകൾ ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും പലപ്പോഴും സിനിമയുടെ സാമ്പത്തിക സാഹചര്യങ്ങൾ കൊണ്ടും അത് സാധിക്കാറില്ല എന്ന് ബിപിൻ പറഞ്ഞു. രാഷ്ട്രീയ ശരികേടുകളെ പറ്റി സംസാരിക്കുന്ന വേളയിൽ പോലും തന്റെ സിനിമയിലെ തന്നെ സംഭാഷണങ്ങളിലെ ശരി തെറ്റുകളെ പറ്റി താൻ ബോധവാനാണെന്നും അതിനെപ്പറ്റി ഏറെ ചിന്തിക്കാറുണ്ടെന്നും വിപിൻ പറഞ്ഞു.
ഭാവിയിൽ വ്യക്തമായ രാഷ്ട്രീയം പറയുന്ന കൃത്യമായ സംഭാഷണങ്ങളോടുകൂടിയ സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും ബിപിൻ വ്യക്തമാക്കി.
മതം രാഷ്ട്രീയം കുടുംബം എന്നീ ഘടകങ്ങളെ പരിഗണിച്ച് സാമ്പത്തിക ലാഭം കൂടി മുന്നിൽകണ്ട് ഒരു സിനിമ ചെയ്യുമ്പോൾ നേരിടേണ്ടിവരുന്ന പ്രതിസന്ധികളെയും ചെയ്യേണ്ടി വരുന്ന വിട്ടുവീഴ്ചകളെയും കുറിച്ച് ഇരുവരും വ്യക്തമാക്കി.
Leave a Reply