തോട്ടം മാഫിയകൾ കയ്യടക്കിയ മുഴുവൻ സർക്കാർ ഭൂമിയും നിയമനിർമ്മാണത്തിലൂടെ സർക്കാർ ഏറ്റെടുക്കുക- സിപിഐ (എം എൽ ) റെഡ് സ്റ്റാർ
കൽപ്പറ്റ:മുണ്ടക്കൈ-ചൂരൽമല ഉൾപ്പെടെ ദുരന്തമുഖത്തുള്ള മുഴുവൻ കുടുംബങ്ങളെയും യുദ്ധകാലാടിസ്ഥാനത്തിൽ പുനരധിവസിപ്പിക്കുക.
പുനരധിവാസത്തിൻ്റെ മറവിൽ തോട്ടം നടത്തിപ്പുകാരെ സഹായിക്കുന്ന സർക്കാർ വിടുവേല അവസാനിപ്പിക്കുക.
വിദേശ കമ്പനി ഹാരിസൺസും എൽസ്റ്റണും ഉൾപ്പെടെ തോട്ടം മാഫിയകൾ കയ്യടക്കിയ മുഴുവൻ സർക്കാർ ഭൂമിയും നിയമനിർമ്മാണത്തിലൂടെ സർക്കാർ ഏറ്റെടുക്കുക.
സിപിഐ (എം എൽ ) റെഡ് സ്റ്റാർ
പുനരധിവാസത്തിനായി സർക്കാർ ഏറ്റെടുക്കാൻ നിശ്ചയിച്ച ഭൂമി നിലവിൽ അനധികൃതമായി കൈവശം വെച്ചിരിക്കുന്നവർ നൽകിയ തടസ്സ ഹർജി തള്ളിക്കൊണ്ട് സർക്കാരിന് ഭൂമി ഏറ്റെടുക്കാം എന്ന ഹൈക്കോടതി വിധി ഭൂമിയും വീടും നഷ്ടപ്പെട്ടു നിരാലംബരായിത്തീർന്ന ദുരന്ത ബാധിതർക്ക് ആശ്വാസം നൽകുന്നതാണെന്ന് തോന്നാമെങ്കിലും, വിധിയുടെ ഭാഗമായി തോട്ടം നടത്തിപ്പുകാർക്ക് നഷ്ടപരിഹാരം കൊടുക്കണമെന്ന വ്യവസ്ഥ ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ്. അതിനാൽ അത് അപലപനീയവുമാണ്. തോട്ടം ഭൂമി നിയവിരുദ്ധമായി കയ്യടക്കിയിരിക്കുന്ന തോട്ടം മാനേജ്മെൻ്റിനെ സഹായിക്കുന്നതിന് വേണ്ടി കേരളസർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന നടപടികളുടെയും നിലപാടുകളുടെയും തുടർച്ചയെന്ന നിലയിൽ മാത്രമെ ആത്യന്തികമായി തോട്ടം മാഫിയകൾക്ക് അനുകൂലമായ ഈ വിധിയെ കാണാൻ കഴിയൂ.
മുണ്ടക്കൈ ചൂരൽമല ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് അടിയന്തിര പുനരധിവാസപദ്ധതികൾ ആരംഭിക്കണമെന്ന് കേരള ജനത ഒന്നടങ്കം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ദുരന്തമുണ്ടായി 5 മാസങ്ങൾ പിന്നിട്ടതിന് ശേഷമാണ് സാമ്പത്തികമായ ഒരു പാക്കേജും പ്രഖ്യാപിക്കാതെ ഔപചാരികമായ ഒരു പ്രഖ്യാപനം മാത്രമാണ് ഇപ്പോൾ കേന്ദ്ര സർക്കാർ നടത്തിയിരിക്കുന്നത്. സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാത്തത് കൊണ്ട് സംസ്ഥാന സർക്കാറിന് ഈ ആവശ്യത്തിന് കൂടുതൽ കടമെടുക്കാനും മറ്റ് സാമ്പത്തിക ശക്തികളുടെ സഹായം ആവശ്യപ്പെടാനുമുള്ള വഴി തുറന്നു കിട്ടി എന്നത് മാത്രമാണ് ഈ പ്രഖ്യാപനത്തിൻ്റെ ഫലം!
തോട്ടം മാനേജ്മെൻ്റുകൾക്ക് നഷ്ടപരിഹാരം കൊടുക്കാനുള്ള വിധി വന്നതിൻ്റെ തൊട്ടു പിന്നാലെ കേന്ദ്ര സർക്കാറിൻ്റെ ഈ പ്രഖ്യാപനം വന്നതും വെറും യാദൃശ്ചികമല്ല.
സംസ്ഥാനത്ത് ഹാരിസണ്‍സ് മലയാളം കമ്പനി ഉള്‍പ്പെടെ തോട്ടം മാനേജ്മെൻ്റുകളുടെ അനധികൃത കൈവശത്തിലുള്ള ഭൂമിയായതിനാൽ നിയമ നിര്‍മാണത്തിലൂടെ സര്‍ക്കാര്‍ അവ ഏറ്റെടുക്കണമെന്ന ആവശ്യത്തെ നിരാകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. സർക്കാരിന് ഉടമസ്ഥാവകാശമുള്ള നിർദ്ദിഷ്ട ഭൂമി പുനരധിവാസത്തിനായി ഏറ്റെടുക്കുന്നതിന് 1200 കോടി മുതൽ1500 കോടി വരെ രൂപയെങ്കിലും ആവശ്യമായി വരും. സർക്കാരിൻ്റെ തന്നെ ഭൂമി ഇത്രയും വലിയ തുക പൊന്നിൻ വിലകൊടുത്തു ഏറ്റെടുക്കേണ്ടി വരുന്ന സാഹചര്യമാണ് ഇതുവഴി വന്നു ചേർന്നിരിക്കുന്നത്.
ദുരന്തമുഖത്ത് നിൽക്കുന്ന മനുഷ്യരുടെ നിസ്സഹായാവസ്ഥയെ മുതലാക്കി സർക്കാർ ഏജൻസികളും തോട്ടം കുത്തകകളും ഉദ്യോഗസ്ഥ സംവിധാനങ്ങളും നിയമ സംവിധാനങ്ങളുമെല്ലാം ചേർന്ന് നടത്തുന്ന വൻ കൊള്ള മാത്രമാണിത്.
കേരളത്തിൽ ഇന്ന് മാഫിയകളും വിദേശതോട്ടം കമ്പനികളും അനധികൃതമായി കയ്യടക്കിയിട്ടുള്ള അഞ്ചേകാൽ ലക്ഷം ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം വിദേശതോട്ടം കമ്പനികൾക്ക് ഉറപ്പുവരുത്താൻ ഈ കോടതിവിധി അവരെ സഹായിക്കുമെന്നതാണ് ഏറ്റവും ഗൗരവമേറിയ വസ്തുത. അത്തരമൊരു സാഹചര്യത്തിൽ വിദേശ കമ്പനികൾ അനധികൃതമായി കൈവശം വെക്കുന്ന ഭൂമി നിയമനിർമ്മാണത്തിലൂടെ ഏറ്റെടുപ്പിക്കുന്നതിന് ആവശ്യമായ നിയമ പോരാട്ടങ്ങൾ ശക്തിപ്പെടുത്തും.
വയനാട് ദുരന്തത്തെ തുടർന്ന് സർക്കാർ സമീപനം ജനങ്ങൾക്ക് അനുകൂലമല്ലെന്ന കൃത്യമായ തിരിച്ചറിവോടെയാണ് സർക്കാർ അടിയന്തിരമായും ദീർഘകാലാടിസ്ഥാനത്തിലും നിർവ്വഹിക്കേണ്ട കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് ആഗസ്റ്റ് 27 മുതൽ CPI(ML) റെഡ് സ്റ്റാർ കല്പറ്റ കലക്ടറേറ്റിനു മുന്നിൽ അനിശ്ചിത കാല സമരം ആരംഭിക്കുന്നത്.
കലക്ടറേറ്റിനു മുന്നിലെ സമരം 127 ദിവസമാകുമ്പാൾ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ കുറ്റകരമായ അനാസ്ഥയുടെ ഒട്ടേറെ വിവരങ്ങളാണ് പുറത്തു വന്നിട്ടുള്ളത്.
ദുരന്തബാധിതരുടെ പട്ടിക കുറ്റമറ്റ രീതിയിൽ തയാറാക്കാൻ പോലും സർക്കാരിന് കഴിഞ്ഞില്ല.
ഇത്രയും ഗുരുതരമായ ദുരന്തത്തെ നേരിടേണ്ടി വന്ന മനുഷ്യരുടെ മാനസികവും ശാരീരികവും സാമൂഹികവുമായ ആരോഗ്യം മെച്ചപ്പെടുത്താനും സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനും ആവശ്യമായ അടിയന്തിരവും പ്രാഥമികവുമായി ചെയ്യേണ്ട ഉത്തരവാദിത്തം സർക്കാർ നിർവ്വഹിച്ചില്ല. കടങ്ങൾ എഴുതിത്തള്ളിയില്ല.
പുനരധിവാസവുമായി ബന്ധപ്പെട്ട ഇത്തരത്തിലുള്ള ഒട്ടേറെ പ്രശ്നങ്ങൾ സജീവമായി ഉന്നയിക്കാനും സർക്കാർ സംവിധാനങ്ങളുടെ പാളിച്ചകൾ ജനസമക്ഷം തുറന്ന് കാണിക്കാനും പാർട്ടിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ 127 ദിവസങ്ങളായി തുടർച്ചയായി നടക്കുന്ന സമരത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.
അതിലൂടെ പുനരധിവാസ പ്രശ്നത്തിൽ പല സംഘടനകളും കൂട്ടായ്മകളും രംഗത്തിറങ്ങുന്നതിന് ഈ സമരവും ഉത്തേജനമായിട്ടുണ്ട്.
ഈ പശ്ചാത്തലത്തിൽ കലക്ടറേറ്റിനു മുന്നിലെ പാർട്ടി നേതൃത്വത്തിലുള്ള സമരം അവസാനിപ്പിക്കുകയും പുനരധിവാസ അവകാശത്തിനായുള്ള പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്താനുമാണ് തീരുമാനിച്ചിട്ടുള്ളത്.
അതോടൊപ്പം വിദേശതോട്ടം മാഫിയകളും അവരുടെ ബിനാമികളും നിയമവിരുദ്ധമായി കയ്യടക്കി വച്ചിട്ടുള്ള മുഴുവൻ ഭൂമിയും സർക്കാർ നിയമ നിർമ്മാണത്തിലൂടെ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പ്രക്ഷോഭവും സംസ്ഥാന തലത്തിൽ യോജിക്കാവുന്ന മുഴുവൻ ശക്തികളെയും യോജിപ്പിച്ച് കൊണ്ട് ശക്തിപ്പെടുത്തും.
എം.പി കുഞ്ഞിക്കണാരൻ, സെക്രട്ടറി, സംസ്ഥാന കമ്മിറ്റി
കെ.വി. പ്രകാശ്, സെക്രട്ടറി,
. പി. എം. ജോർജ്ജ്, സംസ്ഥാന കമ്മിറ്റി അംഗം
. പി.ടി. പ്രേമാനന്ദ്, സംസ്ഥാന കമ്മിറ്റി അംഗം
ബിജി ലാലിച്ചൻ സംസ്ഥാന കമ്മിറ്റി അംഗം
എം.കെ. ഷിബു, ജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം. തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Leave a Reply