വയോധികനെ ഇടിച്ച് നിർത്താതെ പോയ സ്പോർട്സ് ബൈക്കും ബൈക്ക് ഓടിച്ച അരുണാചൽ സ്വദേശിയായ റൈഡറേയും പിടികൂടി _ അരുണാചലിലേക്ക് രക്ഷപ്പെടുന്നതിനിടെ ഊട്ടിയിൽ നിന്നാണ് പിടിയിലായത്
കൽപ്പറ്റ: വയോധികനെ ഇടിച്ച് നിർത്താതെ പോയ സ്പോർട്സ് ബൈക്കും ബൈക്ക് ഓടിച്ച അരുണാചൽ സ്വദേശിയായ റൈഡറേയും ഊട്ടിയിൽ നിന്ന് കൽപ്പറ്റ പോലീസ് പിടികൂടി. ചൊവ്വാഴ്ച രാവിലെയാണ് ഊട്ടിയിൽ നിന്ന് അരുണാചൽ പ്രദേശ്, വെസ്റ്റ് സിയാൻങ് ജില്ലയിലെ ആലോ സ്വദേശി ന്യാകി ലോല്ലൻ (27) നേയും, ഇയാൾ ഉപയോഗിച്ച TN 37 BU 0073 രജിസ്ട്രേഷൻ നമ്പറിലുള്ള R15 ബൈക്കും കസ്റ്റഡിയിൽ എടുത്തത്. ഇയാൾ അരുണാചലിലേക്ക് രക്ഷപെടുമ്പോഴാണ് പിടിവീഴുന്നത്. നമ്പർ ബോർഡിൽ കൃത്രിമത്വമുണ്ടായിട്ടും 200 അധികം ക്യാമറകൾ പരിശോധിച്ചാണ് റൈഡറെയും ബൈക്കിനെയും വലയിലാക്കിയത്.
ഈ മാസം പതിനെട്ടാം തീയതി വൈകുന്നേരം നാല് മണിയോടുകൂടി കൽപ്പറ്റ പഴയ സ്റ്റാൻഡ് പരിസരത്ത് വെച്ചാണ് സംഭവം. ബസ്സിനെ ഇടതു സൈഡിലൂടെ മറികടന്ന് അമിത വേഗത്തിൽ വന്ന ബൈക്ക് വഴിയാത്രക്കാരനായ താമരശ്ശേരി കൂടരഞ്ഞി സ്വദേശിയായ പൗലോസിനെയാണ് ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയത്. സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കൃത്യമായ അന്വേഷണം നടത്തി. ജില്ലയ്ക്കകത്തും പുറത്തുമായി 200ലധികം സിസിടിവി ക്യാമറകൾ നിരീക്ഷിച്ചും സ്പോർട്സ് ബൈക്കുകൾ ഉപയോഗിക്കുന്നവരെ നിരീക്ഷിച്ചും ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും ശക്തമായ അന്വേഷണം നടത്തിയതിൽ നിന്നുമാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്.
കൽപ്പറ്റ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി. ജെ. ബിനോയിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സി.കെ. നൗഫൽ, കെ.കെ.വിപിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Leave a Reply