കാണാതായവരുടെ കുടുംബങ്ങള്‍ക്കുള്ളമരണാനന്തര സഹായം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും*
കൽപ്പറ്റ :ദുരന്തത്തില്‍ കാണാത്തായവരുടെ പട്ടിക പ്രകാരം മൃതദേഹം ഇനിയും തിരിച്ചറിയാത്ത, കണ്ടെത്താന്‍ കഴിയാത്തവരുടെ കുടുംബങ്ങള്‍ക്കുള്ള മരണാനന്തര ധനസഹായം വേഗത്തില്‍ നല്‍കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ.രാജന്‍. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഔദ്യോഗികമായ കണക്ക് പ്രകാരം ഉരുള്‍ദുരന്തത്തില്‍ ഇത് വരെ മരണപ്പെട്ടത് 263 പേരാണ്. ഡി.എന്‍.എ പരിശോധനയിലൂടെ 96 പേരുടെ മൃതദേഹങ്ങളാണ് ഇത് വരെ തിരിച്ചറിഞ്ഞത്. കാണാതായവരില്‍ നിലവില്‍ 35 പേരെ ഇനിയും കണ്ടെത്താനുണ്ട്. രാജീവ് ഗാന്ധി ബയോ ടെക്നോളജി സെന്ററില്‍ നിലവില്‍ 100 സാമ്പിളുകള്‍ ഡി.എന്‍.എ പരിശോധനക്കായിട്ടുണ്ട്. നിലവില്‍ കാണാതായ 35 പേരുടെ ലിസ്റ്റ് റവന്യൂ, പഞ്ചായത്ത്, പോലീസ് അധികൃതരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാനന്തവാടി സബ് കളക്ടര്‍ പ്രസിദ്ധീകരിക്കും. തുടര്‍ന്ന് ജില്ലാ കളക്ടര്‍ സംസ്ഥാന സര്‍ക്കാറിലേക്ക് മരണ സ്ഥിരീകരണത്തിനായി ലിസ്റ്റ് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ലിസ്റ്റ് പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പട്ടിക സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ അറിയിക്കാം. അന്തിമ ലിസ്റ്റ് സര്‍ക്കാരിന്റെ വെബ്‌സൈറ്റ്, ഗസറ്റ്, രണ്ട് ദിനപത്രങ്ങള്‍, വില്ലേജ് -താലൂക്ക്, പഞ്ചായത്ത് ഓഫീസുകളില്‍ പ്രസിദ്ധീകരിക്കും. തുടര്‍ന്ന് പട്ടികയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്തില്‍ മരണ സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യും. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്ര സമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, ലാന്റ് റവന്യൂ കമ്മീഷണര്‍ ഡോ.എ. കൗശികന്‍, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, അസിസ്റ്റന്റ് കളക്ടര്‍ എസ്. ഗൗതംരാജ്, എ.ഡി.എം കെ. ദേവകി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ്, ഡെപ്യൂട്ടി കളക്ടര്‍മാര്‍, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Leave a Reply