പച്ചക്കറി കൃഷി തിരിച്ചുപിടിക്കാൻ വയനാടൻ പാടശേഖരങ്ങൾ
പനമരം∙ പച്ചക്കറി കൃഷി തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ കൊയ്ത്തു കഴിഞ്ഞ പല പാടശേഖരങ്ങളിലും കർഷകർ ശീതകാല പച്ചക്കറി കൃഷിയിറക്കി. പ്രളയ ശേഷം വിവിധ കാരണങ്ങളാൽ നിലച്ച പച്ചക്കറി പെരുമ വീണ്ടും തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവാക്കളടക്കം കൃഷിയിലേക്ക് ഇറങ്ങുന്നത്. 10 വർഷം മുൻപ് വരെ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ പച്ചക്കറികൾ വിളയിച്ച പനമരം പഞ്ചായത്തിലെ നീർവാരം, അമ്മാനി, ദാസനക്കര, കല്ലുവയൽ പ്രദേശങ്ങളിലാണ് വീണ്ടും പച്ചക്കറി കൃഷി പൂർവാധികം ശക്തിയോടെ തിരിച്ചു വരാൻ ഒരുങ്ങുന്നത്.
കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലും തരിശായി കിടക്കുന്ന കരഭൂമിയിലും വിവിധങ്ങളായ പച്ചക്കറികളാണ് കൃഷിയാരംഭിച്ചത്. ആറുമാസം കൊണ്ട് തന്നെ കുറഞ്ഞ സ്ഥലത്തു നിന്ന് കൂടുതൽ വരുമാനം ഉണ്ടാക്കാൻ കഴിയുന്ന കൃഷിയാണ് പച്ചക്കറി കൃഷി. പന്തലും ജലസേചന സൗകര്യം ഒരുക്കുന്നതിനുമാണ് ചെലവ് കൂടുതലായി വരുന്നത്. രോഗ പ്രതിരോധശേഷിയും ദീർഘകാല വിളവും നൽകുന്ന അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങളാണു പലരും കൃഷിക്കായി ഉപയോഗിക്കുന്നത്. പാവൽ, പയർ, പടവലം തുടങ്ങിയ കൃഷിയാണ് നടത്തുന്നതിൽ ഏറെയും.





Leave a Reply