May 28, 2026

പുൽമേടുകൾക്ക് തീയിട്ട പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

0
Img 20250219 204957
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: നോർത്ത് വയനാട് വനം ഡിവിഷനിലെ തൃശ്ശിലേരി സെക്ഷനിൽ പുൽമേടുകൾക്ക് തീയിട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തൃശ്ശിലേരി അണക്കെട്ടിന് സമീപത്തെ സെറ്റിൽമെന്റ് കോളനിയിലെ സുധീഷ് കുമാർ (32) ആണ് പിടിയിലായത്. തലപ്പുഴ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എ.കെ. ജയരാജനാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

 

കഴിഞ്ഞ ദിവസം ഡി.എഫ്.ഒ. കെ.ജെ. മാർട്ടിൻ ലോവലിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം സുധീഷിനെ കസ്റ്റഡിയിലെടുത്തിരുന്നു. കുരിശുകുത്തിമലയിലും കമ്പമലയിലുമുണ്ടായ തീപ്പിടിത്തം മനുഷ്യനിർമ്മിതമാണെന്ന സംശയത്തെ തുടർന്ന് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിരുന്നു. കമ്പമലയിൽ തീ കെടുത്തുന്നതിനിടെ മുത്തുമാരി വനത്തിലും തീ പടർന്നു. തീ പടർന്ന സ്ഥലത്ത് നിന്ന് ഒരാൾ ഓടിപ്പോകുന്നത് കണ്ട വനപാലകസംഘം ഇയാളെ പിന്തുടർന്നു. കാട്ടാനയുള്ള പ്രദേശത്തേക്ക് ഓടി മറഞ്ഞ ഇയാൾ പിന്നീട് തിരിച്ചുവരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വനപാലകസംഘം കാത്തിരുന്നു. തുടർന്ന്, ഉൾവനത്തിൽ നിന്ന് രണ്ടു വാച്ചർമാർ സാഹസികമായി സുധീഷിനെ പിടികൂടുകയായിരുന്നു. തീയിടാൻ ഉപയോഗിച്ച ലൈറ്ററും കത്തിയും ബാഗും ഉദ്യോഗസ്ഥർ കണ്ടെടുത്തു.

 

നിരവധി പോലീസ് കേസുകളിൽ പ്രതിയാണ് സുധീഷ്. പോലീസിൽ നിന്ന് ഒളിച്ചുകഴിയാനാണ് വനത്തിൽ കഴിഞ്ഞതെന്നും വന്യമൃഗങ്ങളെ പേടിച്ചാണ് തീയിട്ടതെന്നുമാണ് ഇയാൾ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയെന്നാണ് സൂചന. ഇയാളെ മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) റിമാൻഡ് ചെയ്തു.

 

കഴിഞ്ഞ ദിവസങ്ങളിൽ തീയിട്ടതിനെ തുടർന്ന് നോർത്ത് വയനാട് വനം ഡിവിഷനിലെ തലപ്പുഴ ഫോറസ്റ്റ് സെക്ഷനിലെ കുരിശുകുത്തിമലയിൽ ഏകദേശം നാല് ഹെക്ടറും തൃശ്ശിലേരി സെക്ഷനിൽ 12 ഹെക്ടറും പുൽമേടുകൾ കത്തി നശിച്ചിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *