April 17, 2026

ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസം: സര്‍ക്കാര്‍ കമ്മീഷന്‍ ഏജന്റായി മാറരുത്- പി കെ ഉസ്മാന്‍ 

0
Img 20250223 Wa0071
By ന്യൂസ് വയനാട് ബ്യൂറോ

 

മേപ്പാടി: സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായ ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പ്പൊട്ടലിന് ഇരകളായവരുടെ പുനരധിവാസം, സാമ്പത്തിക നേട്ടത്തിനുള്ള ഉപാധിയാക്കി മാറ്റരുതെന്നും സര്‍ക്കാര്‍ കമ്മിഷന്‍ ഏജന്റായി മാറരുതെന്നും എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍. ‘ദുരന്തബാധിതരുടെ പുനരധിവാസം ത്വരിതപ്പെടുത്തുക, വിവേചന രഹിതമാക്കുക’ എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മിറ്റി മേപ്പാടിയില്‍ സംഘടിപ്പിച്ച സമരപ്രഖ്യാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദുരന്തമുണ്ടായി ആറു മാസത്തിലേറെയായിട്ടും ഇരകളുടെ പുനരധിവാസം പൂര്‍ത്തിയാക്കാനാവാത്തത് സര്‍ക്കാരിന്റെ ആസൂത്രണമില്ലായ്മയാണ് വിളിച്ചോതുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള നഷ്ടപരിഹാരം തന്നെ വിവേചനപരമാണ്. കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് വീടും സ്ഥലവും നല്‍കുന്നതിനൊപ്പം അതിന്റെ പൂര്‍ണ ഉടമസ്ഥാവകാശവും അവര്‍ക്കു നല്‍കേണ്ടതുണ്ട്. ദുരിതബാധിതര്‍ക്ക് അവകാശപ്പെട്ട മുഴുവന്‍ നഷ്ടപരിഹാരവും ലഭിക്കുന്നതും വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഇരകളായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അത് സര്‍ക്കാര്‍ ചെയ്യും എന്ന വിശ്വാസത്തിലാണ് ലോകമെമ്പാടുമുള്ള മനുഷ്യസ്‌നേഹികള്‍ തങ്ങളാലാവും വിധമുള്ള സഹായങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിച്ചത്. ഇത് മറന്നുകൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും ജില്ലാ പ്രസിഡന്റ് എ യൂസുഫ് കുറ്റപ്പെടുത്തി.

സമര പ്രഖ്യാപന സംഗമത്തില്‍ എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി, സംസ്ഥാന സെക്രട്ടറിമാരായ കൃഷ്ണന്‍ എരഞ്ഞിക്കല്‍, പി ജമീല, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ടി നാസര്‍, പോരാട്ടം സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ഷാന്റോലാല്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് പി എച്ച് ഫൈസല്‍, ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് പഞ്ചാര, ആദിവാസി അവകാശ പ്രവര്‍ത്തക ഗൗരി എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *