പൂഴിത്തോട്-പടിഞ്ഞാറത്തറ ബദൽ പാത ജനകീയ കർമ്മ സമിതി പ്രതിരോധ സദസ്സ് സംഘടിപ്പിക്കും
പടിഞ്ഞാറത്തറ: പൂഴിത്തോട്-പടിഞ്ഞാറത്തറ ബദൽ പാതയുടെ സർവ്വേ നടപടികൾ ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതിഷേധിച്ച് ജനകീയ കർമ്മ സമിതിയുടെ നേതൃത്വത്തിൽ ഏപ്രിൽ 6-ന് ജനകീയ പ്രതിരോധ സദസ്സ് സംഘടിപ്പിക്കുന്നു. വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരം കാണുന്നതിനും ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം ഒഴിവാക്കുന്നതിനും ബദൽ പാതയുടെ നിർമ്മാണം അനിവാര്യമാണെന്ന് കർമ്മ സമിതി ചൂണ്ടിക്കാട്ടി.
മുൻപ് മുണ്ടക്കൈ-ചൂരൽമല ദുരന്തമുണ്ടായ പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. എന്നാൽ, ഈ പ്രദേശത്തിന് സമീപം തുരങ്കപാത നിർമ്മിക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. കൂടാതെ, പാതയ്ക്ക് വേണ്ടി ഭൂമി വിട്ടുനൽകിയവർക്ക് മതിയായ നഷ്ടപരിഹാരം നൽകുന്നതിലും അധികൃതർ വീഴ്ച വരുത്തുന്നുവെന്ന് കർമ്മ സമിതി ആരോപിച്ചു.
പടിഞ്ഞാറത്തറ പാത കടന്നുപോകുന്ന പ്രദേശം അപൂർവ്വ ജീവികളുടെ ആവാസകേന്ദ്രമാണെന്ന വാദത്തെ കർമ്മ സമിതി ചോദ്യം ചെയ്തു. തുരങ്കപാത കടന്നുപോകുന്ന പ്രദേശത്ത് ഏഷ്യയിൽ തന്നെ അപൂർവ്വമായ ബാണാസുര ചിലപ്പൻ പക്ഷിയുടെ ആവാസവ്യവസ്ഥയെക്കുറിച്ച് അധികൃതർ മൗനം പാലിക്കുന്നത് ഇരട്ടത്താപ്പാണെന്ന് കർമ്മ സമിതി കുറ്റപ്പെടുത്തി.
തുടർ ദിവസങ്ങളിൽ സമാന ചിന്താഗതിക്കാരായ സംഘടനകളുടെ സഹകരണത്തോടെ സമരം ശക്തമാക്കുമെന്നും വയനാട് എം.പി. പ്രിയങ്ക ഗാന്ധി, വടകര എം.പി. ഷാഫി പറമ്പിൽ, മന്ത്രി മുഹമ്മദ് റിയാസ്, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവർക്ക് നേരിട്ട് നിവേദനം നൽകുമെന്നും കർമ്മ സമിതി അറിയിച്ചു.
പടിഞ്ഞാറത്തറയിൽ ചേർന്ന കർമ്മ സമിതി യോഗത്തിൽ സാജൻ തുണ്ടിയിൽ, കുറ്റിയിൽ, പി.ജെ. ഉലഹന്നാൻ, ആലിക്കുട്ടി സി.കെ., പ്രകാശ് കുമാർ വി., ഹുസൈൻ യു.സി., ഷമീർ കടവണ്ടി, ഹംസ അയികാരൻ, ബിനു, ചീഫ് കോർഡിനേറ്റർ കമൽ ജോസഫ്, അസീസ് കളത്തിൽ, ബെന്നി മാണിക്കോത്ത് തുടങ്ങിയവർ സംസാരിച്ചു.




Leave a Reply