ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിന് സംസ്ഥാന പുരസ്‌കാരം
മേപ്പാടി:സംസ്ഥാനത്തെ ഏറ്റവും മികച്ച ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിനുള്ള പുരസ്‌കാരം ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിന് ലഭിച്ചു.ധനം മാഗസിനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി ഘടകവും സംയുക്തമായി ഏര്‍പ്പെടുത്തിയ ധനം ഹെല്‍ത്ത് കെയര്‍ സമ്മിറ്റ് 2025ലാണ് പുരസ്‌ക്കാരം ലഭിച്ചത്.ചൂരല്‍മല – മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇവിടെ ചികിത്സ തേടിയ 400 ല്‍ പരം രോഗികള്‍ക്ക് ഏറ്റവും മികച്ച പരിചരണം ഉറപ്പുവരുത്തിയതും മരണാസന്നരായ ഒട്ടനവധി ജീവനുകളെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞതും ചികിത്സയുടെ ഏകോപനത്തില്‍ കൊണ്ടുവന്ന ശാസ്ത്രീയതയും ഈ പുരസ്‌കാരത്തിന് അര്‍ഹമാക്കി.
അത്യാധുനികമായി സജ്ജീകരിച്ച 100 കിടക്കകള്‍ ഉള്‍പ്പെട്ട യൂണിറ്റില്‍ 24 മണിക്കൂറും
ജനറല്‍ മെഡിസിന്‍(ഫിസിഷ്യന്‍) അനസ്‌തേസ്യ, പള്‍മോണോളജി (ശ്വാസകോശരോഗം), കാര്‍ഡിയോളജി (ഹൃദ്രോഗം) എന്നീ വിഭാഗങ്ങളുടെ ലഭ്യത ഉള്ളത്‌കൊണ്ട് തന്നെ മരണ നിരക്ക് കുറയ്ക്കുവാനും വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തുവാനും സാധിക്കുന്നു. കൊച്ചിയില്‍ വെച്ച് നടന്ന ചടങ്ങില്‍ എ എച് പി ഐ ജനറല്‍ ഡയറക്ടറും ബോര്‍ഡ് മെമ്പറുമായ ഡോ. ഗിരിധര്‍ ഗ്യാനി, യു എന്‍ ദുരന്ത നിവാരണ അതോറിറ്റി ഡയറക്ടര്‍ മുരളി തുമ്മറുകുടി എന്നിവരില്‍ നിന്നും ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് അനസ്‌തേസ്യ വിഭാഗം അസോസിയേറ്റ് പ്രൊഫസറും ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ടുമായ ഡോ.അരുണ്‍ അരവിന്ദ്, ഓപ്പറേഷന്‍സ് വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ.ഷാനവാസ് പള്ളിയാല്‍ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.




Leave a Reply