സുഗന്ധഗിരി മരംമുറി: ട്രൈബല്‍ വാച്ചര്‍ മാത്രം പുറത്ത്
കല്‍പ്പറ്റ : വൈത്തിരി സുഗന്ധഗിരി മരം മുറി കേസുമായി ബന്ധപ്പെട്ടു വനംവകുപ്പില്‍ നിന്നു സസ്‌പെഷനിലായ ഗോത്രവിഭാഗം വാച്ചര്‍ ആര്‍. ജോണ്‍സനെ മാത്രം ഒരു വര്‍ഷമായിട്ടും തിരിച്ചെടുത്തില്ല. സംഭവത്തില്‍ സസ്‌പെഷനിലായ 9 പേരില്‍ 8 പേരെയും വിവിധ ഘട്ടങ്ങളിലായി സര്‍വീസില്‍ തിരിച്ചെടുത്തിരുന്നു. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്നു ഫീസ് അടയ്ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ മീനങ്ങാടി പോളി ടെക്‌നിക്കില്‍ പഠനം നടത്തിയിരുന്ന മകന്‍ പഠനം നിര്‍ത്തി കൂലിപ്പണിക്കു പോവുകയാണിപ്പോള്‍.
സുഗന്ധഗിരി ഭൂമിയില്‍ നിന്നു 20 മരങ്ങള്‍ മുറിക്കാന്‍ നല്‍കിയ അനുമതിയില്‍ ഇരുനൂറോളം മരങ്ങള്‍ മുറിച്ചെന്ന കേസ് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെഷനില്‍ ആയിരുന്ന ഡിഎഫ്ഒ , ഫ്‌ലയിം സ്‌ക്വാഡ് റേഞ്ച് ഓഫിസര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എന്നിവരെ സസ്‌പെന്‍ഷനു ശേഷം അധികം താമസിയാതെ തിരിച്ചെടുത്തിരുന്നു. കല്‍പറ്റ റേഞ്ച് ഓഫിസര്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍, മറ്റൊരു വാച്ചര്‍ എന്നിവരെയും പിന്നീട് തിരിച്ചെടുത്തു.ഒരു വര്‍ഷം ആയിട്ടും ആദിവാസി വാച്ചര്‍ ആര്‍.ജോണ്‍സനെ മാത്രം തിരിച്ചെടുത്തില്ല. കഴിഞ്ഞ മാര്‍ച്ച് 30ന് ആയിരുന്നു ജോണ്‍സനെ സസ്‌പെന്‍ഡ് ചെയ്തത്.സുഗന്ധഗിരി പദ്ധതിയില്‍ ആദിവാസികള്‍ക്കു പതിച്ചു നല്‍കിയ ഭൂമിയിലാണ് ജോണ്‍സനും ഭാര്യയും 2 മക്കളുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. തൊഴിലുറപ്പു ജോലിക്കു പോകുന്ന ഭാര്യയുടെ വരുമാനവും സസ്‌പെന്‍ഷന്‍ കാലയളവില്‍ പിഎഫിലേയ്ക്കുള്ള തുകയും മറ്റും കഴിഞ്ഞ് കിട്ടുന്ന തുക വീട്ടു ചെലവിനു തികയാത്ത സാഹചര്യത്തിലാണു മകന്‍ കൂലിപ്പണിക്കു പോകുന്നതെന്നു ജോണ്‍സന്റെ ഭാര്യ പറഞ്ഞു.സസ്‌പെന്‍ഷനു ശേഷം തിരിച്ചെടുത്ത ഉദ്യോഗസ്ഥരില്‍ ചിലരെ കുറ്റവിമുക്തമാക്കുകയും മറ്റുള്ളവര്‍ക്ക് കുറ്റപത്രം നല്‍കുകയും ചെയ്യാത്ത സാഹചര്യത്തിലാണ് ഏറ്റവും താഴ്ന്ന തസ്തികയിലുള്ള വാച്ചറുടെ സസ്‌പെന്‍ഷന്‍ നീണ്ടുപോകുന്നത്. ജോലിയില്‍ തിരിച്ചെടുക്കണമെന്നു കാണിച്ച് ജോണ്‍സന്‍ മേലുദ്യോഗസ്ഥരെ പല തവണ കണ്ടിരുന്നു.




Leave a Reply