എടവക ഗ്രാമപഞ്ചായത്ത് 2025-26 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു
മാനന്തവാടി: എടവക ഗ്രാമപഞ്ചായത്ത് 2025-26 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. കാർഷിക മേഖല, തൊഴിലുറപ്പ് പദ്ധതികൾ, ക്ഷീരവികസനം, കുടിവെള്ള ലഭ്യത, റോഡ് വികസനം, പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനം എന്നിവയ്ക്ക് മുൻഗണന നൽകിയാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്.
നെൽകൃഷിയും കന്നുകാലി വളർത്തലും മുഖ്യതൊഴിലായി സ്വീകരിച്ചിട്ടുള്ള കർഷകർക്ക് സഹായകരമാകുന്ന നിരവധി പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായി 3 കോടി 32 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ജനങ്ങൾക്ക് ഉപകാരപ്രദമായ പദ്ധതികൾ നടപ്പിലാക്കുന്നതിന് 3 കോടി 36 ലക്ഷം രൂപയും റോഡ് വികസനത്തിനായി 9.5 കോടി രൂപയും ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. ഗ്രാമീണ ടൂറിസം വികസനത്തിന് 10 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
കൂടാതെ, വയോജനക്ഷേമത്തിനായി 30 ലക്ഷം രൂപയും കുട്ടികളുടെ ക്ഷേമത്തിനായി 40 ലക്ഷം രൂപയും ഗോത്രവിദ്യാർത്ഥികളുടെ ഉന്നമനത്തിനായി 15 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. അർഹരായ എല്ലാവർക്കും വീട് നൽകുന്നതിനായി 4 കോടി രൂപയും സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ മേഖലയ്ക്ക് 70 ലക്ഷം രൂപയും ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.
യുവജനങ്ങളെ കലാ-കായിക രംഗത്തേക്ക് കൊണ്ടുവരുന്നതിനായി 25 ലക്ഷം രൂപയും വിദ്യാലയങ്ങൾ ഹൈടെക് ആക്കുന്നതിന് 33 ലക്ഷം രൂപയും കുടിവെള്ളം ലഭ്യമാക്കുന്നതിനായി 40 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
പൊതുശുചിത്വത്തിനും മാലിന്യ സംസ്കരണത്തിനുമായി 40 ലക്ഷം രൂപയും, വയോജന ക്ഷേമ പ്രവർത്തനങ്ങൾക്കായി 15 ലക്ഷം രൂപയും, ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായി 32 ലക്ഷം രൂപയും ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.
5,20,16,160 രൂപ വരവും, 5,15,00,200 രൂപ ചിലവും, 5,15,8160 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.





Leave a Reply