September 17, 2026

പാറമടകൾ ജനജീവിതം ദുസ്സഹമാക്കുന്നു; മുള്ളൻകൊല്ലിയിൽ പ്രതിഷേധം ശക്തം

0
Ei1w50q42618
By ന്യൂസ് വയനാട് ബ്യൂറോ

പാറമടപ്രവർത്തനങ്ങൾക്കെതിരെ മുള്ളൻകൊല്ലിയിൽ പ്രതിഷേധം ശക്തമാകുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി പഞ്ചായത്തിൽ കൂൺ പോലെ മുളച്ചുപൊന്തുന്ന പാറമടകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് മുള്ളൻകൊല്ലി മണ്ഡലം കോൺഗ്രസ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പാടിച്ചിറയിലെ പാറമട ഉഗ്രസ്ഫോടനങ്ങളിലൂടെ സമീപത്തെ വീടുകൾക്ക് വലിയ നാശനഷ്ടം ഉണ്ടാക്കുന്നുവെന്ന് യോഗം വിലയിരുത്തി. ജനങ്ങളുടെയും ജനപ്രതിനിധികളുടെയും പരാതികൾ അധികൃതർ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പാറമട പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചക്കെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്നും കോൺഗ്രസ് അറിയിച്ചു.

 

പുതിയ പാറമടകൾ ആരംഭിക്കാൻ സി.പി.എം നേതൃത്വത്തിൽ നീക്കം നടക്കുന്നുണ്ടെന്നും ഇതിന് പിന്നിൽ വൻ അഴിമതിയുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു. സംസ്ഥാന ഭരണകക്ഷി നേതാക്കളുടെ നേതൃത്വത്തിലുള്ള സംഘം പാറമടക്കാർക്ക് ആവശ്യമായ അനുമതികൾ നേടിക്കൊടുക്കാൻ പ്രവർത്തിക്കുന്നുണ്ട്. ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ കാലത്ത് 200 മീറ്ററായിരുന്ന പാറമടകളുടെ ദൂരപരിധി 50 മീറ്ററാക്കി കുറച്ചത് ജനജീവിതം ദുസ്സഹമാക്കിയെന്നും യോഗം വിലയിരുത്തി.

 

സംസ്ഥാന-കേന്ദ്ര നിയമങ്ങളുടെ പിൻബലത്തിൽ പാറമടകൾക്ക് ലൈസൻസ് നൽകുമ്പോൾ ഗ്രാമപഞ്ചായത്തുകളുടെ അഭിപ്രായം തേടാത്ത സർക്കാർ നിലപാട് പൊതുസമൂഹം ചർച്ച ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ഷിനോ തോമസ് കടുപ്പിൽ അധ്യക്ഷത വഹിച്ച യോഗം ഡി.സി.സി ജനറൽ സെക്രട്ടറി എൻ.യു. ഉലഹന്നാൻ ഉദ്ഘാടനം ചെയ്തു. ആദിവാസി കോൺഗ്രസ് ദേശീയ കോർഡിനേറ്റർ ഇ.എ. ശങ്കരൻ മുഖ്യപ്രഭാഷണം നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *