വീര്‍ ജവാന്‍ തലച്ചിറ ജനീഷ് സ്മൃതി മണ്ഡപം എം പി ഉദ്ഘാടനം ചെയ്തു
മാനന്തവാടി: കേരളത്തിലെ പഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് മാതൃകയാണെന്ന് പ്രിയങ്കാഗാന്ധി എം പി. എടവക ഗ്രാമപഞ്ചായത്തിലെ എള്ളുമന്ദത്ത് വീര്‍ ജവാന്‍ തലച്ചിറ ജനീഷ് സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ്കുട്ടി ബ്രാന്‍ അധ്യക്ഷനായി.ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, മുന്‍മന്ത്രി പി കെ ജയലക്ഷ്മി, എച്ച് ബി പ്രദീപ്മാസ്റ്റര്‍, ഗിരിജാ സുധാകരന്‍, വിനോദ് തോട്ടത്തില്‍, ജെന്‍സി ബിനോയി, ഷിഹാബ് ആയത്ത്, എന്‍ അനില്‍കുമാര്‍, ബിജോള്‍ കെ വി തുടങ്ങിയവര്‍ സംബന്ധിച്ചു.
വീര്‍ ജവാന്‍ ജനീഷിന്റെ മാതാവ് മേരി സെബാസ്റ്റ്യനെയും, സ്മൃതിമണ്ഡപം നിര്‍മ്മിക്കാന്‍ സ്ഥലം അനുവദിച്ച കുഞ്ഞിരാമന്‍ നായര്‍ മെമ്മോറിയല്‍ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികളായ സി കെ അനന്തരാം, സി കെ ശാന്തി, പി പ്രദീപ്കുമാര്‍, സി കെ വിബിന്‍ എന്നിവരെയും ആദരിച്ചു.
മഹാത്മാഗാന്ധി രാജ്യത്തെ ഓരോരുത്തരുടേയും സ്വാതന്ത്ര്യത്തെ കുറിച്ചാണ് സംസാരിച്ചത്. കരുത്തുറ്റ പഞ്ചായത്ത് സംവിധാനമെന്നത് മഹാത്മജിയുടെ സ്വപ്നമായിരുന്നു. പിതാവ് രാജീവ്ഗാന്ധി പഞ്ചായത്തീരാജ് നടപ്പിലാക്കിയതോടെ ആ സ്വപ്നം സഫലമാവുകയായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു. എടവക ഗ്രാമപഞ്ചായത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മാലിന്യരഹിത പഞ്ചായത്ത് എന്ന എടവകയുടെ നേട്ടം വലിയപ്രാധാന്യമര്‍ഹിക്കുന്നതാണ്. ഹരിതകര്‍മ്മസേനയിലെ സഹോദരിമാരുടെ പ്രയത്നം ഇതിന് പിന്നിലുണ്ട്. അവരെ അഭിനന്ദിക്കുകയാണെന്നും എം പി പറഞ്ഞു. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച മകന് വേണ്ടി സ്മാരകം പണിയണമെന്ന പിതാവിന്റെ ആഗ്രഹം നടപ്പിലാക്കി കൊടുത്ത പഞ്ചായത്തിന്റെ നടപടി ശ്ലാഘനീയമാണ്. അതിന് സ്ഥലം അനുവദിച്ച കുഞ്ഞിരാമന്‍ നായര്‍ മെമ്മോറിയല്‍ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിനെയും അഭിനന്ദിക്കുന്നു. വീര ജവാനായ ജനീഷിന്റെ ധൈര്യത്തിനും ധീരതക്കും മുമ്പില്‍ നമിക്കുകയാണ്. ആ ഓര്‍മ്മകള്‍ നൊമ്പരപ്പെടുത്തുന്നതാണ്. 20-ാമത്തെ വയസിലാണ് ജനീഷ് സൈന്യത്തില്‍ ചേരുന്നത്. 2003-ലാണ് കശ്മീരിലെ രജൗറിയില്‍ വെച്ച് ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ മരിക്കുന്നത്. മരണാനന്തരം 2004ല്‍ സേന മെഡല്‍ നല്‍കി. ഇപ്പോള്‍ 22 വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. ഇത്രയും വര്‍ഷങ്ങള്‍ക്കിപ്പുറം സ്മൃതിമണ്ഡപം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ ജനീഷിന്റെ മാതാവിന്റെ കണ്ണ് നിറയുന്നത് കാണാനായി. നഷ്ടപ്പെട്ടത് ഒരിക്കലും തിരിച്ചുനല്‍കാനാവില്ല. അമ്മയെന്ന നിലയിലും, രക്തസാക്ഷിയുടെ മകളെന്ന നിലയിലും ആ അമ്മയുടെ വേദനകള്‍ മനസിലാക്കുന്നു. രാജ്യത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ചവരാണവര്‍. നമ്മുക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത് രക്തസാക്ഷികളുടെ പോരാട്ടം കൊണ്ടാണ്. ഓരോ സ്മാരകങ്ങളും എത്രയോ മനുഷ്യരുടെ ത്യാഗത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളാണെന്നും പ്രിയങ്ക പറഞ്ഞു.





Leave a Reply