ചെമ്പ്ര പീക്ക് വെട്ടിപ്പ്: അന്വേഷണം അട്ടിമറിക്കാൻ നീക്കം
കൽപറ്റ: ചെമ്പ്ര പീക്ക് ഇക്കോ ടൂറിസം കേന്ദ്രത്തിൽ നടന്ന ലക്ഷങ്ങളുടെ സാമ്പത്തിക വെട്ടിപ്പ് കേസിൽ ദുരൂഹ നീക്കങ്ങൾ നടക്കുന്നതായി റിപ്പോർട്ട്. മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട ചിലരും കോഴിക്കോട്ടെ ഒരു ഉന്നത രാഷ്ട്രീയ നേതാവും കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം. വനംവകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമം നടക്കുന്നതായാണ് വിവരം. വെട്ടിപ്പ് കണ്ടെത്തിയ ഉദ്യോഗസ്ഥരെ പ്രതിയാക്കാനുള്ള നീക്കങ്ങളും ഇപ്പോൾ നടക്കുന്നുണ്ട്.കോഴിക്കോട് വിജിലൻസ് ഫ്ലയിങ് സ്ക്വാഡും പോലീസുമാണ് നിലവിൽ ചെമ്പ്ര വെട്ടിപ്പ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ വർഷം സൗത്ത് വയനാട് ഡി.എഫ്.ഒ, റേഞ്ച് ഓഫീസർ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് വെട്ടിപ്പ് കണ്ടെത്തിയത്. ചെമ്പ്ര പീക്ക് ട്രക്കിംഗ് ഫീസിനത്തിൽ 2024 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ലഭിച്ച തുക ഏപ്രിൽ മാസമായിട്ടും സൗത്ത് വയനാട് ഡി.എഫ്.ഒയുടെ പ്രത്യേക അക്കൗണ്ടിൽ എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സാമ്പത്തിക തിരിമറി പുറത്തറിയുന്നത്. 2021 ഓഗസ്റ്റ് മുതൽ 2024 ഏപ്രിൽ വരെയുള്ള കാലയളവിൽ 16,01,931 രൂപയുടെ കുറവുണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് അന്നത്തെ വയനാട് ഡി.എഫ്.ഒ ഷജ്ന കരീമിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി നഷ്ടപ്പെട്ട പണം തിരികെ അടപ്പിക്കുകയും മൂന്ന് വനം ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. പിന്നീട് എഫ്.ഡി.എ അന്വേഷണ കമ്മീഷൻ അന്വേഷണം നടത്തുകയും തുടർന്ന് കോഴിക്കോട് ഫ്ലയിങ് സ്ക്വാഡിന് അന്വേഷണം കൈമാറുകയും ചെയ്തു.
ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ.കീർത്തിയുടെ നേതൃത്വത്തിലുള്ള സംഘം മൂന്ന് തവണ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും കൂടുതൽ വ്യക്തത ആവശ്യപ്പെട്ട് വനം വിജിലൻസ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ തിരിച്ചയച്ചു. ചെമ്പ്ര ഫണ്ട് വെട്ടിപ്പ് കണ്ടെത്തിയ ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയിൽ ചേർക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. 2008ൽ ആരംഭിച്ച വയനാട് ചെമ്പ്ര പീക്ക് ഇക്കോ ടൂറിസം കേന്ദ്രത്തിൽ കഴിഞ്ഞ ഡി.എഫ്.ഒയുടെ നേതൃത്വത്തിലാണ് സ്ഥിരം വനം സംരക്ഷണ സമിതി രൂപീകരിക്കുന്നത്. ഇതേ ഡി.എഫ്.ഒയുടെ നേതൃത്വത്തിലാണ് ഫണ്ട് ഓഡിറ്റിന് വിധേയമാക്കാൻ നിർദ്ദേശിച്ചതും. എന്നാൽ രജിസ്റ്റർ പരിശോധിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഡി.എഫ്.ഒ, റേഞ്ച് ഓഫീസർ അടക്കമുള്ളവരെ ഇപ്പോൾ പ്രതിപ്പട്ടികയിൽ ചേർക്കാൻ ശ്രമം നടത്തുന്നത്.
പ്രമാദമായ മുട്ടിൽ മരംമുറി കേസിൽ മരങ്ങൾ കണ്ടുകെട്ടിയതും കോടതിയിൽ വനംവകുപ്പിൻ്റെ ഭാഗത്ത് നിന്നുള്ള മേൽനോട്ടം വഹിച്ചതുമെല്ലാം ഇതേ ഉദ്യോഗസ്ഥരായിരുന്നു. ഇതിൻ്റെ പ്രതികാരമായാണ് ചെമ്പ്ര തട്ടിപ്പ് അന്വേഷണത്തിൽ ചില ഉന്നത ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് ബാഹ്യ ഇടപെടലുകൾ നടക്കുന്നതെന്ന ആരോപണം ശക്തമായിട്ടുണ്ട്. കോഴിക്കോട്ടെ ഒരു ഉന്നത രാഷ്ട്രീയ നേതാവ് അനധികൃതമായി കൈവശം വച്ചിരുന്ന ഇ.എഫ്.എൽ പരിധിയിലുള്ള മേപ്പാടി റെയിഞ്ചിൽപ്പെട്ട ഭൂമി തിരിച്ചുപിടിച്ചതും വയനാട്ടിലെ അന്നത്തെ ഉന്നത ഉദ്യോഗസ്ഥരായിരുന്നു. ഇതിലുള്ള പ്രതികാരവും സുഗന്ധഗിരി മരംമുറി കേസിലും ചെമ്പ്ര പീക്ക് ഫണ്ട് വെട്ടിപ്പ് കേസിലും ഇവരെ പ്രതിചേർക്കാൻ വനംവകുപ്പിൻ്റെ ഉന്നത തലത്തിൽ ശക്തമായ സമ്മർദ്ദം ചെലുത്തുന്നതായാണ് ആരോപണം.
അതേസമയം, വയനാട്ടിൽ വനം മാഫിയക്കെതിരെ ശക്തമായ ഇടപെടൽ നടത്തുന്ന ഉന്നത ഉദ്യോഗസ്ഥരെ മനഃപൂർവ്വം ബലിയാടാക്കാനുള്ള ശ്രമത്തിനെതിരെ അസോസിയേഷൻ ഓഫ് ഗസറ്റഡ് ഫോറസ്റ്റ് ഓഫീസേഴ്സ് സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയ്ക്കും വനം മന്ത്രിക്കും പരാതി നൽകി. ഒരു വ്യക്തി നിയമവിരുദ്ധമായി കൈവശം വച്ച ഇ.എഫ്.എൽ ഭൂമി തിരിച്ചുപിടിച്ചതിന് പ്രതികാരമായി സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ ചെമ്പ്ര പീക്ക് ഫണ്ട് വെട്ടിപ്പിൽ ഉൾപ്പടെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നതായി കത്തിൽ പറയുന്നു.





Leave a Reply