സി.പി.എം.-ബി.ജെ.പി. ബന്ധം മറനീക്കി പുറത്തുവന്നുവെന്ന് ഡി.സി.സി.; രാഹുൽ ഗാന്ധിയെ ദുർബലപ്പെടുത്തുന്നത് ബി.ജെ.പി.യെ സഹായിക്കാൻ
കൊച്ചി: മതേതര ശക്തികളെ ഒരുമിപ്പിച്ച് സംഘപരിവാറിൻ്റെ ന്യൂനപക്ഷവിരുദ്ധ നടപടികൾക്കെതിരെ പോരാടുന്ന രാഹുൽ ഗാന്ധിയെ ദുർബലപ്പെടുത്തുന്ന സമീപനം സി.പി.എം. സ്വീകരിക്കുന്നത് ബി.ജെ.പി.യെ സഹായിക്കാനാണെന്ന് ഡി.സി.സി. ആരോപിച്ചു. സി.പി.എം.-ബി.ജെ.പി. ബന്ധം മറനീക്കി പുറത്തുവന്ന സാഹചര്യത്തിൽ പ്രകാശ് കാരാട്ടിനെ കേരളത്തിൽ കൊണ്ടുവന്ന് രാജ്യം ഭരിക്കുന്ന ബി.ജെ.പി. വർഗ്ഗീയ ഫാസിസ്റ്റ് അല്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയിപ്പിച്ചത് വരും തിരഞ്ഞെടുപ്പുകളിൽ കേരളത്തിൽ അധികാരത്തിൽ വരാൻ ബി.ജെ.പി.-ആർ.എസ്.എസിനെ കൂട്ടുപിടിക്കുന്നതിനു വേണ്ടിയാണെന്നും ഡി.സി.സി. കുറ്റപ്പെടുത്തി.
മതേതരത്വം പ്രസംഗിക്കുകയും സ്വകാര്യമായി ബി.ജെ.പി. ബന്ധം പുലർത്തുകയും ചെയ്യുന്ന സി.പി.എമ്മിന് ഇത് പറയാൻ അവകാശമില്ലെന്ന് ഡി.സി.സി. അഭിപ്രായപ്പെട്ടു. സി.പി.എം. ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനകൾ മതേതര ജനാധിപത്യ വിശ്വാസികൾ അംഗീകരിക്കില്ല. എന്നാൽ, പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിൻ്റെ ഇന്നലത്തെ പ്രസ്താവനയിൽ കോൺഗ്രസിനെ മാറ്റി നിർത്തിക്കൊണ്ട് വർഗീയ ഫാസിസ്റ്റുകളെ നേരിടാൻ ഇന്ത്യയിലെ മതേതര കക്ഷികൾക്ക് സാധിക്കില്ല എന്ന് പറഞ്ഞത് രാജ്യത്തിലെ ഇന്നത്തെ അവസ്ഥ മനസ്സിലാക്കിയാണെന്നും ഡി.സി.സി. നേതൃയോഗം വിലയിരുത്തി.
രണ്ടാം തീയതി അവതരിപ്പിക്കുന്ന ബില്ലിന് ഒന്നാം തീയതി ഉച്ചയ്ക്ക് കാര്യോപദേശക സമിതി അംഗീകാരം നൽകുന്ന ജനാധിപത്യ വിരുദ്ധ നടപടിയെ ചോദ്യം ചെയ്യാത്ത സി.പി.എം., ബിൽ അവതരിപ്പിക്കാൻ തീരുമാനിക്കുന്നതിന് മുൻപ് സ്പീക്കർക്ക് അവധി എഴുതിക്കൊടുത്ത് വിദേശത്ത് പോയ പ്രിയങ്ക ഗാന്ധിയെ കുറ്റപ്പെടുത്തുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണെന്നും ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ പറഞ്ഞു.





Leave a Reply