സിപിഐ എം വയനാട് മാര്‍ച്ച് മെയ് 18 മുതല്‍ 27വരെ
ജില്ലയുടെ വികസന ആവശ്യങ്ങള്‍ ഉയര്‍ത്തിയും കേന്ദ്രാവഗണനക്കെതിരെയും സിപിഐ എം പ്രക്ഷോഭം. ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ മെയ് 18 മുതല്‍ 27വരെ വയനാട് മാര്‍ച്ച് നടത്തും. ജില്ല അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങള്‍ ഉന്നയിച്ചുള്ള ജില്ലാ കാല്‍ നട ജാഥ എട്ട് ഏരിയകളില്‍ പര്യടനം നടത്തും. ജില്ലയെ ബാധിക്കുന്ന മുഴുവന്‍ വിഷയങ്ങളും ഉയര്‍ത്തിയുള്ള പ്രക്ഷോഭത്തിന്റെ ഒരുക്കളാരംഭിച്ചു.ജില്ലാ മാര്‍ച്ച് വലിയ ബഹുജന മുന്നേറ്റമായി മാറും. തുടര്‍പ്രക്ഷോഭങ്ങള്‍ നടത്തുമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ് പറഞ്ഞു.
മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതരോടുള്‍പ്പെടെയുള്ള കേന്ദ്രത്തിന്റെ കൊടുംക്രൂരതയും അവഗണനയും തുറന്നുകാണിക്കും. ദുരന്ത പുനരധിവാസത്തിനും വന്യമൃഗശല്യ പ്രതിരോധത്തിനും സംസ്ഥാനം കേന്ദ്രത്തിന് സമര്‍പ്പിച്ച പ്രത്യേക പാക്കേജുകള്‍ അംഗീകരിക്കുക, വനം വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുക, രാത്രിയാത്രാ നിരോധം നീക്കാന്‍ കേന്ദ്ര, കര്‍ണാടക സര്‍ക്കാരുകള്‍ അനുകൂല നിലപാട് സ്വീകരിക്കുക, ബദല്‍പാതകള്‍ക്ക് കേന്ദ്രാനുമതി നല്‍കുക, വയനാട് റെയില്‍വേ പദ്ധതികള്‍ യാഥാര്‍ത്യമാക്കുക, കേരളത്തെ സാമ്പത്തീകമായി ഞെരുക്കുന്ന നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം.
പിണറായി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളോട് വിശദീകരിക്കും.
കേന്ദ്രം സാമ്പത്തീകമായി ഞെരുക്കുമ്പോഴും സമാനതകളില്ലാത്ത വികസന പദ്ധതികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ ടൗണ്‍ഷിപ്പിന് തറക്കല്ലിട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കേന്ദ്രം നയാപൈസ അനുവദിക്കാത്തപ്പോഴും കേരളത്തിന്റെ തനത് പദ്ധതിയായാണ് ടൗണ്‍ഷിപ് ഒരുക്കുന്നത്. മാനന്തവാടിയിലെ ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ത്തി ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. സൂപ്പര്‍ സ്പെഷ്യാലിറ്ററികള്‍ സ്ഥാപിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊണ്ടുവന്നും വിദ്യാലയങ്ങള്‍ ഹൈടെക്കാക്കിയും വിദ്യാഭ്യാസ മേഖലയ്ക്ക് കുതിപ്പ് പകര്‍ന്നു. റോഡുകള്‍ ആധുനിക നിലവാരത്തിലായി. വന്യമൃഗശല്യത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന് ചെയ്യാവുന്നതെല്ലാം നടപ്പാക്കുകയാണ്. വനം, കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരുപോലെ ഉത്തരവാദിത്വമുള്ള കണ്‍കറന്റ് ലിസ്റ്റിലായിട്ടും വന്യമൃഗ ശല്യപ്രതിരോധത്തിന് കേന്ദ്ര സഹായമില്ല.





Leave a Reply