വിജ്ഞാനവും കൗതുകവും പകർന്ന് ജില്ലാ ജയിൽ സ്റ്റാൾ
കൽപ്പറ്റ: ജില്ലയിൽ ആദ്യമായി ഒരുക്കിയ ജില്ലാ ജയിലിന്റെ തീം സ്റ്റാൾ വിജ്ഞാനവും കൗതുകവും നിറച്ച് ശ്രദ്ധ നേടുന്നു. ജയിൽ ജീവിതത്തെക്കുറിച്ചും അവിടുത്തെ സൗകര്യങ്ങളെക്കുറിച്ചും പൊതുജനങ്ങൾക്ക് നേരിട്ട് മനസ്സിലാക്കാൻ അവസരമൊരുക്കുന്ന സ്റ്റാളിൽ ഇ.എം.എസ്., എ.കെ.ജി. തുടങ്ങിയ നേതാക്കളുടെ ജയിൽവാസക്കാലത്തെ കൈയെഴുത്ത് രേഖകളും പ്രദർശിപ്പിച്ചിട്ടുണ്ട്.
ജില്ലാ ജയിലിന്റെ മാതൃകയിലുള്ള കവാടം, മതിലുകൾ, സെല്ലുകൾ, തൂക്കുമരത്തിന്റെ മാതൃക എന്നിവ സ്റ്റാളിൽ ഒരുക്കിയിരിക്കുന്നത് സന്ദർശകർക്ക് പുതിയൊരനുഭവമാണ്. ഒരേ സമയം രണ്ടുപേരെ തൂക്കിലേറ്റാൻ സൗകര്യമുള്ള കേരളത്തിലെ ഏക ജയിലായ കണ്ണൂർ സെൻട്രൽ ജയിലിനെക്കുറിച്ചുള്ള വിവരങ്ങളും ഇവിടെയുണ്ട്.
ഇ.എം.എസ്., എ.കെ.ജി. എന്നിവരുടെ ജയിൽ രജിസ്റ്ററുകൾ, പരോൾ അപേക്ഷകൾ, പ്രമുഖ വ്യക്തികളുടെ സന്ദർശന രജിസ്റ്ററിലെ കുറിപ്പുകൾ എന്നിവ ചരിത്രപരമായ കാഴ്ചകളാണ്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ പാർപ്പിക്കുന്ന കണ്ടംഡ് സെൽ, തടവുകാർക്ക് സംസാരിക്കാനായി രൂപീകരിച്ച സ്മാർട്ട് കാർഡ് ഉപകരണം, പരാതിപ്പെട്ടികൾ എന്നിവയും സ്റ്റാളിൽ പരിചയപ്പെടുത്തുന്നു. കഴിഞ്ഞ ഒമ്പത് വർഷത്തെ ജയിൽ വകുപ്പിന്റെ നേട്ടങ്ങളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
കൂടാതെ, സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യമായി നിലവിൽ വന്ന കൂത്തുപറമ്പ് സ്പെഷ്യൽ സബ് ജയിൽ, തവനൂർ സെൻട്രൽ ജയിലിന്റെ ഉദ്ഘാടന വിവരങ്ങൾ, സംസ്ഥാനത്ത് തൂക്കിലേറ്റപ്പെട്ടവരുടെ ലിസ്റ്റ്, വിവിധ ശിക്ഷാരീതികൾ, തടവുകാരുടെ അവധികൾ തുടങ്ങി ജയിൽ വകുപ്പിന്റെ ചരിത്രം സമഗ്രമായി ഈ സ്റ്റാളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. പൊതുജനങ്ങൾക്ക് ജയിലിനെക്കുറിച്ച് നിലവിലുള്ള തെറ്റിദ്ധാരണകൾ മാറ്റാനും കൂടുതൽ അറിയാനും ഈ സ്റ്റാൾ ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തൽ.





Leave a Reply